ഹെന്‍ട്രിക്ക് ഏഴു വയസുള്ളപ്പോഴാണ് അവരുടെ ഭവനത്തില്‍ ടെലിഫോണ്‍ കണക്‌ഷന്‍ ലഭിച്ചത്. പപ്പ ടെലിഫോണ്‍ എക്‌സ്‌ചെയ്‌ഞ്ചിലെ എന്‍ക്വയറിയിലേക്ക് വിളിച്ച് സ്ഥാപനങ്ങളുടെ നമ്പറുകള്‍ വാങ്ങുന്നത് അവന്‍ കാണാറുണ്ടായിരുന്നു. എല്ലാറ്റിനും ഉത്തരം ലഭിക്കുന്ന ഇടമാണ് അതെന്നായിരുന്നു അവന്‍ വിചാരിച്ചത്. ഒരു ദിവസം അമ്മ അയല്‍വീട്ടിലേക്ക് പോയപ്പോള്‍ ചുറ്റിക എടുത്ത് കളിക്കുന്നതിനിടയില്‍ കൈവിരല്‍ ചതഞ്ഞു. വേദനസഹിച്ചിരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. എക്‌സ്‌ചെയ്‌ഞ്ചില്‍ നിന്നാണെന്നു കേട്ടപ്പോള്‍, അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു, ``എന്റെ വിരല്‍ മുറിഞ്ഞു.'' വീട്ടില്‍ മറ്റാരുമില്ലേ എന്നായിരുന്നു കരുണയോടെയുള്ള മറുചോദ്യം. ഇല്ലെന്നു പറഞ്ഞപ്പോള്‍, രക്തംവരുന്നുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. അതിനും ഇല്ലെന്നവന്‍ മറുപടി പറഞ്ഞു. ഫ്രിഡ്‌ജില്‍നിന്ന് ഐസെടുത്ത് മുറിവില്‍ വയ്‌ക്കണമെന്ന് പറഞ്ഞുകൊണ്ടാണ് മറുഭാഗത്തുനിന്നും ആ സ്‌ത്രീ സംഭാഷണം അവസാനിപ്പിച്ചത്.
കണക്കിലെയും സയന്‍സിലെയും സംശയങ്ങള്‍ തുടങ്ങി പിന്നീടവനറിയില്ലാത്ത എല്ലാക്കാര്യങ്ങള്‍ക്കും ഉത്തരംതേടിക്കൊണ്ടിരുന്നത് എന്‍ക്വയറിയില്‍ വിളിച്ചായിരുന്നു. പിറന്നാളിന് അങ്കിള്‍ സമ്മാനിച്ച കാറിന്റെ നിറംമുതല്‍ അവന്റെ ചെറിയ വിശേഷങ്ങള്‍വരെയും പറയുമായിരുന്നു. അവന്റെ പ്രിയപ്പെട്ട തത്ത കൂട്ടില്‍ ചത്തുകിടക്കുന്നതാണ് ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടത്. വലിയ വിഷമത്തോടെയാണ് ഹെന്‍ട്രി എക്‌സ്‌ചെയ്‌ഞ്ചിലേക്ക് വിളിച്ചത്. മനോഹരമായി പാടുന്ന പക്ഷികള്‍ ചാകുന്നതിന്റെ കാരണമായിരുന്നു അന്നവന് അറിയേണ്ടിയിരുന്നത്. ആ സ്‌ത്രീ അവനെ ആശ്വസിപ്പിച്ചതിനുശേഷം പറഞ്ഞു: ``മോനേ, ആ തത്ത മറ്റൊരു ലോകത്തില്‍ മനോഹരമായി പാടുന്നതിനുവേണ്ടിയാണ് പോയിരിക്കുന്നത്.'' മറ്റൊരു ദിവസം ടീച്ചര്‍ `ക്യൂ' എന്ന വാക്കിന്റെ സ്‌പെല്ലിംഗ് ചോദിച്ചു. വൈകുന്നേരം എന്‍ക്വയറിയിലേക്ക് വിളിച്ചാണവന്‍ സ്‌പെല്ലിംഗ് മനസിലാക്കിയത്.
