ഈ ലേഖനം വായിച്ചാല്‍ അമ്മമാരോടുള്ള സ്‌നേഹവും ബഹുമാനവും വര്‍ധിക്കും.
നന്മയുടെ ഓര്‍മകളായി നാം വായിച്ചെടുക്കുന്ന ചരിത്രപുരുഷന്മാരായാലും ആത്മീയതയുടെ ആചാര്യന്മാരായാലും സാംസ്‌കാരിക നായകന്മാരായാലും ഒക്കെ തങ്ങളുടെ ജീവിതത്തിന്റെ ദിശാബോധം മെനയുന്നത് അമ്മ നല്കുന്ന സുകൃതങ്ങളുടെ മീതെയാണെന്ന് തോന്നുന്നു. ശക്ത വും ശുദ്ധവുമായ ചില ഇടപെടലുകളില്‍ ക്കൂടി എന്നും ജീവിതത്തെ ബലപ്പെടുത്തുന്നത് അമ്മമാരാണ്.
എന്റെ അമ്മയുള്‍പ്പെടെയുള്ള സക ലമാന അമ്മമാരുടെയും മനസിന്റെ രസതന്ത്രം ഒന്നുതന്നെയാണ്. കണ്ണീരിന്റെ പാട് മറയ്ക്കാന്‍ സദാ കണ്ണടച്ച് തുറക്കുന്നവര്‍... ഉള്ളിലെ നൊമ്പരങ്ങളുടെ തിരയിളക്കം മറയ്ക്കാന്‍ സദാ മനസിനെയും മുഖത്തെയും ഒരുപോലെ പുഞ്ചിരിപ്പിക്കുന്നവര്‍... ''നിങ്ങളുടെ ഉറ്റവരുമായി ബന്ധപ്പെട്ട സ്മൃതികള്‍ നിങ്ങളുടെ അതിജീവനത്തെ സഹായിക്കുന്നുണ്ടാ?'' എന്ന ചോദ്യത്തിന് എനിക്കൊരു എളിയ ഉത്തരമുണ്ട്... എന്റെ അമ്മയുമായി ബന്ധപ്പെട്ട ചില ഓര്‍മകള്‍ എന്നെ അതിജീവനത്തിനു സഹായിക്കുന്നതാണ്. ജീവിതം വച്ചുനീട്ടുന്ന ചവര്‍പ്പനുഭവങ്ങളെ സംയമനത്തോടെ നേരിടുന്നത് അമ്മമാരാണ്. അതുകൊണ്ടാവാം പൊതുസമൂഹത്തിന്റെ ചില ശരികളുടെ (നിശ്ചയമായും ദൈവത്തിനത് തെറ്റാണ്) ഭാഗമാകേണ്ടി വരുമ്പോള്‍, അതൊക്കെ അമ്മ അറിഞ്ഞാലോ എന്നോര്‍ക്കുമ്പോള്‍ മനസില്‍ വല്ലാത്തൊ രു നീറ്റല്‍ അനുഭവപ്പെടുന്നത്.
(ജന്മം നല്കുന്നതുകൊണ്ടുമാത്രം ആരും അമ്മയാവുന്നില്ലല്ലോ? മാതൃത്വത്തിന്റെ സുകൃതം നിറഞ്ഞ ഇടനാഴികകളിലേക്ക് ബോധപൂര്‍വം പ്രവേശിച്ച കൃപ നിറഞ്ഞ ജന്മങ്ങളെക്കുറിച്ചാണ് പറഞ്ഞതൊക്കെയും... ശരീരത്തിന്റെ ക്രമംതെറ്റിയ മമതകളെമാത്രം താലോലിച്ച്, മാതൃത്വത്തിന്റെ നന്മകളില്‍നിന്ന് തെന്നിമാറു ന്നവര്‍ക്കുവേണ്ടി കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍...)
ഒരു വീടിന്റെ അകത്തളത്തെയെടുക്കുക. എപ്പോഴാണ് വീടുണരുന്നത്? അതമ്മയുണരുമ്പോഴാണ്. കാലത്തടുപ്പി ല്‍ കനല്‍ക്കൂട്ടുന്നതുമുതല്‍ രാത്രിയിലതണയ്ക്കുന്നതുവരെ എന്തുമാത്രം കനല്‍പ്പൊള്ളലുകളാണ് അവരേറ്റു വാ ങ്ങുന്നത്? നമ്മുടെ ചില ഇഷ്ടങ്ങളിലും നിര്‍ബന്ധങ്ങളിലും കുരുങ്ങുന്നതുകൊണ്ട് അവരെ കാണാനുള്ള നേരംപോലും നമുക്കില്ലാതെ പോകുന്നു. സെ ന്റ് ജോണ്‍ ഓര്‍മപ്പെടുത്തുംപോലെ പ്രാര്‍ത്ഥിക്കേ ണ്ട കാലമാണിത്.
