എറണാകുളം അതിരൂപത ഫാമിലി ഫോര്‍മേഷന്‍ സെന്ററിന്റെ സ്പിരിചല്‍ ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി സംസാരിക്കുന്നു
? യുവജനങ്ങളുടെ ആത്മീയജീവിതം ഉത്തേജിപ്പിക്കാന്‍ 2012ല്‍ എന്തൊക്കെയാണ് പദ്ധതികള്‍.
= ജീവിതത്തില്‍ ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കലാണ് ജീവിതത്തെ ഉത്തേജിപ്പിക്കാനുള്ള അടിസ്ഥാനതത്വം. ഇന്ന് യുവജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുക ബുദ്ധിമുട്ടാണ്. ധ്യാനങ്ങളും മറ്റും ഇന്ന് പഴയതുപോലെ യുവജനങ്ങളുടെ പങ്കാളിത്തത്തിന്റെ വരള്‍ച്ച അനുഭവിക്കുകയാണ്. ഈ മേഖല ആകര്‍ഷകമാക്കുക എന്നതുതന്നെയാണ് ഇതിനുള്ള പോംവഴി. 2012ല്‍ ഈ മേഖലയില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഞങ്ങള്‍ മുന്‍തൂക്കം കൊടുക്കുന്നത്. യുവജനങ്ങളെ യേശുവിലേക്ക് ആകര്‍ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.
? കുടുംബങ്ങള്‍ ക്രിസ്തുവിലേക്ക് കുറേക്കൂടി അടുക്കാനുള്ള നിര്‍ദേശങ്ങള്‍.
= തലമുറകള്‍ കഴിയുന്തോറും ദൈവത്തെക്കുറിച്ചുള്ള അറിവില്‍ വന്ന കുറവ് കുടുംബങ്ങളില്‍ വ്യക്തമായിക്കാണുന്നുണ്ട്. വിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയുടെ അനര്‍ത്ഥങ്ങള്‍ കുറെയൊക്കെ കുടുംബങ്ങളെ ബാധിച്ചിട്ടുമുണ്ട്. കുടുംബരൂപീകരണ കാലഘട്ടത്തില്‍ തന്നെ ഈ കുറവ് മനസ്സിലാക്കി പോംവഴി നിശ്ചയിക്കുന്നില്ലെങ്കില്‍ ഈ മേഖല തകര്‍ന്നടിയുമെന്നാണ് എന്റെ അഭിപ്രായം. പാശ്ചാത്യസംസ്‌കാരത്തിന്റെ തനിയാവര്‍ത്തനം നമ്മുടെ സമൂഹത്തിലും സംഭവിക്കുവാന്‍ സാധ്യതയുണ്ട്. ഇന്നത്തെ വിവാഹ ഒരുക്കസെമിനാറുകള്‍ കുറേക്കൂടി കുടുംബത്തിന് ആവശ്യമായ ആധ്യാത്മിക ഒരുക്കം നല്‍കേണ്ടതുണ്ടെന്ന് തോന്നുന്നു.
വിശുദ്ധ ഗ്രന്ഥം പരിചയപ്പെടുത്തിക്കൊണ്ട് വിശ്വാസജീവിതത്തിന് അടിത്തറയിടുന്ന സമഗ്ര പഠനമാണ് വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്ക് നല്‍കേണ്ടത്. ഇത് ഒന്നോ രണ്ടോ പ്രാവശ്യമായി (ധ്യാനം എന്നുതന്നെ വിളിക്കാം) ഇവര്‍ക്ക് നല്‍കി ക്രിസ്തുകേന്ദ്രീകൃത കുടുംബങ്ങള്‍ സൃഷ്ടിക്കാതെ കുടുംബങ്ങള്‍ നവീകരിക്കപ്പെടില്ല. ഇതിന് ആവശ്യമായ നടപടിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
? ജീവിതത്തില്‍ തകര്‍ച്ചകളും പ്രതികൂലങ്ങളുമുണ്ടാകുമ്പോള്‍ ദൈവകൃപയില്‍ ആശ്രയിച്ച് നില്‍ക്കാനുള്ള മാര്‍ഗങ്ങള്‍.
= മനസ് തകര്‍ന്ന ഒരു വ്യക്തിക്ക് ഏറ്റവും ആവശ്യമായത് മറ്റൊരാളോട് ഹൃദയം തുറന്ന് സംസാരിക്കുക എന്നുള്ളതല്ലേ? ഇതിന് നമ്മുടെ സഭയിലുള്ള ഒരു സംവിധാനമാണ് പുരോഹിതരും സന്യാസിനികളും. ഇവര്‍ ജനങ്ങളെ ശ്രവിക്കണം. ഇന്ന് അല്മായരെപ്പോലെ പുരോഹിതരും കന്യാസ്ത്രീകളും മറ്റ് പല ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുക വഴി ജനങ്ങളുമായുള്ള ഇങ്ങനെയൊരിടപെടല്‍ ചില സ്ഥലങ്ങളിലെങ്കിലും നടക്കാതെ പോകുന്നു.
