Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Saturday, 14 January 2012 12:34

യുവജനങ്ങളെ ഉണര്‍ത്തേണ്ട വര്‍ഷം

Written by  സ്വന്തം ലേഖകന്‍ കോയമ്പത്തൂര്‍
Rate this item
(0 votes)

കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാന ഇല്ലം സുപ്പീരിയര്‍ ഫാ.ജോസഫ് വാണിയംതറ വി.സി. സംസാരിക്കുന്നു

? യുവജനങ്ങളുടെ ആത്മീയ ജീവിതം ഉത്തേജിപ്പിക്കാന്‍ പുതുവര്‍ഷത്തിലെ പദ്ധതികള്‍.
= യുവജനങ്ങളുടെ ആത്മീയജീവിതം കുടുംബത്തില്‍ നിന്നും ആരംഭിക്കണം. ഒരു കുഞ്ഞിന്റെ ജനനത്തിനായി ആകാംക്ഷയോടുകൂടി കാത്തിരിക്കുന്ന മാതാപിതാക്കള്‍, ആ കുഞ്ഞിനെ പക്വതയുള്ള ഒരു യുവാവോ, യുവതിയോ ആയി വളര്‍ത്തുവാനു ള്ള ഉത്സാഹവും കാണിക്കണം. മക്കളുടെ ശരിയായ വ്യക്തിത്വരൂപീകരണം മാതാപിതാക്കളുടെ ഗൗരവമേറിയ ഉത്തരവാദിത്വമാണ്. ദൈവതിരുമുമ്പിലും സമൂഹത്തിലും മക്കളെപ്പറ്റി കണക്കുപറയുവാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്.
യുവജനങ്ങളുടെ ആത്മീയജീവിതം ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം തന്നെ അവര്‍ വഴിതെറ്റിപ്പോകാന്‍ സാധ്യതയുള്ള മേഖലകള്‍ മനസ്സിലാക്കണം. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നീ ആധുനിക വിവരസാങ്കേതികവിദ്യകള്‍ മാനവപുരോഗതിക്ക് അത്യന്താപേക്ഷിതമാണെങ്കിലും അവയുടെ ദുരുപയോഗം വര്‍ധിച്ചുവരുന്നു. അതുപോലെതന്നെ തെറ്റായ മാര്‍ഗത്തില്‍ കൂടി സഞ്ചരിക്കുന്ന സഹപാഠികള്‍ യുവജനങ്ങളെ ആത്മീയജീവിതത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. മദ്യപാനം, ലൈംഗിക അരാജകത്വം, ലഹരിവസ്തുക്കളുടെ ഉപയോഗം, അക്രമവാസന, ധനസമ്പാദനത്തിനുള്ള അമിതാഗ്രഹം, സമൂഹത്തോടുള്ള എതിര്‍പ്പ്, വിശ്വാസജീവിതത്തോടുള്ള വിരക്തി എന്നിവയും യുവജനങ്ങളില്‍ ഏറി വരികയാണ്.
ഉയര്‍ന്ന വിദ്യാഭ്യാസം, മികച്ച ജോലി, സാമ്പത്തികഭദ്രത എന്നീ മൂന്ന് കാര്യത്തിലൂന്നിയാണ് മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുന്നത്. ഇതിനിടയില്‍ ശ്രേഷ്ഠമായതും നിത്യമായതും എന്താണെന്ന് മനസ്സിലാക്കുന്നതില്‍ കുട്ടികള്‍ പരാജയപ്പെടുന്നു. മക്കള്‍ ദൈവത്തിന്റെയും മനുഷ്യന്റെയും പ്രീതിയില്‍ വളരണം. മക്കളെ സ്‌നേഹിക്കണം, അതോടൊപ്പം തിരുത്തലുകളും നല്‍കണം. അവര്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണം. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അത് ദൈഹിതമാണെന്ന് പറഞ്ഞ് വിശ്വാസത്തിന്റെ ആഴവും പരപ്പും മക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം.
മുതിര്‍ന്നവരോടുള്ള ബഹുമാനം, പൊതുസ്ഥലത്തുള്ള പെരുമാറ്റം, വൃത്തിയും വെടിപ്പും, അന്യരുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റം, ദരിദ്രരോടുള്ള കാഴ്ചപ്പാട് മുതലായവയെപ്പറ്റി അറിവും പരിശീലനവും നല്‍കണം. യുവജനങ്ങളുടെ ആത്മീയജീവിതം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനാസംഗമങ്ങള്‍ നടത്തുക. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഒരുപരിധിവരെയെങ്കിലും പരിഹരിക്കാന്‍ കൗണ്‍സിലിങ് വഴി സാധിക്കും. വചനാധിഷ്ഠിതമായ കൗണ്‍സിലിങ് ശാശ്വതമായിരിക്കും.
