മണിപ്പൂര്‍ സംസ്ഥാനത്തെ മുഴുവനായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇംഫാല്‍ അതിരൂപത സ്ഥിതിചെയ്യുന്നത്. മണിപ്പൂരിന്റെ വടക്ക് നാഗാലാന്റും തെക്ക് മിസ്സോറാമും കിഴക്ക് അപ്പര്‍ മ്യാന്‍മറും പടിഞ്ഞാറ് ആസാമിലെ കാച്ചാര്‍ ജില്ലയുമാണ്. 1891 -ല്‍ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നതിന് മുമ്പ് മണിപ്പൂരില്‍ രാജഭരണമാണ് നിലവിലിരുന്നത്. 1908 മുതല്ക്കാണ് മണിപ്പൂരില്‍ മിഷനറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. അമേരിക്കന്‍ ബാപ്റ്റിസ്റ്റുകാരായിരുന്നു അതിന് തുടക്കം കുറിച്ചത്. വില്യം പെറ്റിഗ്രൂ ആയിരുന്നു അക്കൂട്ടത്തില്‍ അഗ്രഗണ്യന്‍. ആദ്യകാലങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനത്തിന് രാജാവില്‍ നിന്ന് അനുവാദം കിട്ടിയിരുന്നില്ല.
1912 - ല്‍ മണിപ്പൂരിലെത്തിയ ഫാ. അന്‍ഗ്‌സഗര്‍ കോനിഗ്‌സ്‌ബേവര്‍ എസ്ഡിഎസ് എന്ന ജര്‍മ്മന്‍ സാല്‍വട്ടോറിയനായിരുന്നു ആദ്യ കത്തോലിക്കാ മിഷനറി. അദ്ദേഹത്തിന് മഹാരാജാവില്‍ നിന്ന് കത്തോലിക്കാമിഷന്‍ ആരംഭിക്കുവാനുള്ള പ്രോത്സാഹനം ലഭിച്ചു. ഇംഫാല്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
36 വര്‍ഷങ്ങള്‍ക്ക് ശേഷം സലേഷ്യന്‍ മിഷനറിമാരായ ഫാ. ഒ മാരെന്‍ഗോ, ഫാ. ആട്ടിലോ കോളോസി എന്നിവര്‍ ഇംഫാല്‍ സന്ദര്‍ശിച്ചു. മഹാരാജാവ് അവരോട് പറഞ്ഞത് ഇതാണ്. ''മിഷനറിമാരേ, നിങ്ങള്‍ക്ക് മണിപ്പൂരിലേക്ക് സ്വാഗതം. ഞാന്‍ ഷില്ലോംഗിലെ സെന്റ് എഡ്മണ്ട് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്..'' മണിപ്പൂര്‍ കുന്നുകളില്‍ സേവനം ചെയ്യുവാനുള്ള അനുവാദം അദ്ദേഹം അവര്‍ക്ക് നല്കി. ഹൈന്ദവ വൈഷ്ണവര്‍ക്കിടയിലും മുസ്ലീങ്ങള്‍ക്കിടയിലുമാണ് അവര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്തിയത്.
ഇങ്ങനെയൊക്കെയാണെങ്കിലും സംഘടിതമായ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 1951- ല്‍ ഡിബ്രുഗാ രൂപത നിലവില്‍ വന്നതോടെയാണ്. എല്ലാ വര്‍ഷവും ബിഷപ് മാരെന്‍ഗോ എസ്ഡിബി മണിപ്പൂര്‍ സന്ദര്‍ശിക്കുകയും അപ്പസ്‌തോലികചൈതന്യമുള്ള അല്മായര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തുകൊണ്ടിരുന്നു.
ടാങ് ഗഹല്‍സി എന്ന വിഭാഗമാണ്- ഇന്ത്യാ ബര്‍മ്മ അതിര്‍ത്തിയിലുള്ള, മണിപ്പൂരിലെ ഉക്രൂള്‍ ജില്ലയിലെ നാഗഗോത്രം- ആദ്യമായി കത്തോലിക്കാവിശ്വാസത്തെ ആശ്ലേഷിച്ചത്.
അതിന് നിമിത്തമായത് ഷില്ലോംങ് സെന്റ് ആന്റണി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ഡൊമിനിക്ക് ഷോമിയും ഗുവാഹത്തി ഡോണ്‍ബോസ്‌ക്കോ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ജോര്‍ജ് ഹോണ്‍ഗ്രൈയുമായിരുന്നു. 1952 -ല്‍ കൊഹിമ ഹോസ്പിറ്റലിലെ ചാപ്ലയിനായ ഫാ. മാരോചിനോ മേല്പ്പറഞ്ഞവരുടെ ക്ഷണപ്രകാരം ഹന്‍ഡങിലെത്തുകയും ഷോമി വിശ്വാസദീപം കൊളുത്തിയ 350 വ്യക്തികള്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും ചെയ്തു.
സുവിശേഷവല്ക്കരണം ഏറ്റവും ഫലദായകമാക്കാന്‍ ബിഷപ് മാരെന്‍ഗോ കണ്ടെത്തിയ വഴി ഏതാനും വൈദികരെ ആ പ്രദേശത്ത് താമസിപ്പിക്കുകയായിരുന്നു. അപ്രകാരം ഫാ. രാവലിക്കോ എസ്ഡിബിയും ഫാ. പീറ്റര്‍ ബിനാച്ചി എസ്ഡിബിയും 1956 മാര്‍ച്ച് അഞ്ചിന് ഇംഫാലില്‍ താമസിച്ചുകൊണ്ടുള്ള സുവിശേഷവല്‍ക്കരണത്തിനായി എത്തിച്ചേര്‍ന്നു.
