Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 10 February 2012 15:04

അയലത്തെ ഇടയന്‍

Written by  സ്വന്തം ലേഖകന്‍ കൊല്‍ക്കൊത്ത
Rate this item
(0 votes)

ഏഷ്യയുടെ ആത്മാവിനോട് സുവിശേഷം കാതില്‍ പറഞ്ഞ ഒരാള്‍. മതമോ ഭാഷയോ ദേശമോ സംസ്‌കാരമോ നോക്കാതെ സമാധാനം എവിടെയൊക്കെ ഭഞ്ജിക്കപ്പെടുന്നുവോ അവിടെയൊക്കെ സമാധാനം നിലനിര്‍ത്താനും പുന:സ്ഥാപിക്കുവാനും ഓടി നടന്ന ആള്‍. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് കഴിഞ്ഞവര്‍ഷം ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തി. ഇന്ത്യയില്‍ നിന്നുള്ള മെത്രാന്മാരില്‍ ആദ്യമായി വത്തിക്കാനില്‍ ദു:ഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥന തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട ആള്‍... മാര്‍ തോമസ് മേനാംപറമ്പില്‍ ഗുവാഹത്തി അതിരൂപതാസ്ഥാനത്തുനിന്ന് വിരമിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മവരുന്നത് ഇതെല്ലാമാണ്.

അര്‍ത്ഥപൂര്‍ണ്ണവും ക്രൈസ്തവോചിതവുമായ 20 വര്‍ഷത്തെ ഗുവാഹത്തി രൂപതാഭരണത്തില്‍ നിന്നാണ് അദ്ദേഹം കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞത്. ഭാരതീയവും അതേ സമയം ക്രിസ്തീയവുമായിരുന്നു അദ്ദേഹം പങ്കുവച്ച ആശയങ്ങളെല്ലാം.

അഹിംസ അതില്‍ ഒന്നുമാത്രം. ക്രിസ്തുവും ഗാന്ധിജിയും ആ ജീവിതത്തിന്റെ ഇരുവശങ്ങളായിരുന്നു. ഇവര്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനമാണ് 1996 ല്‍ ഒരു എക്യുമെനിക്കല്‍ പീസ് ടീമിന് രൂപം കൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ആസ്സാമിലെ ബോഡോ- ഷന്താള്‍ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള കലാപങ്ങള്‍ക്ക് അറുതിവരുത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ''ഒരാള്‍ സമാധാനത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ അത് ശ്രദ്ധിക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും പരാജയപ്പെട്ടേക്കാം.. പക്ഷേ അപ്പോഴും തുറന്ന മനസോടെ മാനുഷികമായി ആ പ്രശ്‌നത്തില്‍ ഇടപെടുക. മനുഷ്യന്റെ ഏറ്റവും നല്ല ഭാഗത്ത് നില്ക്കുക..'' 2003 ലെ ദിംസാ-ഹമ്മാര്‍, കര്‍ബി-കുക്കി വൈരുദ്ധ്യം, 2004 ദിംസാ-കര്‍ബി സംഘട്ടനവും ആശയവൈരുദ്ധ്യങ്ങളും നിലനില്ക്കുകയും ശക്തമാവുകയും ചെയ്തപ്പോഴും ഈ സമാധാനസഖ്യമാണ് പ്രശ്‌നപരിഹാരത്തിന് മുമ്പന്തിയിലുണ്ടായിരുന്നത്. മറ്റ് വര്‍ഗ്ഗീയവംശ സംഘടനകളിലും സമാധാനത്തിന് വേണ്ടി ഈ ടീം വഹിച്ച പങ്ക് നിസ്തുലമാണ്. ''ഹൃദയഭേദകമായ അനേകം നിമിഷങ്ങളുണ്ടായിട്ടുണ്ട്. അമ്പേ പരാജയപ്പെട്ട നിമിഷങ്ങളുമുണ്ടായിട്ടുണ്ട്. എങ്കിലും കര്‍ത്താവില്‍ ആശ്രയിച്ച് ഞങ്ങള്‍ മുന്നോട്ടുപോകുന്നു..'' ഭൂമിപ്രശ്‌നം, രാഷ്ട്രീയ അധികാരവിതരണം, വിദ്യാഭ്യാസം, തൊഴിലില്ലായ്മ.. ഏതു മേഖലയുമായിക്കൊള്ളട്ടെ സമാധാനം അവിടെയെല്ലാം പുന:സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തിന് മറ്റൊരു പേരും സമ്മാനിച്ചു - സമാധാനദൂതന്‍. കഴിഞ്ഞവര്‍ഷം നോബല്‍ സമാധാനസമ്മാനത്തിന് ആ പേര് നിര്‍ദ്ദേശിക്കപ്പെടാന്‍ കാരണമായതും ഇത്തരം ശ്രമങ്ങള്‍ തന്നെ.
രണ്ട് ദശാബ്ദത്തോളമായി അരുണാച്ചല്‍പ്രദേശില്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അവിടെ പുതിയ െ്രകെസ്തവസമൂഹങ്ങള്‍ക്ക് രൂപം നല്കുന്നതില്‍ മാര്‍ മേനാപറമ്പില്‍ വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. ഏഷ്യയിലെ സഭയ്ക്ക് സവിശേഷമായ ഒരു സുവിശേഷവല്ക്കരണരീതിയാണ് മാര്‍ മേനാംപറമ്പില്‍ സമ്മാനിച്ചത്. അത് പരക്കെ വിശേഷിപ്പിക്കപ്പെട്ടത് ഏഷ്യയുടെ ആത്മാവിലേക്ക് കാതില്‍ സുവിശേഷം പറയുക എന്നായിരുന്നു. ''കാതില്‍ പറയുന്ന സുവിശേഷവല്ക്കരണം ഒരിക്കലും ഭീരുത്വത്തിന്റെയോ വിശ്വാസക്കുറവിന്റെയോ അടയാളമല്ല.. അത് ആഴമേറിയ വിശ്വാസത്തിന്റെയും ഗൗരവപൂര്‍ണ്ണമായ പ്രഘോഷണത്തിന്റെയും അടയാളമാണ്. അത് ആദരവിന് വേണ്ടി നിലകൊള്ളുന്നു..''