? കുടുംബബന്ധങ്ങള്‍ ക്രിസ്തുവിലേക്ക് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാനുള്ള നിര്‍ദേശങ്ങള്‍.
= സഭയുടെ ചെറിയ പതിപ്പാണല്ലോ കുടുംബം. സ്‌നേഹവും സന്തോഷവും പരസ്പരവിശ്വാസവും പരസ്പരധാരണയും വിധേയത്വവും എളിമയും നിറഞ്ഞുനില്‍ക്കണമെന്നതായിരിക്കണം കുടുംബമെന്ന് നാം ആഗ്രഹിക്കുന്നു. ക്രിസ്തുവിലേക്ക് അടുത്തുനില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് മാത്രമേ ഇത് കൈവരിക്കാന്‍ കഴിയൂ.
നാല് ഭിത്തികളുള്ള കെട്ടിടത്തിന് 'ഹൗസ്' എന്ന് പറയുന്നു. നല്ല മനുഷ്യര്‍ വസിക്കുമ്പോള്‍ അത് 'ഹോം' ആയി മാറുന്നു. എല്ലായിടത്തും നമുക്ക് 'ഹൗസിങ് കോളനികള്‍' കാണാം. എന്നാല്‍ 'ഹോം കോളനികള്‍' ഇല്ല. 'ഹൗസ്', 'ഹോം' ആകണമെങ്കില്‍ ദൈവകൃപ വേണം. അവിടെയാണ് യേശു ഈ കുടുംബത്തിന്റെ നായകനാകുന്നത്.
കുടുംബബന്ധങ്ങള്‍ ക്രിസ്തുവിലേക്ക് അടുക്കണമെങ്കില്‍ ഒന്നിച്ചുള്ള പ്രാര്‍ത്ഥനയുണ്ടാകണം. എല്ലാദിവസവും ജപമാല അത്യന്താപേക്ഷിതമാണ്. ''ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചുചോദിക്കുന്ന ഏതുകാര്യവും സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍ രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും''. (മത്തായി 18: 19-20). പല ഗൃഹനാഥന്മാരും മുതിര്‍ന്ന കുട്ടികളും പലപ്പോഴും കുടുംബപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുവാന്‍ വൈമുഖ്യം കാണിക്കാറുണ്ട്. ഈ പ്രവണത പുതിയവര്‍ഷം മാറ്റിയെടുക്കുവാന്‍ നാം ശ്രമിക്കണം. സമ്പത്തിനൊപ്പം സമയത്തിന്റെയും ദശാംശം നല്‍കുവാന്‍ നാം ബാധ്യസ്ഥരാണ്. ആധുനികകാലത്ത് കുടുംബങ്ങളില്‍ വിള്ളല്‍ സംഭവിക്കുന്ന ഒരു വലിയ മേഖലയായി വിവാഹമോചനം മാറി. പ്രാര്‍ത്ഥനാനുഭവം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. ഉയര്‍ന്ന വിദ്യാഭ്യാസം, ഉയര്‍ന്ന ജോലി, നല്ല ശമ്പളം- ഇത് മൂന്നുംകൂടി ആകുമ്പോള്‍ ദമ്പതികള്‍ ദൈവത്തെ മറക്കുന്നു. എളിമ, വിട്ടുവീഴ്ചാമനോഭാവം എന്നീ ഗുണങ്ങള്‍ പല ദമ്പതികളിലും കുറവാണ്. വിവാഹമോചനത്തിന് വേണ്ടി വാദിക്കുന്ന ദമ്പതികള്‍ക്ക് വക്കീല്‍ സഹായത്തിന് പകരം പ്രാര്‍ത്ഥനാസഹായം നല്‍കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വിവാഹമെന്ന കൂദാശയുടെ വിശുദ്ധിയും പവിത്രതയും മാതാപിതാക്കള്‍ മക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം.
? ജീവിതത്തില്‍ തകര്‍ച്ചയും പ്രതികൂലസാഹചര്യങ്ങളും ഉണ്ടാകുമ്പോള്‍ ദൈവകൃപയില്‍ ആശ്രയിച്ചുനില്‍ക്കുവാനുള്ള മാര്‍ഗങ്ങള്‍.