തുടക്കത്തില്‍ വാടകക്കെട്ടിടത്തിലാണ് അവര്‍ താമസിച്ചത്. അടുത്തവര്‍ഷം അവര്‍ക്ക് പുതിയൊരു ഭവനം ലഭിച്ചു. പട്ടണത്തിന്റെ ഹൃദയഭാഗത്ത്തന്നെ. ആ വര്‍ഷത്തിന്റെ അവസാനം ഫാ. ഫെലിക്‌സ് എസ്ഡിബിയും ഫാ. വെന്റുറോലി എസ്ഡിബിയും ആ ദൗത്യത്തില്‍ പങ്കാളികളായി. മണിപ്പൂരിലെ സഭ ക്രമാനുഗതമായും ആഴത്തിലും വേരോടിത്തുടങ്ങുകയായിരുന്നു.
1958- ല്‍ ഫാ.ജോസഫ് കച്ചിറമറ്റം ആദ്യ രൂപതാവൈദികനായി മണിപ്പൂരിന്റെ മണ്ണിലേക്ക് എത്തിച്ചേര്‍ന്നു. അദ്ദേഹം സലേഷ്യന്‍ മിഷനറിമാരോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് രണ്ട് രൂപതാവൈദികര്‍ കൂടി വന്നു. ഫാ. മാത്യു പ്ലാത്തോട്ടം 1959 ലും ഫാ.മാണി പാറന്‍കുളങ്ങര 1961 ലും. അപ്പോഴേയ്ക്കും വൈദികരും സന്ന്യാസിനികളും സുവിശേഷവല്ക്കരണവുമായി ബന്ധപ്പെട്ട് അവിടെ എത്തിയിരുന്നു. ഡോട്ടേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ്, സിഎംസി, എഫ്‌സിസി, എസ്എബിഎസ് എന്നീ സന്യാസിനിസഭകള്‍ അവിടെ വേരോടിത്തുടങ്ങിയിരുന്നു. നാഗാലാന്റ്- മണിപ്പൂര്‍ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൊഹിമ-ഇംഫാല്‍ രൂപത നിലവില്‍ വന്നത് 1973 ജനുവരി 29 നാണ്. അബ്രഹാം ആലങ്ങിമറ്റത്തിലായിരുന്നു പ്രഥമബിഷപ്. പിന്നീട് കൊഹിമ- ഇംഫാല്‍ രൂപത വിഭജിച്ച് മണിപ്പൂര്‍ സംസ്ഥാനത്തെ മാത്രം ഉള്‍പ്പെടുത്തി 1980 ഏപ്രില്‍ 21 ന് ഇംഫാല്‍ രൂപത നിലവില്‍ വന്നു. തേസ്പൂര്‍ രൂപതാധ്യക്ഷനായിരുന്ന ജോസഫ് മിറ്റത്താനി ഇംഫാലിന്റെ പ്രഥമബിഷപ്പായി. 1995 ഓഗസ്റ്റ് 1 ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇംഫാല്‍ രൂപതയെ അതിരൂപതയാക്കി ഉയര്‍ത്തി. ജോസഫ് മിറ്റത്താനി തന്നെയായിരുന്നു ആര്‍ച്ച് ബിഷപ്.
2002 ജനുവരി 18 ന് ഡൊമിനിക്ക് ലൂമന്‍ അതിരൂപതയുടെ സഹായമെത്രാനായി. ആര്‍ച്ച് ബിഷപ് ജോസഫ് മിറ്റത്താനിയുടെ വിരമിക്കലിന് ശേഷം ബിഷപ് ഡൊമിനിക്ക് ലൂമന്‍ 2006 ജൂലൈ 12 ന് അതിരൂപതാധ്യക്ഷനായി.
2009 ലെ സര്‍വ്വേ അനുസരിച്ച് ഇംഫാലില്‍ 89,473 കത്തോലിക്കരുണ്ട്. 2008 ല്‍ മാമ്മോദീസാ സ്വീകരിച്ചവരുടെ എണ്ണത്തില്‍ റിക്കോര്‍ഡായിരുന്നു - 2,932 പേര്‍. ഇംഫാല്‍ അതിരൂപതയില്‍ 40 ഇടവകകളും 326 മിഷ്യന്‍ സ്റ്റേഷനുകളുമുണ്ട്. രൂപതാ വൈദികര്‍ 91 പേരും സന്യാസവൈദികര്‍ 41 പേരും സേവനം ചെയ്യുന്നു.
ഇവരെല്ലാം ഇന്ത്യക്കാരാണ്, ഒരു മൈനര്‍ സെമിനാരിയുമുണ്ട്. 24 പ്രൈമറി സ്‌കൂളുകള്‍, 32 ഹൈസ്‌കൂളുകള്‍, 4 ഹയര്‍ സെക്കന്ററി, ഒരു കോളജ് എന്നിവയും കത്തോലിക്കാ സഭയുടെ കീഴില്‍ ഇംഫാലില്‍ പ്രവര്‍ത്തിക്കുന്നു.
Read 1035 times
Published in
ദേശീയം
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLatest from Shalom Editor
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.