തൈക്കാട് അസംപ്ഷന്‍ ദേവാലയ വികാരി അഡ്വ. ഫാ.പങ്കേഷ്യസ് സംസാരിക്കുന്നു
? ക്രൈസ്തവര്‍ സാമൂഹ്യനീതിക്കുവേണ്ടി ശബ്ദമുയര്‍ത്താറുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സാമൂഹ്യനീതി.
വിശുദ്ധ ബൈബിളില്‍ പഴയനിയമത്തില്‍ മനുഷ്യന്‍ നീതിക്കുവേണ്ടി നിലവിളിക്കുന്നതായും മനുഷ്യന്റെ നിലവിളി കേട്ട് ദൈവം അവരുടെ മധ്യത്തിലേക്ക് ഇറങ്ങിവരുന്നതായും നാം വായിക്കുന്നു. ജനിക്കുമ്പോള്‍ തന്നെ ഓരോ മനുഷ്യനും നീതി ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. അത് ഔദാര്യമല്ല. ഓരോ വ്യക്തിയുടെയും അവകാശമാണ്; ജന്മാവകാശമാണ്.
സാമൂഹ്യനീതിയെക്കുറിച്ച് സമൂഹത്തില്‍ വളരെയേറെ തെറ്റിദ്ധാരണകള്‍ ഉണ്ട്. കഴിക്കാന്‍ ഭക്ഷണവും ധരിക്കാന്‍ വസ്ത്രവും തലചായ്ക്കാന്‍ വീടുമാണ് മനുഷ്യന് അടിസ്ഥാനപരമായി വേണ്ടത്. അത് ഉറപ്പുവരുത്തുന്നതാണ് സാമൂഹ്യനീതി. സാമൂഹ്യനീതിയുടെ കാര്യത്തില്‍ മലയാളിയെന്നോ തമഴനെന്നോ ഇന്ത്യക്കാരനെന്നോ പാകിസ്ഥാന്‍കാരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള പക്ഷമില്ല.
ഭൂമിയില്‍ പിറന്നവര്‍ക്കെല്ലാം ആ നീതി അവകാശപ്പെട്ടിരിക്കുന്നു. അത് സംരക്ഷിക്കപ്പെടണം. നിര്‍ഭാഗ്യവശാല്‍ നീതിയെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്യുമ്പോള്‍ തന്നെ നാം ഉദ്‌ഘോഷിക്കുന്ന നീതി അതിന്റെ ശരിയായ അര്‍ത്ഥതലത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. എന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരര്‍ഹിക്കുന്ന ശമ്പളം കൊടുക്കാത്തപ്പോ ള്‍ അത് സാമൂഹ്യനീതിയാണെന്ന് പറയാന്‍ കഴിയില്ല.
ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും എന്ന പോലെ വിദ്യാഭ്യാസം ചെയ്യുന്നതിനും ജോലി നേടുന്നതിനും ഓരോ വ്യക്തിക്കും തുല്യ അവകാശമുണ്ട്. സാമൂഹ്യനീതിയിലെ ഈ തുല്യതയില്ലായ്മ യുദ്ധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ഭരണകൂടങ്ങളുടെ തകര്‍ച്ചയ്ക്കും വഴി വെച്ചതായി ചരിത്രത്തില്‍ കാണാം.
? നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് എങ്ങനെ പ്രതികരിക്കാന്‍ കഴിയും.
നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം എവിടെയും കാണാം. പ്രാര്‍ത്ഥനയും ഉപവാസവുമാണ് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ക്രൈസ്തവര്‍ പ്രതികരിക്കാനായി ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍. സഭയിലും സഭാസ്ഥാപനങ്ങളി ലും ജോലി ചെയ്യുന്നവര്‍ക്ക് മാറുന്ന കാലത്തിനനുസരിച്ച് മാന്യമായ ശമ്പളം കൊടുക്കണം. ഇപ്പോഴുള്ള തലമുറകള്‍ക്കും വരാനുള്ള തലമുറകള്‍ക്കും എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ദൈവം ഭൂമിയില്‍ ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ അത്യാഗ്രഹവും അത്യാര്‍ത്തിയും ഭാവിയിലേക്ക് കുന്നു കൂട്ടുവാനുള്ള വ്യഗ്രതയും കാരണം ദാരിദ്ര്യവും ഇല്ലായ്മകളും അസമത്വങ്ങളും പെരുകുന്നു.
ജോലി ചെയ്യുന്നവന്റെ കൂലി ഒരിക്കലും ഔദാര്യമല്ല, അവകാശം തന്നെയാണെന്ന ബോധത്തോടെ വേണം ക്രൈസ്തവര്‍ പ്രതികരിക്കുവാന്‍. ക്രിസ്തു തന്റെ ഐഹികജീവിതകാലത്തും എല്ലാവിധ സാമൂഹ്യഅനീതികള്‍ക്കുമെതിരെ ധീരമായി പോരാടിയിട്ടുണ്ട്. ജീവജാലങ്ങളില്‍ മനുഷ്യനാണ് ഭാവി മുന്നില്‍കണ്ട് അന്യായമായി കുന്നുകൂട്ടുന്നത്. നാളെയെക്കുറിച്ച് ആകുലപ്പെടുന്നവന്‍ ശരിയായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദൈവ വിശ്വാസിയേ അല്ല. ആ കാഴ്ചപ്പാടിലാണ് കര്‍തൃപ്രാര്‍ത്ഥനയില്‍ അന്നന്നുവേണ്ടുന്ന ആഹാരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കര്‍ത്താവ് പഠിപ്പിക്കുന്നത്. നീതിയെക്കുറിച്ച്, മനുഷ്യാവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അത് യഥാവിധി പകര്‍ന്നുനല്‍കേണ്ടത് ക്രൈസ്തവരുടെ കടമയാണ്.
