ആരെല്ലാം കര്‍ത്താവിനെ അടുത്ത് അനുഭവിച്ചോ അവരുടെയെല്ലാം ജീവിതത്തില്‍ മാറ്റം സംഭവിച്ചു. യേശുവിനെ ആരാധിക്കുവാന്‍ പുല്‍ക്കൂട്ടില്‍ കയറിയിറങ്ങിയ വിജ്ഞാനികള്‍ മറ്റൊരു വഴിയേ തിരികെപ്പോയി. അവനെ ആദ്യമായി കണ്ടുമുട്ടിയവര്‍ പഴയ വഴി മാറി നടന്നു. സക്കേവൂസ് എന്ന ദ്രവ്യാഗ്രഹിയായ മനുഷ്യന്‍ യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ നാലിരട്ടിയായി പങ്കുവയ്ക്കുന്ന മനുഷ്യനായി മാറി (ലൂക്കാ-19). പാപിനിയായ സ്ത്രീ കര്‍ത്താവിനെ കണ്ടുമുട്ടിയപ്പോള്‍ വിശുദ്ധിയുടെ പരിമളം പരത്തുവാനാരംഭിച്ചു (യോഹ. 8). സമറിയാക്കാരി സ്ത്രീ യേശുവുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ സമൂലപരിവര്‍ത്തനം സംഭവിച്ചവളായി മാറി. ലൂക്കാ ഏഴില്‍ മറ്റൊരു പാപിനി തിന്മ ചെയ്യുവാനുപയോഗിച്ച ശരീരംകൊണ്ടു നന്മകള്‍ ചെയ്യുവാന്‍ ആരംഭിച്ചു. ലെഗിയോന്‍ എന്ന പ്രേതബാധിതന്‍ യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ വസ്ത്രം ധരിച്ചു നടക്കുവാന്‍ തക്കവിധം സുബോധമുള്ളവനായി മാറി. സാവൂള്‍ യേശുവുമായി കണ്ടുമുട്ടിയപ്പോള്‍ പൗലോസായി. അവന്റെ ഹൃദയത്തോടു ചേര്‍ന്നിരുന്നവരെല്ലാം മാറ്റം വന്ന മനുഷ്യരായിത്തീര്‍ന്നു.
എന്നാല്‍ മറ്റൊരു കൂട്ടര്‍ കര്‍ത്താവിനോട് ചേര്‍ന്നിരുന്നിട്ടും, ചേര്‍ന്നു നടന്നിട്ടും ഒരു മാറ്റവുമില്ലാത്തവരായി നിലകൊണ്ടു. മൂന്നു വര്‍ഷക്കാലം അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും മനസു മരവിച്ചവനായി യൂദാസ് മാറി. താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തിലെ ജനങ്ങളെ സ്വാധീനിക്കുവാന്‍ യേശുവിന് കഴിഞ്ഞില്ല. കുറച്ചുനേരം സംസാരിച്ചിട്ടും പീലാത്തോസില്‍ മാറ്റം വരുന്നില്ല. മുട്ടിയുരുമ്മി നടന്നിട്ടും ഒത്തിരിപ്പേര്‍ക്ക് സൗഖ്യമൊന്നും ലഭിച്ചില്ല. അനേകരുടെയുള്ളിലെ പിശാചുക്കളെ ബഹിഷ്‌ക്കരിച്ചിട്ടും സ്വന്തം ഉള്ളിലെ പിശാചിനെ ബഹിഷ്‌കരിക്കുവാന്‍ യൂദാസിനു കഴിഞ്ഞില്ല. എന്തുകൊണ്ടാണ് കര്‍ത്താവിന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്നിട്ടും ജീവിതത്തില്‍ മാറ്റം വരാത്തവരായി ഇവരൊക്കെ നിലകൊണ്ടത്. ദൈവം തരുന്ന അവസരങ്ങളോട് സഹകരിച്ചാല്‍ നമ്മള്‍ മാറ്റം വന്നവരാകും. ''ഞാന്‍ വിനീതഹൃദയനും ശാന്തശീലനുമാണ്'' എന്നു പറഞ്ഞുകൊണ്ട് നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുവാന്‍ കര്‍ത്താവ് ശ്രമിക്കുന്നു. 'ശിലാഹൃദയം മാറ്റി മാംസളമായ ഹൃദയം നല്‍കാ'മെന്ന ദൈവശബ്ദം നമ്മുടെ ഹൃദയങ്ങളില്‍ സൂക്ഷിക്കുവാന്‍ നമുക്കു കഴിയണം. യേശുവിനെ ക്രൂശിക്കുവാന്‍ മുമ്പില്‍ നിന്ന ശതാധിപന്‍പോലും ഇവന്‍ സത്യമായും ദൈവപുത്രനാണെന്ന് വിളിച്ചുപറയുന്നു. ആ മനുഷ്യന്റെ ഹൃദയപരിവര്‍ത്തനം നാം ഇവിടെ കാണുന്നു. സൂര്യന്‍ തന്റെ പ്രകാശം ചെളിയിലും മെഴുകിലും ഒന്നുപോലെ പതിപ്പിക്കുന്നു. ചെളി കട്ടയായി തീരുന്നു. മെഴുക് ഉരുകുന്നു. ഒരേ പ്രകാശമാണ് രണ്ടിലും പതിച്ചത്. പ്രകാശത്തെ സ്വീകരിച്ച പദാര്‍ത്ഥങ്ങളുടെ ഉള്‍ഘടകങ്ങള്‍ രണ്ടുവിധത്തില്‍ പ്രതികരിക്കുന്നു. എന്റെ ഹൃദയം മെഴുകോ ചെളിയോ? യേശുവിന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നവര്‍ യേശുവിന്റെ സ്വഭാവം സ്വന്തമാക്കും. അവനില്‍നിന്നും അകന്നിരിക്കുന്നവര്‍ അന്ധകാരശക്തികളുടെ സ്വഭാവം സ്വന്തമാക്കും. ശാന്തതയും കരുണയും ആര്‍ദ്രതയുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കി മുന്നേറുവാന്‍ നമുക്കു കഴിയണമെങ്കില്‍ തിരുഹൃദയത്തോടു ചേര്‍ന്നിരിക്കണം. ഈ പുതുവര്‍ഷത്തില്‍ അത്തരമൊരു തീരുമാനം നമുക്കെടുക്കാം.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.