കൈയില്‍ തൂവാലയുമായി നില്ക്കുന്ന ഒരമ്മ
വളരെ പാവപ്പെട്ട ഒരു ഗ്രാമമാണ് എന്റേത്. എന്നിട്ടും നാട്ടിലെ അമ്മമാരെല്ലാവരുംകൂടിത്തന്ന പാഠങ്ങളോര്‍ക്കുമ്പോള്‍ ഗുരു ക്കന്മാരെല്ലാവരും കൂടിത്തന്നത് നിസാരമാണ് എന്നു തോന്നുന്നു. നൊമ്പരങ്ങളുടെ നെരിപ്പോടില്‍ ജീവിതം നീറിപ്പുകയുമ്പോഴും പരാതികളില്ലാതെ ജീവിക്കുന്നവര്‍... കാപട്യമില്ലാതെ പുഞ്ചിരിക്കുന്നവര്‍... മനസ് പതറാതെ പ്രാര്‍ത്ഥിക്കുന്നവര്‍... അമ്മമാര്‍ക്കേ അതിനാവൂ...
നാടിന്റെ പ്രത്യേകതകള്‍കൊണ്ടുതന്നെ, ഒരുപാട് അമ്മമാര്‍ കൂലിവേലക്കാരാണ്. ജീവിതത്തില്‍ ഒരുപാട് കയ്പനുഭവങ്ങള്‍ ഏറ്റുവാങ്ങുന്നവരുമാണ്. അവരെ കാണുന്നത് സുകൃതമാണെന്ന് പലപ്പോഴും തോന്നാറുണ്ട്. കാണുമ്പോള്‍ ദാരിദ്ര്യദുഃഖങ്ങളെക്കുറിച്ചും ഇടറിപ്പോകുന്ന മക്കളെക്കുറിച്ചും മദ്യപിക്കുന്ന ഭര്‍ത്താവിനെക്കുറിച്ചും ഒക്കെ പറയും... എങ്കിലും അവസാനിപ്പിക്കുന്നതിങ്ങനെയാണ്- ''സാരമില്ല കുഞ്ഞേ, ദൈവമുണ്ടല്ലോകൂടെ. അതുമതി.'' നമുക്ക് വിസ്മയം തോന്നേണ്ടതല്ലേ, സാധാരണ ജീവിതത്തിന്റെ പരുക്കന്‍തലങ്ങളില്‍ ദൈവത്തിന്റെ കൂട്ട് കൈവിടാത്ത ഈ സുകൃതജന്മങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍.
മോനിക്കയെന്ന അമ്മയുടെ കണ്ണുനീരിന്റെ പുത്രനാണ് അഗസ്റ്റിന്‍. ആ അമ്മയുടെ ചിത്രം കാണുന്നത് കൈയില്‍ ഒരു തൂവാലയുമായാണ്. മക്കളെ സുകൃതങ്ങളുടെ വഴിയിലെ ത്തിക്കാന്‍ കണ്ണീരൊഴുക്കുന്ന എല്ലാ അമ്മമാരുടെയും പര്യായമാണിവര്‍. അമ്മേ, നിന്റെ സുകൃതങ്ങള്‍ക്ക് മുന്‍പില്‍ ആദരവോടെ കൈകള്‍ കൂപ്പുന്നു.
ഇനി അമ്മമേരിയെക്കുറിച്ച്... പന്ത്രണ്ടു വയസിനുശേഷവും മുപ്പതുവയസിനു മുമ്പും ക്രിസ്തു എവിടെയായിരുന്നു? ലളിതമായ ഒരു നിഗമനം ഇതാണ്. അമ്മമേരിയോടൊത്ത് അവള്‍ പറഞ്ഞ കഥകള്‍ കേട്ടും വേദം ധ്യാനിച്ചും വീട്ടുജോലികളില്‍ അവള്‍ക്കും തച്ചനായ ആ പിതാവിനും കൈത്താങ്ങായി, നല്ല മകനായി അവന്‍ ജീവിച്ചിട്ടുണ്ടാവണം. അവന്റെ വാക്കു കേട്ടവരൊക്കെയും വാഴ്ത്തിയത് മേരിയെയാണ്. അമ്മയ്ക്ക് മകനെന്ന നിലയില്‍ അവന്‍ വാങ്ങിക്കൊടുത്ത ആശീര്‍വാദം ശ്രദ്ധിക്കുക. അവന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്നൊരു സ്ത്രീ വിളിച്ചുപറഞ്ഞു: ''... നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ'' (ലൂക്കാ 11:27).