? യഥാര്‍ത്ഥനീതി ലഭിക്കുവാന്‍ എന്താണ് വഴികള്‍.
മനുഷ്യന്റെ സമ്പൂര്‍ണ വിമോചനമാണ് ക്രിസ്തു ലക്ഷ്യമിടുന്നത്. നീതി ലഭിക്കുവാന്‍ അതിന് ശക്തമായ പോരാട്ടം വേണം. ആയുധം കൊണ്ടുള്ള പോരാട്ടമല്ല ഉദ്ദേശിക്കുന്നത്. നഷ്ടപ്പെട്ട അവകാശങ്ങളും നീതിയും ലഭ്യമാക്കാന്‍ നാം പ്രതികരിക്കേണ്ടതുണ്ട്. തൊഴിലുറപ്പ്പദ്ധതിയും വിദ്യാഭ്യാസം മൗലികാവകാശമാക്കിയതും വിവരാവകാശ നിയമവുമൊക്കെ നീതിയുടെ വ്യത്യസ്തമേഖലകള്‍ സാധാരണ പൗരനും സുതാര്യമായി ലഭിക്കുന്നതിനുള്ള ചരിത്രത്തിന്റെ നിയോഗമാണെന്ന് പറയാം.
യഥാര്‍ത്ഥ നീതി എന്താണെന്ന് അറിഞ്ഞെങ്കില്‍ മാത്രമേ അത് സ്വായത്തമാക്കുന്നതിനുള്ള വഴികളും വ്യക്തികള്‍ തേടുകയുള്ളൂ. പുറപ്പാട് പുസ്തകത്തില്‍ ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്നും തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്ക് ദൈവത്തിന്റെ സ്വന്തം ജനത്തെ കൊണ്ടുവരുന്നു. അത് പോരാട്ടത്തിന്റെ കഥയാണ്. നീതിയെക്കുറിച്ച് മനുഷ്യന്‍ ബോധവാനാകണമെങ്കില്‍ വിദ്യാഭ്യാസം കൂടിയേ കഴിയൂ. അറിവ് അഗ്നിയാണ്. അറിവുള്ളവന്‍ മാത്രമേ തന്റെ അവകാശത്തെക്കുറിച്ചും യഥാര്‍ത്ഥ നീതിയെക്കുറിച്ചും അത് കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധമുണ്ടാവുകയുള്ളൂ.
മാറുന്ന കാലത്തിന്റെ മാറ്റത്തിനനുസൃതമായി ജ്ഞാനവും വിവേകവും ഓരോ ക്രൈസ്തവനും ഉണ്ടാകണം. നീതിമാനായ ദൈവം എന്നോട് ഇടപെടുന്ന രീതിയില്‍ വേണം സഹോദരരോടും മറ്റുള്ളവരോടും ഇടപെടാന്‍. അത് സത്യത്തിന്റെയും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ആത്മപരിത്യാഗത്തിന്റെയും വഴിത്താരകളിലൂടെയും ആകണം.
? സാമൂഹ്യനീതി നിഷേധിക്കപ്പെടുമ്പോള്‍ സഭയ്ക്ക് എങ്ങനെ പ്രതികരിക്കുവാന്‍ കഴിയും.
സാമൂഹ്യനീതി എപ്പോഴെല്ലാം നിഷേധിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം സഭ ക്രിസ്തീയ കാഴ്ചപ്പാടിലും വീക്ഷണത്തിലും പ്രതികരിച്ചിട്ടുണ്ട്. അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കാതെ, ക്രിസ്തുവിന്റെ കാലടികളെ പിന്തുടര്‍ന്നുള്ള സമരരീതിയാണ് സഭാപിതാക്കന്മാരും സഭാതനയരും പിന്തുടരുന്നത്. ഏത് സാമൂഹ്യനീതിയോടുമുള്ള സഭയുടെ അതിശക്തമായ ആയുധം പ്രാര്‍ത്ഥന തന്നെയാണ്. ഇടയലേഖനങ്ങളിലൂടെയും സര്‍ക്കുലറുകളിലൂടെയും ജനത്തെ ബോധവത്കരിക്കാനും ഉണര്‍ത്താനും സഭ ശ്രദ്ധിക്കുന്നു.
എല്ലാവരും ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ സമാനചിന്താഗതിക്കാരുമായി ഒത്തുചേര്‍ന്നും സഭ പ്രവര്‍ത്തിക്കുന്നു. ജീവനെ ഹനിക്കുന്ന കാര്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ വന്നപ്പോള്‍ സമാന ചിന്താഗതിക്കാരുമായി ഒത്തുചേര്‍ന്ന് സഭ പ്രതികരിച്ചപ്പോള്‍ ആ പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അതുപോലെ അതാത് കാലങ്ങളില്‍ നീതി നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ പാവങ്ങളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവരുടെ ഉന്നമനത്തിനായും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
(അഡ്വ. ഫാ.പന്‍ക്രേഷ്യസ്: തൈക്കാട് അസംപ്ഷന്‍ ദേവാലയ വികാരിയും മുന്‍ അതിരൂപതാ സ്‌കൂള്‍ കോര്‍പറേറ്റ് മാനേജരും മുന്‍ വിദ്യാഭ്യാസ ശുശ്രൂഷാ ഡയറക്ടറുമായിരുന്നു.)
Friday, 17 February 2012 14:22
സാമൂഹ്യനീതിയെക്കുറിച്ച് ബോധ്യമുള്ളവരാകുക
Written by ജെറാള്‍ഡ് ബി. മിരാന്‍ഡ തിരുവനന്തപുരം
Read 792 times
Published in
അഭിമുഖം
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.