= പരീക്ഷണങ്ങള്‍ ക്രിസ്ത്യാനിയുടെ അവകാശമാണ്. കാരണം കര്‍ത്താവ് തന്നെ നിരവധിതവണ പരീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം യേശു വിജയശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റു. തകര്‍ച്ചയും പ്രതികൂലസാഹചര്യങ്ങളും ഉണ്ടാ കുമ്പോള്‍ ദൈവത്തില്‍ ആഗ്രഹിച്ച് ജീവിച്ച വ്യക്തികളുടെ ചരിത്രമാണ് ബൈബിളിലെ പൂര്‍വപിതാക്കന്മാരുടെ ചരിത്രം. ജോബിന്റെ ജീവിതമാതൃക ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ''കര്‍ത്താവ് തന്നു, കര്‍ത്താവ് എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ'' (ജോബ് 1:21). തകര്‍ച്ചകളും കഷ്ടതകളും അഭിമുഖീകരിക്കുമ്പോള്‍ ഈ വചനം ഓര്‍ക്കുന്നത് എപ്പോഴും ആശ്വാസദായകമാണ്. തകര്‍ച്ചകളില്‍ നിന്ന് രക്ഷിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. എല്ലാം നന്മയ്ക്കുവേണ്ടിയാണ് . ''ദൈവത്തിന് ഒന്നും അസാധ്യമല്ല'' (ലൂക്ക 1-37).
സാമ്പത്തികതകര്‍ച്ച, രോഗം, ഉറ്റവരുടെയും ഉടയവരുടെയും വേര്‍പെടല്‍, മതാധ്യാപകമേഖലകളില്‍ തകര്‍ച്ചകളും കഷ്ടതകളും നമ്മുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുമ്പോള്‍ നിരന്തരമായും ശക്തമായും പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് സാധിക്കണം. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ നാം പങ്കുചേരണം. ഹോസ്പിറ്റല്‍ സന്ദര്‍ശനം, ഓര്‍ഫനേജ് സന്ദര്‍ശനം, അംഗവൈകല്യം സംഭവിച്ചവര്‍ എന്നിവ വഴി ദൈവം നമുക്ക് തന്ന ദാനങ്ങളെപ്പറ്റി അവബോധം ഉണ്ടാകും.
? പുതുവത്സരത്തില്‍ എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുവാനുള്ള വഴികള്‍.
= പുതുവത്സരസമയത്ത് നാം പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. എന്നാല്‍ അവ എത്രമാത്രം പ്രായോഗികമാണ്, എങ്ങനെ അതില്‍ ഉറച്ച് നില്‍ക്കുവാന്‍ സാധിക്കും എന്ന് നാം ചിന്തിക്കണം. വീണ്ടും ജനനം എന്നുള്ളത് ക്രിസ്ത്യാനികളുടെ ജീവിതത്തില്‍ ഓരോ നിമിഷവും സംഭവിക്കേണ്ട യാഥാര്‍ത്ഥ്യമാണ്. ദൈവവചനത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു ജീവിതശൈലി അതുകൊണ്ട് നാം രൂപപ്പെടുത്തണം. പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞതുകൊണ്ടുമാത്രം ഒരാള്‍ പുതിയ മനുഷ്യനാകില്ല. ഒപ്പം പുതിയ മനുഷ്യനെ ധരിക്കുകയും വേണമല്ലോ. ഈ പുതിയ മനുഷ്യന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു മനുഷ്യനായിരിക്കണം. തിരുവചനം ഓര്‍മ്മിപ്പിക്കുന്നു. ''ഇനി ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്'' (ഗലാ. 2-20). ബൈബിള്‍ വായന, കൂദാശസ്വീകരണം എന്നിവ നിര്‍ബന്ധമായും തുടരണം. ക്ഷമയുടെ ഒരു തിരിച്ചറിവ് ക്രൈസ്തവര്‍ ബോധപൂര്‍വം മറന്നുപോകുന്നുണ്ട്. ജീവിതപങ്കാളിയോട്, സ്വന്തം സഹോദരങ്ങളോട്, തന്നോടുതന്നെ ക്ഷമിക്കണം. ഇത് അവനെ ആത്മീയവളര്‍ച്ചയിലേക്ക് നയിക്കും.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.