Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 17 February 2012 10:32

ശാസ്ത്രമേളയും ഒളിമ്പിക്‌സും

Written by  ചീഫ്‌ എഡിറ്റര്‍
Rate this item
(8 votes)

കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസിന്റെ ഏഴ് കിലോ മീറ്റര്‍ അകലെ ട്രെയിന്‍ എത്തുമ്പോള്‍ ലെവല്‍ക്രോസില്‍ സന്ദേശം ലഭിക്കുന്നു. ട്രെയിന്‍ ഒരു കിലോമീറ്റര്‍ അടുത്തെത്തിയാല്‍ ഗെയിറ്റ് താനെ അടയും. വാഹനങ്ങള്‍ പാളത്തില്‍ കുടുങ്ങിയാല്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലൂടെ ആ ചിത്രം റെയില്‍വേ സ്റ്റേഷനിലെ ടെലിവിഷനില്‍ എത്തും. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ട്രെയിന്‍ നിര്‍ത്താന്‍ സന്ദേശം നല്കി അപകടം ഒഴിവാക്കാനും കഴിയും. കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസുകളില്‍ അശ്രദ്ധകൊണ്ടും അല്ലാതെയുമൊക്കെ ധാരാളം അപകട വാര്‍ത്തകള്‍ കേട്ടിട്ടുള്ള കേരളീയരെ സംബന്ധിച്ച് ഈ വിവരം കേള്‍ക്കുമ്പോള്‍ ആശ്വാസമാണ് ഉണ്ടാകുന്നത്. ഇത് റെയില്‍വേ വികസിപ്പിച്ചെടുത്ത പുതിയ ടെക്‌നോളജിയല്ല. കഴിഞ്ഞ മാസം പാലക്കാട് നടന്ന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ അവതരിപ്പിച്ച ഒരു പ്രൊജക്ടാണ്. ഇതുപോലെ ധാരാളം പദ്ധതികള്‍ ഭാവിയിലെ ശാസ്ത്രജ്ഞന്‍മാര്‍ അവിടെ അവതരിപ്പിച്ചിരുന്നു. കോഴി അവശിഷ്ടങ്ങളില്‍നിന്ന് ബയോഡീസല്‍, മാലിന്യത്തില്‍ നിന്ന് വൈദ്യുതി, ഇപ്പോള്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ കൊണ്ട് ടൈല്‍സ് മുതല്‍ കട്ടിള വരെ ഉണ്ടാക്കാന്‍ കഴിയുന്ന സംവിധാനം, കൊതുകുകളെ തുരത്താന്‍ പ്രകൃതിദത്തമായ മരുന്ന്, വീട്ടുമുറ്റത്തുണ്ടാകുന്ന പപ്പായ കൊണ്ട് മുഖത്തു തേയ്ക്കാനുള്ള ക്രീമും ഷാംപൂവും തുടങ്ങി ഏതാണ്ട് 145 ഇനം സാധനങ്ങള്‍ നിര്‍മ്മിക്കാനുള്ള ടെക്‌നോളജി എന്നിവ അവിടെ അവതരിപ്പിക്കപ്പെട്ട ഏതാനും ചില മാതൃകകള്‍ മാത്രം.

ശാസ്ത്രമേളയില്‍ അവതരിപ്പിക്കപ്പെട്ട പല പ്രൊജക്ടുകളും കാണുമ്പോള്‍ പ്രോത്സാഹനം ലഭിക്കുകയാണെങ്കില്‍ മേളയില്‍ പങ്കെടുത്ത ചിലരെങ്കിലും വരുംകാലത്ത് രാജ്യം ശ്രദ്ധിക്കുന്നവരായി മാറുമെന്നതില്‍ സംശയമില്ല. അതിലുപരി അവര്‍ അവതരിപ്പിച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ വര്‍ത്തമാനകാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന മാലിന്യസംസ്‌കരണത്തിനു വരെ പ്രതിവിധിയുമാകും. മുന്‍ വര്‍ഷങ്ങളിലെ ശാസ്ത്രമേളകളിലും ഇതുപോലെതന്നെ ശ്രദ്ധിക്കപ്പെടുന്ന ധാരാളം പ്രൊജക്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവയുടെ സാധ്യതകളെപ്പറ്റി പിന്നീട് കാര്യമായ വിലയിരുത്തലുകളോ പഠനങ്ങളോ നടന്നോ എന്നതില്‍ സംശയമുണ്ട്. ഈ വിധത്തിലുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ല. മാലിന്യത്തില്‍ നിന്ന് വൈദ്യുതിയും കോഴി അവശിഷ്ടങ്ങളില്‍ നിന്ന് ബയോഡീസലും പ്ലാസ്റ്റിക് സംസ്‌കരണവുമൊക്കെ യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ അത് രാജ്യത്തുണ്ടാക്കുന്ന വളര്‍ച്ച വലുതായിരിക്കും.