ആര്‍ച്ച് ബിഷപ് മാര്‍ മേനാപറമ്പിലിന്റെ ഉള്‍ക്കാഴ്ചകള്‍ക്ക് കിട്ടിയ ആദരവായിരുന്നു 2009 ലെ ദു:ഖവെള്ളിയാഴ്ച വത്തിക്കാനില്‍ നടക്കുന്ന കുരിശിന്റെ വഴിക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ തയ്യാറാക്കുക എന്നത്. അന്നേവരെ മറ്റൊരു ഭാരതീയ മെത്രാനും കിട്ടാത്ത ആദരവായിരുന്നു അത്.
50 ഇടവകകള്‍, രണ്ടു സെമിനാരികള്‍, അഞ്ച് ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, വികലാംഗപുനരധിവാസ കേന്ദ്രങ്ങള്‍ എല്ലാം ഗുവാഹത്തി ഇടയകാലത്ത് അദ്ദേഹം സമൂഹത്തിന് നല്കിയ സംഭാവനകളായിരുന്നു. ഓരോ സ്ഥാപനങ്ങളും മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ളവയാണ് എന്ന ബോധ്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആസാമിലെ ബോണ്‍ഗായ്ഗാന്‍ നഴ്‌സിംങ് സ്‌കൂളിന്റെ കൂദാശകര്‍മ്മം നിര്‍വഹിക്കുമ്പോള്‍ മാര്‍ മേനാംപറമ്പില്‍ പറഞ്ഞതും അതുതന്നെയായിരുന്നു. ''നമ്മള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ്..'' വ്യത്യസ്തവിഷയങ്ങളില്‍ മുപ്പതോളം കൃതികളുടെ കര്‍ത്താവുമാണ് മാര്‍ മേനാംപറമ്പില്‍.

കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ് സലേഷ്യന്‍ സഭാംഗമായ മാര്‍ തോമസ് മേനാംപറമ്പില്‍. പാപ്പച്ചന്റെയും അന്നാമ്മയുടെയും പന്ത്രണ്ട് മക്കളില്‍ മൂത്ത ആളായി 1936 ഒക്‌ടോബര്‍ 22 ന് ജനനം. 1961 ലാണ് വടക്കുകിഴക്ക് സംസ്ഥാനത്തിലേക്ക് വന്നത്.
ഷിംല്ലോങ്ങിലായിരുന്നു തിയോളജി. 1992 ലാണ് ഗുവാഹത്തി രൂപതാസ്ഥാനം മാര്‍ മേനാംപറമ്പില്‍ ഏറ്റെടുത്തത്. 1981 മുതല്‍ ഡിബ്രുഗാ രൂപതാധ്യക്ഷനായിരുന്നു. 1995 ല്‍ ഗുവാഹത്തി അതിരൂപതയായപ്പോള്‍ ആദ്യ ഇടയനും അദ്ദേഹമായി.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.