``ആന്റി ഈ പണമൊന്ന് എണ്ണി നോക്കുമോ? പാവയ്‌ക്ക് പണം തികയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.'' ആശുപത്രിയുടെ സമീപത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറുമ്പോഴാണ് കാഷ്യറോട് സംശയം പ്രകടിപ്പിച്ചുകൊണ്ട് ഒരു പാവയും കൈയിലേന്തിനിന്ന 10 വയസുകാരന്‍ അതു പറഞ്ഞത്. പണം എണ്ണിയതിനുശേഷം അവര്‍ പറഞ്ഞു: ``മോനേ, ഇതു തികയില്ലല്ലോ.'' അതു കേട്ടതേ പാവ അവിടെ വച്ചിട്ട് ദുഃഖത്തോടെ അവന്‍ തിരിച്ചുനടന്നു. പെട്ടെന്ന് ഉള്‍പ്രേരണ ഉണ്ടായതുപോലെ അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് ആ സ്‌ത്രീ ചോദിച്ചു, ``ആര്‍ക്കുവേണ്ടിയാണ് ഈ പാവ?'' 
``അടുത്ത ആഴ്‌ചയിലാണ് അനുജത്തിയുടെ ജന്മദിനം. കഴിഞ്ഞ ആഴ്‌ച അവള്‍ ഈശോയുടെ അടുത്തേക്ക് പോയി. അമ്മയും ഉടനെ അവിടേക്കു പോകുമെന്നാണ് പപ്പ പറഞ്ഞത്. അമ്മയുടെ കൈയില്‍ അവള്‍ക്ക് ഇത് കൊടുത്തുവിടുന്നതിനാണ് ഞാന്‍ ആശുപത്രിയില്‍നിന്നും പെട്ടെന്നു വന്നത്. എന്നാലും അമ്മ പോകേണ്ടായിരുന്നു'' വളരെ വിഷമത്തോടെയാണ് അവന്‍ പറഞ്ഞത്.
അതു കേട്ടപ്പോള്‍ അവര്‍ പറഞ്ഞു: ``എങ്കില്‍ നമുക്കൊന്നുകൂടി പണം എണ്ണി നോക്കിയാലോ?'' പണം കൊടുത്തപ്പോള്‍ അവന്‍ കാണാതെ അവരുടെ കയ്യിലിരുന്ന കുറച്ചുപണം അതിന്റെയൊപ്പം വച്ചു. എണ്ണിനോക്കിയിട്ട് ആ സ്‌ത്രീ പറഞ്ഞു, ``ഇപ്പോള്‍ പൈസ അധികമാണല്ലോ.''
``അതുകൊണ്ട് അമ്മയ്‌ക്ക് റോസാപ്പൂവ് വാങ്ങാം. അമ്മയ്‌ക്ക് വലിയ ഇഷ്‌ടമാണ്. പാവ വാങ്ങുന്നതിനുള്ള പണം തരണമെന്ന് ഞാന്‍ ഇന്നലെ രാത്രി ഈശോയോടു പറഞ്ഞിരുന്നു. പക്ഷേ, പൂവിനുള്ള പണം ചോദിക്കാന്‍ മറന്നു. ഈശോ ഓര്‍ത്തതുകൊണ്ടാണ് അതിനുള്ള പണവും തന്നത്.'' എന്നിട്ട് പോക്കറ്റിലുണ്ടായിരുന്ന ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു:}``ഞാന്‍ ചിരിച്ചുകൊണ്ടുനില്‌ക്കുന്ന ഈ ഫോട്ടോ അമ്മയുടെ കൈയില്‍ അനുജത്തിക്ക് കൊടുത്തുവിടും. ഞാന്‍ സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ അവള്‍ എന്നെ തിരിച്ചറിയുന്നതിനാണിത്.'' പൂവും പാവയും വാങ്ങി സന്തോഷത്തോടെയാണ് അവ ന്‍ പോയത്. സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലേക്ക് കയറിയപ്പോള്‍ രണ്ടു ദിവസം മുമ്പു വായിച്ച പത്രവാര്‍ത്ത പെട്ടെന്ന് അവരുടെ മനസിലേക്ക് വന്നു. കാറില്‍ ലോറി ഇടിച്ചു വാഹനം ഓടിച്ചിരുന്ന സ്‌ത്രീ അതീവ ഗുരുതരാവസ്ഥയിലാണെന്നും മൂന്നു വയസുകാരിയായ മകള്‍ തല്‍ക്ഷണം മരിച്ചെന്നുമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്ന വിവരവും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
അപകടത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന സ്‌ത്രീ തലേന്നു രാത്രിയില്‍ മരിച്ച വിവരം പിറ്റേദിവസത്തേ പത്രത്തിലുണ്ടായിരുന്നു. മൃതസംസ്‌കാരത്തിന് തൊട്ടുമുമ്പാണ് അവര്‍ മരണവീട്ടില്‍ എത്തിയത്. മൃതശരീരത്തില്‍ റോസപ്പൂവിനൊപ്പം അവന്റെ ഫോട്ടോയും ആ പാവയും വച്ചിരുന്നു.
മദ്യപിച്ചും അശ്രദ്ധയോടും വാഹനമോടിക്കുമ്പോള്‍ ഇല്ലാതാകുന്നത് അനേകരുടെ പ്രിയപ്പെട്ടവരാണെന്നത് മറക്കരുത്.
Read 1773 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.