ഏതൊരു കണ്ടുപിടുത്തത്തിന്റെയും ആരംഭം മനസില്‍ രൂപംകൊള്ളുന്ന ആശയങ്ങളില്‍ നിന്നായതിനാല്‍ ആ രീതിയില്‍ ചിന്തിക്കാന്‍ കഴിയുന്നു എന്നതുതന്നെ വലിയ കാര്യമാണ്. അങ്ങനെയുള്ളവര്‍ക്ക് അവസരങ്ങള്‍ നല്കിയാല്‍ ഫലം പ്രവചനാതീതമായിരിക്കും. ശാസ്ത്രമേളയില്‍ അവതരിപ്പിച്ച എല്ലാ പ്രൊജക്ടുകളും സൂക്ഷ്മപരിശോധനയില്‍ ഉദ്ദേശിച്ച ഫലം ചെയ്തില്ലെങ്കില്‍പ്പോലും ആ രീതിയില്‍ ചിന്തിക്കാന്‍ കഴിയുന്നുണ്ടെന്നതുതന്നെ ഗൗരവത്തോടെ കാണേണ്ടതാണ്. മാലിന്യനിര്‍മ്മാജ്ജനം വലിയൊരു പ്രതിസന്ധിയായി മുന്നില്‍ നില്ക്കുമ്പോള്‍ മാലിന്യങ്ങള്‍ക്കുപോലും വലിയ ഉപയോഗമുണ്ടെന്ന കാഴ്പ്പാടുകളെ അവതരിപ്പിക്കുന്നവരെ വളര്‍ത്തിക്കൊണ്ടുവരുവാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. അതിനാല്‍ ഗവണ്‍മെന്റ് തലത്തില്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്.
ഇങ്ങനെയുള്ള ധാരാളം പ്രതിഭകള്‍ നമ്മുടെ സ്‌കൂളുകളിലുണ്ടെന്ന അറിവു ഏറെ അഭിമാനിക്കാന്‍ വകനല്കുന്നതാണ്.

പക്ഷേ കുട്ടികളുടെ കഴിവുകള്‍ ഇതുപോലെയുള്ള മേളകളില്‍ അവതരിപ്പിക്കാനുള്ളതായി പലപ്പോഴും ചുരുങ്ങുന്നു. അത് മനസിലാകണമെങ്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടുകള്‍ അവതരിപ്പിച്ച എത്ര പേര്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും ആ മേഖലയില്‍ വളരാനും സാധിച്ചിട്ടുണ്ടെന്നത് പരിശോധിച്ചാല്‍ മതി. കഴിവുകള്‍ വളര്‍ത്താന്‍ കഴിയുന്ന രീതിയിലുള്ള കോഴ്‌സുകള്‍ക്കു പോലും പലര്‍ക്കും ചേരാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. സംസ്ഥാനത്ത് സാധാരണക്കാര്‍ മുതല്‍ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരില്‍നിന്ന് വരെ ധാരാളം കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. വിവിധ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉപകരണങ്ങളെപ്പറ്റിയൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്ത വരാറുണ്ട്. പിന്നീട് ആ കണ്ടുപിടിത്തങ്ങള്‍ക്ക് എന്തു സംഭവിച്ചെന്നോ അവ വ്യവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതായിട്ടോ കേട്ടിട്ടില്ല. മിക്കവാറും അങ്ങനെയുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് പ്രോത്സാഹനമോ അംഗീകാരമോ ലഭിക്കാറില്ല. ഈ വിധത്തിലുള്ള സമീപന രീതികള്‍ മാറണം.

കായികരംഗത്താണെങ്കിലും ദേശീയതലത്തില്‍ കഴിവുതെളിയിച്ചവരില്‍ പലരും കുറെകഴിയുമ്പോള്‍ എങ്ങുമെത്താതെ ആ രംഗംതന്നെ ഉപേക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് സാമ്പത്തികഅടിത്തറ ഇല്ലാത്തവര്‍. ചില അവികസിത ആഫ്രിക്കന്‍ രാജ്യങ്ങളുടെ പേര് പുറംലോകം കേള്‍ക്കുന്നത് അവര്‍ ഒളിമ്പിക്‌സുപോലുള്ള കായികമേളയില്‍ മെഡലുകള്‍ വാരിക്കൂട്ടുമ്പോഴാണ്. ആ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഏറെ പുരോഗമിച്ച നമ്മുടെ രാജ്യം അതുപോലെയുള്ള മേഖലകളില്‍ പിന്നോക്കം പോകുന്നതിന്റെ കാരണം കഴിവുള്ളവര്‍ ഇല്ലാത്തതിനാലല്ല. മറിച്ച്, അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തതിനാലാണ്. 2008 ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍റൈഫിള്‍സില്‍ സ്വര്‍ണമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ അഭിനവ് ബിന്ദ്ര സ്വന്തം നിലയിലായിരുന്നു പരിശീലനം നടത്തിയിരുന്നതെന്ന് പറയുമ്പോള്‍ കായികമേഖലക്ക് രാജ്യം നല്കുന്ന പ്രാധാന്യക്കുറവിനെയാണ് കാണിക്കുന്നത്. ബിന്ദ്ര സമ്പന്നനായതിനാലും സ്‌പോണ്‍സര്‍മാരെ ലഭിച്ചതിനാലുമാണ് അങ്ങനെ സാധിച്ചത്. ഓരോ മേഖലയിലും കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന അംഗീകാരവും നേട്ടവുമൊക്കെ രാജ്യത്തിനാണ് ലഭിക്കുന്നതെന്ന ചിന്തയിലേക്ക് എത്താന്‍ കഴിയാതെ പോകുന്നതാണ് പ്രശ്‌നം.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.