സങ്കടപ്പെടുത്തിയ നിലവിളി
ഇനി അമ്മമാര്‍ക്ക് ഒരു ദൂതുണ്ട്. ആദ്യത്തെ പന്തക്കുസ്താ ഒരമ്മയുടെ സാന്നിധ്യത്തിലായിരുന്നു. അമ്മമേരി തന്റെ മക്കളെയും ചേര്‍ച്ചുപിടിച്ച് സെഹിയോനില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് ആത്മാവിന്റെ കാറ്റ് വീശിയതും കനല്‍ത്തെളിഞ്ഞതും. മക്കളെ ചേര്‍ത്തുപിടിച്ച് പ്രാര്‍ത്ഥിക്കുന്ന അമ്മമാരുള്ളിടത്തൊക്കെ പന്തക്കുസ്തായുടെ ആവര്‍ത്തനമുണ്ടാവുന്നുണ്ട്. ആത്മാവിന്റെ കാറ്റ് വീശുകയും കനല്‍ തെളിയുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയിലെ വിശ്വാസത്തിന്റെ നിലനില്‍പ് കൃപനിറഞ്ഞ അമ്മമാരുടെ കൈകളിലാണെന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അമ്മമാരേ, നിശ്ചയമായും സഭയുടെ വളര്‍ച്ചയും ശുദ്ധിയും നിങ്ങളുടെ കൈകളിലാണ്. നിങ്ങളിലൂടെ പന്തക്കുസ്താകള്‍ ആവര്‍ത്തിക്കപ്പെടട്ടെ... ഞങ്ങള്‍, മക്കള്‍ ക്രിസ്തുവിനെ അറിയാന്‍ തുടങ്ങട്ടെ...
ഏറ്റവും സങ്കടപ്പെടുത്തുന്ന നിലവിളി ക്രിസ്തുവിന്റെ അധരങ്ങളില്‍ നിന്നായിരുന്നു. ''എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?'' ഇങ്ങനെയൊരു നിലവിളിക്ക് ശേഷവും അവനെ ബലപ്പെടുത്തിയത് കുഞ്ഞുനാളില്‍ അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്- ''നിന്റെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാനര്‍പ്പിക്കുന്നു.'' എല്ലാ ദിവസവും തന്റെ കുഞ്ഞ് മിഴിപൂട്ടുംമുമ്പ് ഓരോ യഹൂദ അമ്മയും കുഞ്ഞിന്റെ ചെവികളില്‍ മന്ത്രിക്കുന്ന പ്രാര്‍ത്ഥനയാണത്. കുരിശിന്‍ താഴെ നി ല്ക്കുന്ന അമ്മമേരിയെ നോക്കി, ചെറുപ്പത്തില്‍ അവള്‍ കാതില്‍ മന്ത്രിച്ച പ്രാര്‍ത്ഥന ഓര്‍മിച്ചെടുത്ത് അതാവര്‍ത്തിച്ച് ക്രിസ്തു കണ്ണടച്ചു. അവസാനമായി കണ്ണടയ്ക്കുംമുമ്പ് ക്രിസ്തുവിനുപോലും കൂട്ടായി എത്തുന്നത് അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥനയാ ണെന്നത് ഒരു വിശുദ്ധ സൂചനയാണ്. അമ്മേ, ഞങ്ങള്‍ മക്കള്‍ തകര്‍ന്നുപോകാവുന്ന സമയങ്ങളില്‍ കൂട്ടായുള്ളത് സുകൃതം നിറഞ്ഞ നിങ്ങളുടെ ജീവിതത്തിന്റെ ഓര്‍മകളും പകര്‍ന്നുതന്ന പ്രാര്‍ത്ഥനകളും മാത്രം... ചോറ് വാരിത്തന്ന, കുരിശ് വരയ്ക്കാന്‍ പഠിപ്പിച്ച, പ്രാര്‍ത്ഥിക്കാനും അനുഗ്രഹിക്കാനും ഉയരുന്ന നിന്റെ കരങ്ങളില്‍ ഒന്നു ചുംബിച്ചോട്ടെ...
ചെറുപ്പക്കാരായ അമ്മമാരോട് സ്‌നേഹപൂര്‍വമായ ഒരു ഓര്‍മപ്പെടുത്തല്‍ക്കൂടി... കുഞ്ഞുമക്കള്‍ക്ക് ധ്യാനം നിറഞ്ഞ ചില പ്രാര്‍ത്ഥനകള്‍ നല്കി അവരെ അനുഗ്രഹിക്കുക. എന്തൊക്കെ തകര്‍ച്ചകളുടെയും പരുക്കന്‍ അനുഭവങ്ങളുടെയും മരുഭൂമിയാണ് അവരെ കാത്തിരിക്കുന്നത് എന്നാരറിഞ്ഞു? ജീവിതത്തെ സ്വീകരിക്കാന്‍ നിങ്ങള്‍ കൈമാറുന്ന പ്രാര്‍ത്ഥന അവരെ സഹായിക്കുകയും അങ്ങനെ തങ്ങളുടെ അതിജീവനം സാധ്യമാക്കുകയും ചെയ്‌തേക്കാം.
Saturday, 04 February 2012 16:19
സ്‌നേഹാദരങ്ങളോടെ അമ്മയ്ക്ക്
Written by ബ്ര. അഗസ്റ്റ്യന്‍ മ്ലാവറയില്‍ സി.എം.ഐ
Read 1194 times
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.