സത്രത്തില്‍ സ്ഥലം കിട്ടാതെ അലഞ്ഞ യൗസേപ്പും മറിയവും പുല്‍ത്തൊഴുത്തില്‍ അഭയം കണ്ടെത്തുന്ന വിസ്മയനീയമായ കാഴ്ച നമ്മുടെ മുമ്പില്‍ നിറഞ്ഞു നില്‍ക്കുന്നു. ദൈവം മനുഷ്യന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലാണ്. ദൈവത്തെ കാണുവാനാഗ്രഹിച്ച മോശയ്ക്ക് മുള്‍പ്പടര്‍പ്പില്‍ കത്തിനില്‍ക്കുന്ന തീജ്വാലയായി അവിടുന്ന് പ്രത്യക്ഷപ്പെട്ടു.
തീജ്വാല കത്തിപ്പടര്‍ന്നിട്ടും മുള്‍പ്പടര്‍പ്പ് ചാമ്പലായില്ല. ദൈവം എല്ലാവരിലും എല്ലാറ്റിലും നിറഞ്ഞുനില്‍ക്കും. പക്ഷേ പ്രത്യക്ഷത്തിലൊരു ചലനവും സൃഷ്ടിക്കില്ല. വായുവില്‍ കൈകള്‍ വീശി അത്ഭുത വസ്തുക്കളെടുത്തു നില്‍ക്കുന്ന മാന്ത്രികവിദ്യക്കാരനല്ല ബൈബിളിലെ ദൈവം. ഭക്തജനത്തെ നെഞ്ചില്‍ ചേര്‍ത്ത് ഇരുന്ന് തുള്ളുന്ന ദൈവത്തെയും ബൈബിളില്‍ കാണില്ല. ആഡംബരങ്ങളും ജാടകളും കാണിക്കുന്ന കുട്ടിദൈവങ്ങളുടെയിടയില്‍ ബൈബിളിലെ ദൈവം വേറിട്ടു നില്‍ക്കുന്നു. ഇരുണ്ടും വെളുത്തും കടന്നുപോകുന്ന ദിനരാത്രങ്ങള്‍ക്കിടയിലെന്നെങ്കിലും ഒരു നിമിഷത്തില്‍ അവന്‍ കടന്നുവരും. ആവര്‍ത്തനവിരസതകളുടെ അള്‍ത്താരയില്‍ അര്‍പ്പണം നടത്തുന്ന എല്ലാവരിലേക്കും അവന്‍ കടന്നുവരും. അപ്പോള്‍ രക്ഷയുടെ അനുഭവമുണ്ടാകും.
1 രാജാക്കന്മാര്‍ 19 ല്‍ ഒമ്പതുമുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ ഏലിയാ പ്രവാചകന്റെ ദൈവാനുഭവത്തെപ്പറ്റി വിവരിക്കുന്നുണ്ട്. കൊടുങ്കാറ്റിലും ഭൂകമ്പത്തിലും അഗ്നിയിലും അനുഭവിക്കാന്‍ കഴിയാതെപോയ ദൈവത്തെ ഇളംകാറ്റില്‍ പ്രവാചകന്‍ അനുഭവിക്കുന്നു. ബഹളത്തിന്റെയും ശബ്ദകോലാഹലത്തിന്റെയും ലോകത്തില്‍ സൗമ്യനും ശാന്തനുമായി കര്‍ത്താവ് കടന്നുവരും. സങ്കീര്‍ത്തനം 46:10 ല്‍ പറയുന്നു: ''നീ ശാന്തമാവുക, ഞാന്‍ ദൈവമാണെന്നറിയുക.'' നമ്മള്‍ പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍, നമ്മള്‍ ഓര്‍ക്കാത്ത വ്യക്തികളിലൂടെ ക്രിസ്തു സമൂഹത്തില്‍ കടന്നുവരുന്നു. ക്രിസ്തുവിന്റെ സ്‌നേഹസാന്നിധ്യം അനുഭവിച്ചവരെല്ലാം രക്ഷയുടെ ലോകത്തിലേക്കുയര്‍ന്നു.
ബത്‌സയ്ദാ കുളത്തിന്റെ തീരത്ത് തളര്‍ന്നു കിടന്നവന് സൗഖ്യമായും സമരിയാക്കാരി സ്ത്രീയുടെ ജീവിതത്തിന് പാപബോധമുണര്‍ത്തുന്നവനായും സക്കേവൂസിന്റെ ജീവിതത്തില്‍ വിമോചകനായും അവന്‍ കടന്നുവരുന്നു. യേശു കടന്നുവന്നിടത്തെല്ലാം രക്ഷയുടെ അനുഭവമുണ്ടായി. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു എന്ന സന്ദേശം യേശുവിനെ കണ്ടുമുട്ടിയവരിലെല്ലാം യാഥാര്‍ത്ഥ്യമായി.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.