പുരോഹിതരുടെയും സന്യസ്തരുടെയും ഭവനസന്ദര്‍ശനമാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന്. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പ്രശ്‌നപരിഹാരത്തിന് തെറ്റായ വഴികളിലൂടെ ഇറങ്ങി പുറപ്പെടുന്നതിന് മുമ്പ് പ്രശ്‌നപരിഹാരത്തിന് അവരുടെ അടുത്തേക്ക,് അവരെ തേടിച്ചെല്ലുന്ന സംവിധാനമാണ് കുടുംബസന്ദര്‍ശനം. ഇതിന്റെ ഫലം വളരെ വലുതാണ്. ഇങ്ങനെ ആത്മാര്‍ത്ഥത നിറഞ്ഞ പ്രവൃത്തിയിലൂടെ മാത്രമേ അസ്വസ്ഥമായ ഒരു സമൂഹത്തെ നയിച്ചുകൊണ്ടുപോകുവാന്‍ സാധിക്കൂ. ഈയൊരു ദൗത്യം ക്രിസ്തുവിനെപ്രതി നിര്‍വഹിക്കപ്പെടുക എന്നതും പ്രധാനമാണ്.
ഒരു വ്യക്തിയെ സംബന്ധിച്ച് ദൈവത്തിലുള്ള ആശ്രയമാണ് തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനും ഉയര്‍ന്നുപൊങ്ങാനുമുള്ള ഏക ഉപാധി. ഈയൊരു ബോധ്യം ഓരോ വ്യക്തികളിലും എത്തിക്കലാണ് ഓരോ ധ്യാനപരിപാടിയുടെയും ലക്ഷ്യം.
? പുതുവത്സരത്തില്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള വഴികള്‍.
= ഏതു തീരുമാനത്തോടും ആത്മാര്‍ത്ഥത പുലര്‍ത്തുക എന്നത് സത്യസന്ധതയുടെ ഭാഗമാണ്. പലപ്പോഴും സ്വന്തം ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മറന്നുപോവുകയോ, ഇടയ്ക്ക്‌വച്ച് ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. ഇതിനെ ക്രിയാത്മകമാക്കാന്‍ ഒരു പോംവഴി, എടുത്ത തീരുമാനം നമ്മെ വ്യക്തിപരമായി അറിയുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ആരോടെങ്കിലും തുറന്നുപറയുക എന്നതാണ്. നമ്മള്‍ എടുത്ത തീരുമാനം മറ്റാരും അറിയുന്നില്ലെങ്കില്‍ അത് ഉപേക്ഷിക്കുമ്പോഴും ആരും അറിയുന്നില്ല. എന്നാല്‍ ഉത്തരവാദപ്പെട്ട ഒരാളോട് തുറന്ന് പറഞ്ഞ ഒരു തീരുമാനം മാറ്റുന്നതില്‍ നമുക്ക് അല്പം വൈമനസ്യം ഉണ്ടാകുമെന്നുറപ്പ്. അതോടൊപ്പം നമ്മെ കേട്ട വ്യക്തി ഇടക്കെങ്കിലും നമ്മുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനുള്ള പ്രോത്സാഹനവും കരുത്തും നല്‍കാന്‍ പ്രാപ്തനാണെങ്കില്‍ അത് ഒരു ഊന്നുവടിയേക്കാള്‍ നമുക്ക് സഹായകമാകും. ഭാര്യയ്ക്ക് ഭര്‍ത്താവിനോട് തന്റെ തീരുമാനം തുറന്ന് പറയാം, മക്കള്‍ക്ക് മാതാപിതാക്കളോട് തുറന്ന് പറയാം, ഇടവക വൈദികരെയും വിശ്വസ്തരായ മറ്റുള്ളവരെയും നമ്മുടെ തീരുമാനങ്ങളുടെ കാവല്‍ക്കാരാക്കാം. സര്‍വോപരി പരിശുദ്ധാത്മാവിനെ സംരക്ഷകനായി സ്വീകരിക്കുന്ന ഒരു വ്യക്തിക്കും തന്റെ തീരുമാനത്തില്‍ നിന്ന് പുറകോട്ട് പോകേണ്ടി വരില്ല.
?ജനങ്ങളോട് പ്രത്യേകിച്ച് യുവജനങ്ങളോട് ആധ്യാത്മികതയുടെ നിറവില്‍ നിരന്തരം ബന്ധപ്പെടുന്ന അച്ചനെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്ന അനുഭവം എന്താണ്?
$ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ പാപംമൂലം സാത്താന് വശംവദനായി മാറി എന്നതാണ് സ്വര്‍ഗത്തിന്റെയും ദൈവത്തിന്റെയും ദുഃഖം. ഈ മനുഷ്യനെ തിരികെ ദൈവത്തിന്റേതാക്കി മാറ്റാനുള്ള പദ്ധതിയാണ് ലോകത്തില്‍ ഇന്ന് നടക്കുന്നത്. ഒരു പാപം ഉണ്ടാക്കിയ പതനത്തിന്റെ ഭയാനകത മനസിലാക്കേണ്ടത് ദൈവം അന്നുമുതല്‍ ഇന്നുവരെ അതിനെതിരെ ചെയ്തുപോന്നിട്ടുള്ള പ്രവൃത്തിയെ കണ്ടാകുമ്പോള്‍, നമുക്കു മനസിലാക്കാന്‍ കഴിയുക പാപത്തേക്കാള്‍ കഠിനമായ മറ്റൊന്നും ഈ ലോകത്തില്‍ ഇല്ല എന്നുള്ളതാണ്.
സ്വന്തം പുത്രന്റെ ബലിരക്തത്താല്‍ കഴുകാന്‍ തക്കവിധം പാപത്തിന് കറയുണ്ടെന്നോര്‍ക്കുക. നാം ചിന്തിക്കാത്തതും അറിയാത്തതുമായ ഭയാനകത പാപത്തിനുണ്ട്. പാപത്തെ വെറുത്തുപേക്ഷിക്കുക, പാപത്തില്‍നിന്നും ഓടിയകലുക ഇതെല്ലാം യേശുവിന്റെ വാക്കുകളാണ്. ക്രിസ്തു അനേകം ഉപമകളിലൂടെ പശ്ചാത്തപിക്കുന്ന പാപിയോടുള്ള ദൈവപിതാവിന്റെ മനോഭാവം വെളിപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ വചനം പറയുന്ന ഒരു പാപിയുടെ മാനസാന്തരത്തില്‍ സ്വര്‍ഗം മുഴുവന്‍ ആഹ്ലാദിക്കുന്നുവെന്ന്. അങ്ങനെയെങ്കില്‍ ഓരോ സമൂഹത്തോടും വചനം പ്രഘോഷിക്കുമ്പോഴും ഓരോ ദിവസവും ആ ജനത്തിനുവേണ്ടി ദൈവത്തോടു പ്രാ ര്‍ത്ഥിക്കുമ്പോഴും അവരില്‍ ഉണ്ടാകുന്ന മാനസാന്തരമാണ് എന്നെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത്. ജീവിതത്തിന്റെ ആധ്യാത്മിക നന്മകളെ സമ്പൂര്‍ണമായി ധൂര്‍ത്തടിച്ച് തകര്‍ച്ചയുടെ അഗാധതയില്‍ വീണ മനുഷ്യന്‍ പശ്ചാത്താപത്തിന്റെ കണ്ണീരോടെ ദൈവസന്നിധിയില്‍ ശിരസു നമിക്കുന്നതു കാണുമ്പോള്‍ ഇടനെഞ്ചില്‍ നിറയുന്ന ആഹ്ലാദത്തോടെ ഞാന്‍ ചിന്തിക്കാറുണ്ട് പിതാവേ, അങ്ങയുടെ ഈ മകനെ കണ്ട് അവിടുത്തെ കണ്ണുകളും നിറഞ്ഞിരിക്കുമല്ലോ. ദൈവമനുഷ്യബന്ധത്തിന്റെ പുനഃസ്ഥാപനത്തില്‍ ഒരു വിശ്വസ്ത ദാസനായിരിക്കാന്‍ കഴിയണേ എന്നാണ് എന്നും എന്റെ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥന നല്‍കുന്ന സന്തോഷമാണ് മുന്നോട്ടുള്ള യാത്രയില്‍ കരുത്തേകുന്നത്.
(ഫാ.ജോസ് ഉപ്പാണി: ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി ഏഴ് വര്‍ഷം സേവനം ചെയ്തു. തുടര്‍ന്ന് ഏഴുവര്‍ഷം വിദേശത്ത് സുവിശേഷപ്രഘോഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലായിരുന്നു. ഇപ്പോള്‍ എറണാകുളം അതിരൂപതയുടെ ഫാമിലി അപ്പോസ്തലേറ്റിന് കീഴിലുള്ള ഫാമിലി ഫോര്‍മേഷന്‍ സെന്ററിന്റെ സ്പിരിച്വല്‍ ഡയറക്ടറാണ്.)
Saturday, 14 January 2012 12:34
പ്രതികൂലങ്ങളില്‍ ദൈവത്തില്‍ ആശ്രയിക്കുക
Written by എഡ്വേഡ് മണ്ണാപറമ്പില്‍ കൊച്ചി
Read 918 times
Published in
അഭിമുഖം
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.