ഹെന്‍ട്രി മൂന്നാം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ കുടുംബം മറ്റൊരു പട്ടണത്തിലേക്ക് താമസംമാറി. അതോടെ ആ ടെലിഫോണ്‍ സൗഹൃദവും അവസാനിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു യാത്രയ്‌ക്കിടയില്‍ യാദൃശ്ചികമായിട്ടാണ് അവന്‍ പഴയ വീട്ടില്‍ എത്തിയത്. പെട്ടെന്നുണ്ടായൊരു കൗതുകത്തിന് അവന്‍ എന്‍ക്വയറിയിലേക്ക് വിളിച്ചു. `എക്‌സ്‌ചെയ്‌ഞ്ച്' എന്ന മറുപടി പറയുന്ന ആ ശബ്‌ദം കേട്ടപ്പോള്‍ അറിയാതെ അവന്‍ ചോദിച്ചു, `ക്യൂ' എന്നതിന്റെ സ്‌പെല്ലിംഗ് പറയാമോ? `കൈവിരല്‍ പൂര്‍ണമായും സൗഖ്യപ്പെട്ടില്ലേ' എന്നായിരുന്നു അല്‌പസമയത്തെ നിശബ്‌ദതക്കുശേഷം കിട്ടിയ മറുപടി. ഓ! എന്നെ ഇപ്പോഴും ഓര്‍ക്കുന്നോ? അതിശയത്തോടെയായിരുന്നു അവന്റെ പ്രതികരണം. അക്കാലത്ത് നിങ്ങളുടെ കുറെ സമയം ഞാന്‍ പാഴാക്കിയിട്ടുണ്ട്, അവന്‍ ക്ഷമാപണം നടത്തി. ``മക്കളില്ലാത്ത എനിക്ക് നിന്റെ വാക്കുകള്‍ നല്‌കിയ സന്തോഷം ചെറുതല്ലായിരുന്നു'' അവര്‍ പറഞ്ഞു. എപ്പോള്‍ വന്നാലും വിളിക്കാന്‍ മറക്കരുത്, സിസിലി എന്നാണ് പേരെന്നും അവര്‍ പറഞ്ഞു. മൂന്നു മാസത്തിനുശേഷം ഹെന്‍ട്രി വീണ്ടും ആ ഗ്രാമത്തിലെത്തി. ഇപ്രാവശ്യം എ ന്‍ക്വയറിയില്‍നിന്നും പരിചിതമല്ലാത്ത ഒരു സ്‌ത്രീശബ്‌ദമായിരുന്നു കേട്ടത്. അവന്‍ സിസിലിയെക്കുറിച്ച് ചോദിച്ചു. ഏതാനും വര്‍ഷങ്ങളായി രോഗിയായിരുന്ന അവര്‍ കഴിഞ്ഞ മാസം മരിച്ചെന്നായിരുന്നു മറുപടി. ആ വാര്‍ത്തകേട്ട് നിശബ്‌ദനായ ആ ചെറുപ്പക്കാരനോട് അവര്‍ ചോദിച്ചു, ``താങ്കളുടെ പേര് ഹെന്‍ട്രി എന്നാണോ?'' നിങ്ങള്‍ക്ക് തരാന്‍ ഒരു കുറിപ്പ് ഏല്‌പിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടവര്‍ വായിച്ചു. ``മറ്റൊരു ലോകത്ത് ഇതിലും നന്നായി പാടുന്നതിനാണ് പക്ഷികള്‍ യാത്രയാകുന്നത്.'' ഈ വാക്കുകളുടെ അര്‍ത്ഥം ഹെന്‍ട്രിക്ക് മനസിലാകും എന്നുകൂടി എഴുതിയിരുന്നു.
Read 871 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.