Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Saturday, 28 January 2012 15:19

ദൈവം നല്‍കുന്ന സമാധാനം Featured

Written by  ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ OFM.Cap.
Rate this item
(2 votes)

ദൈവം നട്ടിടത്തു വളരാതെ സ്വയം പറിച്ചു നട്ടവരാരും രക്ഷപെട്ടിട്ടില്ല. ദൈവം നിര്‍ദ്ദേശിച്ച സ്ഥലത്ത് പ്രതീക്ഷയോടെ കാത്തുനിന്നയാര്‍ക്കും നിരാശപ്പെടേണ്ടി വന്നിട്ടുമില്ല. നിരാശതയുടെ തുരുത്തിലും പ്രതീക്ഷ കൈവിടാതെ കാത്തുനിന്നവരെല്ലാം അനുഗ്രഹം പ്രാപിച്ചിട്ടുണ്ട്. നീറുന്ന മനസോടെ ഹാഗാര്‍ ദൈവത്തെ വിളിച്ചപ്പോള്‍ അവള്‍ നിന്ന സ്ഥലത്തുതന്നെ അത്യത്ഭുതം വിരിഞ്ഞുയര്‍ന്നു. സ്വന്തം കുഞ്ഞിന് കൊടുക്കുവാനായി ഒരു തുള്ളി ജലം ചോദിച്ചപ്പോള്‍ ഒരു കിണര്‍ തന്നെ ദൈവം സമ്മാനിച്ചു. ദൈവം പറഞ്ഞ സ്ഥലത്ത് ഏലിയാ കാത്തുനിന്നപ്പോള്‍ കാക്ക അപ്പവുമായി പറന്നെത്തി. ദൈവിക നിര്‍ദ്ദേശം സ്വീകരിക്കാതെ പോയവരെല്ലാം പരാജിതരായി തിരിച്ചു വരുന്നതും നാം കാണുന്നുണ്ട്. നിനവേയിക്കേു പോകുവാനുള്ള ദൈവികാഹ്വാനത്തെ തള്ളിക്കളഞ്ഞ് താര്‍സീസിലേക്കു കപ്പല്‍ കയറിയ യോനാ പ്രവാചകന്റെ അനുഭവം നമുക്കറിയാം. പോയ വഴികളിലെല്ലാം അസ്വസ്ഥത അവനെ വേട്ടയാടിക്കൊണ്ടിരുന്നു. ഇളകിമറിയുന്ന കടലും ആടിയുലയുന്ന കപ്പലുമെല്ലാം അവനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. മത്സ്യത്തിന്റെ ഉദരത്തിലെ മാലിന്യംകൊണ്ടു പൊതിയപ്പെട്ടവനായി നിനവേയുടെ തീരത്ത് തള്ളപ്പെടുന്ന യോനായുടെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. ദൈവം ആവശ്യപ്പെട്ടിടത്തു നില്‍ക്കാതെ സ്വന്തം വഴികള്‍ തേടുന്നവര്‍ക്കെല്ലാമുള്ള അനുഭവമാണ് യോനാ പ്രവാചകനിലൂടെ പഠിപ്പിക്കുന്നത്. നാം എത്ര കുതറിയോടിയാലും അവസാനം ദൈവനിശ്ചയത്തിന് വിധേയരായിത്തീരും. ഒരിക്കലും ആ കണ്‍മുമ്പില്‍നിന്നും ഓടിയൊളിക്കുവാന്‍ മനുഷ്യന് കഴിയില്ലെന്ന് 139-ാം സങ്കീര്‍ത്തനം പഠിപ്പിക്കുന്നു. ഒത്തിരിയേറെ തന്ത്രങ്ങളാവിഷ്‌ക്കരിച്ചവനായിരുന്നു യാക്കോബ്. ജ്യേഷ്ഠന്റെ കടിഞ്ഞൂല്‍ അവകാശം ഒരു പാത്രം പായസത്തിനു പകരമായി നേടിയെടുത്തവന്‍. അന്ധതയുടെ അന്ധകാരത്തില്‍ ഉഴറിയിരുന്ന ഇസഹാക്കിനെ കബളിപ്പിച്ച് അനുഗ്രഹം പ്രാപിച്ചവന്‍. ലാബാന്റെ സ്വത്തുമായി കടന്നു കളഞ്ഞവന്‍... യാക്കോബിന്റെ എല്ലാ ഓട്ടങ്ങളും ഒരു മല്‍പിടുത്തത്തിന്റെ മുഹൂര്‍ത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. ദൈവദൂതനുമായി നടത്തിയ മല്‍പ്പിടുത്തത്തിന്റെ അവസാനം ഇടുപ്പെല്ല് തെറ്റിയവനായി അവന്‍ മാറി. ദൈവത്തിന്റെ അനുഗ്രഹമില്ലാതെ ജീവിക്കാനാവില്ലെന്ന് ബോധ്യപ്പെട്ട യാക്കോബ് ദൈവാനുഗ്രഹത്തിനായി യാചിക്കുന്നു. എല്ലാ കുതന്ത്രങ്ങളെയും കൂടപ്പിറപ്പാക്കിയവന്‍ അവസാനം അനുഗ്രഹങ്ങളേറ്റു വാങ്ങിയ മനുഷ്യനായി മാറി. ദൈവതിരുമുമ്പില്‍ നിസഹായനായി അദ്ദേഹം നില്‍ക്കുന്ന രംഗമാണ് അവസാനം നാം കാണുന്നത്.

ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും ശത്രുവായി കണ്ടവനായിരുന്നു സാവൂള്‍. ക്രൈസ്തവ സന്ദേശത്തെ നിശബ്ദമാക്കുവാന്‍ ആവേശത്തോടെ ഇറങ്ങിത്തിരിച്ച തീവ്രവാദി. യേശുവിനെ മുഖാമുഖം കാണുന്ന നിമിഷത്തില്‍ ശക്തമായ മാറ്റത്തിന് വിധേയനായിത്തീര്‍ന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ക്രിസ്തുവിന് വേണ്ടിയായിരുന്നു. കര്‍ത്താവിന് പ്രവര്‍ത്തിക്കുവാനുള്ള ശക്തമായ ഉപകരണമായി സാവൂള്‍ മാറി. തീക്ഷ്ണമതിയായ പൗലോസ് പിറവിയെടുക്കുന്ന രംഗം നമ്മുടെയൊക്കെ മനസിലുണ്ട്.

പിതാവിന്റെ സന്നിധിയില്‍ നിന്നും അര്‍ഹതപ്പെട്ടതെല്ലാം വാങ്ങി ദൂരെ ദേശത്തേക്ക് യാത്രയായ ധൂര്‍ത്തപുത്രന്റെ അധഃപതനത്തിന്റെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. ഏറ്റവും വൃത്തിഹീനമായ പന്നിവേലയില്‍ ചെന്നു നിപതിച്ച അവന്‍ അവസാനം പിതാവിന്റെ മുന്‍പില്‍ പശ്ചാത്താപത്തോടെ തിരിച്ചെത്തുന്നു. ചെയ്ത അപരാധങ്ങള്‍ക്കെല്ലാം പരിഹാരം ചെയ്യാനുറച്ചു വന്ന നിമിഷത്തില്‍ ആഹ്ലാദാരവത്തിന്റെ സ്വര്‍ഗീയ സന്തോഷം അലയടിച്ചുയര്‍ന്നു. ദൈവത്തില്‍ നിന്നകലുമ്പോള്‍ അസ്വസ്ഥതയും ദൈവത്തോടടുക്കുമ്പോള്‍ സ്വസ്ഥതയും മനുഷ്യന് ലഭിക്കുന്നു. ജീവിതസുഖങ്ങളില്‍ മുഴുകി കഴിയുമ്പോള്‍ ആത്മാവില്‍ വരള്‍ച്ചയും ദൈവത്തോടടുക്കുമ്പോള്‍ കുളിര്‍മയും അനുഭവിക്കുന്നു. പിതൃഭവനത്തില്‍ വസിക്കുന്നവര്‍ക്കുള്ള സന്തോഷം ദൈവത്തിന്റെ ദാനമാണ്. മനുഷ്യന്‍ എത്ര ഓടിയാലും അവസാനം ദൈവത്തിലെത്തണം. ഒറ്റയ്ക്കുള്ള ഓട്ടങ്ങള്‍ നമ്മെ ഒരിടത്തും എത്തിക്കില്ല. മനസും ശരീരവും മരവിച്ച നാം തളര്‍ന്നു വീഴും. അവസാനം ദൈവത്തിലേക്ക് തിരിയും. അവിടെ നാം യഥാര്‍ത്ഥ സമാധാനം അനുഭവിക്കും. സ്വത്തും ധനവും സുഖവുമെല്ലാം അകന്നുപോകും. ദൈവം മാത്രം നിത്യമായി നിലനില്‍ക്കും. ജ്ഞാനിയായ മനുഷ്യന്‍ ഈ സത്യം ആദ്യമേ ഉള്‍ക്കൊള്ളും. ദൈവത്തില്‍ സ്വസ്ഥത കണ്ടെത്തി അവനില്‍ ലയിച്ചിരിക്കുവാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.