മാന്ത്രിക കണ്ണാടിയുമായാണ് അയാള്‍ ആ ഗ്രാമത്തിലെത്തിയത്. കണ്ണാടി ഹൃദയത്തിന് നേരെ പിടിച്ചാല്‍ അതിലൂടെ ഹൃദയത്തിന്റെ ചിത്രം കാണാന്‍ കഴിയുമെന്ന് അയാള്‍ അവകാശപ്പെട്ടു. അങ്ങനെ ഗ്രാമത്തിലെ ഏറ്റവും ഭംഗിയുള്ള ഹൃദയത്തിന്റെ ഉടമയെ കണ്ടെത്താന്‍ കഴിയുമെന്ന് അയാള്‍ പറഞ്ഞു. വിവരമറിഞ്ഞ് ആളുകള്‍ ഓടിക്കൂടി. തങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥ എന്താണെന്ന് അറിയാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ടായിരുന്നു. ആരായിരിക്കും ആ ഭാഗ്യവാന്‍ എന്ന ചിന്ത അവരുടെ ആകാംക്ഷ വര്‍ധിപ്പിച്ചു. തന്റെ ഹൃദയമായിരിക്കും ഏറ്റവും നല്ലതെന്ന് പലരും മനസില്‍ വിചാരിച്ചു. അതിനുള്ള കാരണങ്ങളും അവര്‍ സ്വയം കണ്ടെത്തി. എങ്കിലും അതു പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ചിത്രത്തില്‍ നോക്കുമ്പോള്‍ ഉള്ളിലുള്ള സ്വാര്‍ത്ഥതയും കപടതയുമൊക്കെ പുറത്താകുമോ എന്ന ഭയവും പലര്‍ക്കും ഉണ്ടായിരുന്നു. 
അവസാനം വിധി വന്നു. ഗ്രാമത്തിലുള്ള ഒരു ചെറുപ്പക്കാരനാണ് ഏറ്റവും മനോഹരമായ ഹൃദയത്തിന്റെ ഉടമ. കാരണം, അതില്‍ എന്തെങ്കിലും വിധത്തിലുള്ള പാടോ പോറലുകളോ ഇല്ല. അതു കേട്ടപ്പോള്‍ അയാള്‍ തെല്ലൊരു അഹങ്കാരത്തോടെ എല്ലാവരെയും നോക്കി. പലര്‍ക്കുമത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. കാരണം, അനുകമ്പയോ സ്‌നേഹമോ ഇല്ലാത്ത രീതിയിലാണ് ചെറുപ്പക്കാരന്‍ ജീവിച്ചിരുന്നത്. എങ്കിലും ആരും തീരുമാനത്തെ ചോദ്യംചെയ്തില്ല. അപ്പോഴാണ് ഗ്രാമത്തിലെ വൃദ്ധനായ ഒരു മനുഷ്യന്‍ അവിടെ എത്തിയത്. തെരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത അദ്ദേഹത്തെ കണ്ണാടിയുടെ മുന്‍പില്‍ നിര്‍ത്തി ഹൃദയം പരിശോധിച്ചു. ഹൃദയത്തിന്റെ ചിത്രം കാണാന്‍ ആളുകള്‍ തിരക്കുകൂട്ടി. ചിത്രം കണ്ടപ്പോള്‍ ചെറുപ്പക്കാരന്‍ ഉറക്കെ ചിരിച്ചു. കാരണം, ആ ഹൃദയത്തിന് യാതൊരു ഭംഗിയും ഉണ്ടായിരുന്നില്ല. അതില്‍ നിറയെ പാടുകളും മുറിവുകളും വരകളുമായിരുന്നു. ''എന്റെ ഹൃദയവുമായി താരതമ്യം ചെയ്യാന്‍പോലും സാധിക്കില്ല. അതില്‍ ഒരു പാടുപോലുമില്ല. ഇത് ഗ്രാമത്തിലെ മോശം ഹൃദയമാണ്'' അയാള്‍ പറഞ്ഞു.
''എന്റെ ഹൃദയത്തില്‍ കാണുന്ന പാടുകളും വരകളുമൊക്കെ മറ്റുള്ളവരെ ഞാന്‍ സ്‌നേഹിച്ചതിന്റെ അടയാളങ്ങളാണ്. ഹൃദയത്തില്‍ പൊട്ടിയൊലിക്കുന്ന മുറിവുകള്‍ അവര്‍ക്കുവേണ്ടി സഹിച്ച ത്യാഗങ്ങളുടെ പ്രതീകങ്ങളാണ്'' വൃദ്ധന്‍ പറഞ്ഞു.
ഗ്രാമത്തിലെ ഏറ്റവും നല്ല ഹൃദയത്തിന്റെ ഉടമ ആരെന്ന കാര്യത്തില്‍ പിന്നീട് അവരുടെ ഇടയില്‍ തര്‍ക്കം ഉണ്ടായില്ല.
മറ്റുള്ളവരെ സ്‌നേഹിച്ചതിന്റെ അടയാളങ്ങള്‍ നമ്മുടെ ഹൃദയത്തിലുണ്ടോ എന്ന് പരിശോധിക്കണം.
Read 1546 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.