വിശുദ്ധ മത്തായിയുടെ സുവിശേഷം 11-ാമധ്യായത്തില്‍ 28 മുതലുള്ള വാക്യങ്ങളില്‍ കര്‍ത്താവിന്റെയടുത്തുവരുന്നവര്‍ക്ക് അവന്‍ നല്‍കുന്ന ആശ്വാസത്തെക്കുറിച്ച് പറയുന്നുണ്ട്. ദൈവം നല്‍കുന്ന ആശ്വാസം അനുഭവിക്കണമെങ്കില്‍ ആദ്യമായി അവന്റെയടുത്തു വരണം. അടുത്തുവരിക എന്നത് ഏറ്റവും പ്രധാനമായ കാര്യമാണ്. പ്രാര്‍ത്ഥനയിലേക്ക് ഒരു വ്യക്തി പ്രവേശിക്കുമ്പോള്‍ ആ വ്യക്തി ദൈവത്തിലേക്ക് അടുക്കുകയാണ്. ദൈവവചനം ധ്യാനപൂര്‍വം വായിക്കുമ്പോഴും ഒരാള്‍ യേശുവിന്റെയടുത്തേക്കു വരുന്നു. കൂദാശകളുടെ സ്വീകരണം വഴി യേശുവിലേക്ക് ഏറ്റവും അടുത്തുവരുവാന്‍ ഒരു വ്യക്തിക്കു കഴിയുന്നു. കര്‍ത്താവിനോട് അടുത്തു വരുന്നവര്‍ക്ക് അവിടുത്തെ സ്വഭാവം ലഭിക്കുന്നു. ദൈവത്തോട് അടുക്കുന്നവര്‍ക്ക് ദൈവസ്വഭാവവും ലോകത്തോട് അടുക്കുന്നവര്‍ക്ക് ലോകത്തിന്റെ സ്വഭാവവും ലഭിക്കുന്നു. ദൈവം നല്‍കുന്ന ആശ്വാസം അനുഭവിക്കുവാനാഗ്രഹിക്കുന്നവരെല്ലാം അവിടുത്തെ സന്നിധിയിലണയണം. നിര്‍മലമായ തൃക്കരങ്ങളില്‍ അവിടുന്ന് നമ്മെ ആശീര്‍വദിച്ചുയര്‍ത്തും. രക്തസ്രാവക്കാരി സ്ത്രീ (മത്തായി 9) യേശുവിന്റെ വസ്ത്രത്തിന്റെ അഗ്രത്തുതൊട്ട് ശക്തി ചോര്‍ത്തിയെടുത്തതുപോലെ നാം ഓരോരുത്തരും വിശ്വാസപൂര്‍വം അവന്റെ സന്നിധിയിലെത്തി ശക്തിയും ആശ്വാസവും സ്വന്തമാക്കണം. അടുത്തു വരുന്നവര്‍ക്ക് ദൈവം കൊടുക്കുന്ന സമ്മാനമാണ് വിനീതഹൃദയവും ശാന്തശീലവും. മുന്‍കോപക്കാരനായിരുന്ന ഫ്രാന്‍സിസ് സാലസ് യേശുവിനോട് കൂടുതല്‍ അടുത്തപ്പോള്‍ ശാന്തതയുടെ വിശുദ്ധനായി മാറി. നമ്മിലുള്ള ക്ഷിപ്രകോപവും പൊട്ടിത്തെറിയുമെല്ലാം മാറണമെങ്കില്‍ നാം യേശുസന്നിധിയിലായിരിക്കണം. വിമര്‍ശനങ്ങള്‍ കേട്ടു തളരാതിരിക്കണമെങ്കില്‍, പ്രതിസന്ധികളില്‍ തകരാതിരിക്കണമെങ്കില്‍ വിനീതഹൃദയം വേണം. സ്‌നാപകയോഹന്നാന്റെ വിനയത്തെ ഓര്‍ക്കുക: ''ഞാന്‍ ക്രിസ്തുവല്ല'', ''ഏലീയാ അല്ല'', ''പ്രവാചകനല്ല'' ''മരുഭൂമിയില്‍ മുഴങ്ങുന്ന വെറുമൊരു ശബ്ദം മാത്രമാണ് ഞാന്‍'' ഈ വിനീത മാനസം അദ്ദേഹത്തെ വളരെ ഉയര്‍ത്തി. വിനീത ഹൃദയവും ശാന്തശീലവും നമ്മുടെ ജീവിതത്തിന്റെ ഭാഗങ്ങളായി കഴിയുമ്പോള്‍ ദൈവം തരുന്ന കുരിശുകള്‍ ലഘുവായി തോന്നിത്തുടങ്ങും. ദുരിതങ്ങളെ ദുരന്തങ്ങളായി കണ്ട് അസ്വസ്ഥമാകുന്നത് ദൈവവുമായി ബന്ധമില്ലാത്തവരാണ്. ഉയര്‍ന്നുവരുന്ന തിരമാലകളെ കണ്ട് മനസ് ഭയന്ന് ഓടുന്നവരെല്ലാം സ്രഷ്ടാവില്‍ നിന്നും ദൂരത്തു നില്‍ക്കുന്നവരാണ്. എന്തിനെയും ഏതിനെയും നേരിടുന്നതിനുള്ള കരുത്ത് ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ക്ക് ലഭിക്കും. കര്‍ത്താവ് നല്‍കുന്ന ആശ്വാസം ലോകം നല്‍കുന്ന ആശ്വാസംപോലെയല്ല. ലോകം ഈ നിമിഷം ആശ്വാസം നല്‍കിയിട്ട് അടുത്തനിമിഷം മുറിവേല്പിക്കും. കര്‍ത്താവ് തരുന്ന ആശ്വാസം മലകളകന്നാലും കുന്നുകള്‍ മാറ്റപ്പെട്ടാലും അചഞ്ചലമായി നിലനില്‍ക്കും. ലോകത്തിനത് എടുത്തുമാറ്റാനാവില്ല. ശാന്തശീലരും വിനീതഹൃദയരും ആസ്വദിക്കുന്ന ഈ ആശ്വാസത്തിലേക്കാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. നിത്യനന്മയും നിത്യസ്‌നേഹവുമായ ദൈവം നിരന്തരം ദൈവികമായ ആശ്വാസത്തിലേക്ക് നമ്മെ മാടി വിളിക്കുന്നു.
Friday, 17 February 2012 11:11
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും Featured
Written by ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ OFM.Cap.
Read 138 times
Published in
വചന വഴികളിലൂടെ
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.