Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 23 December 2011 13:54

ഏകാന്തതയിലേക്ക്‌ ചുരുങ്ങുന്നവര്‍ക്കാകട്ടെ ഈ ക്രിസ്‌മസ്‌

Written by  കെ.ജി. മര്‍ക്കോസ്‌
Rate this item
(0 votes)

ഞാന്‍ പാട്ട്‌ പാടി തുടങ്ങുന്നതിന്‌ മുമ്പേ എനിക്ക്‌ വേണ്ടി പാടാന്‍ ലോകത്തില്‍ ഒരാളുണ്ടായിരുന്നു. ദാസേട്ടന്‍... ഞാന്‍ എനിക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന്‌ മുമ്പേ ദൈവം എനിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെ ന്ന്‌ എനിക്ക്‌ തോന്നുന്നു05

ഞാന്‍ പാടിയപ്പോള്‍ ജനം പറഞ്ഞു, `ഇത്‌ ദാസേട്ടന്‍ പാടുന്നത്‌ പോലിരിക്കുന്നു'. എ ന്ന്‌. എന്നെ നേരില്‍ കണ്ടപ്പോ ള്‍ ജനം പറഞ്ഞു, `ദാസേട്ടനെ പോലിരിക്കുന്നു.' ഞാന്‍ വെള്ള വസ്‌ത്രമിട്ടപ്പോള്‍ എന്നെ വിമര്‍ശിക്കുന്നവര്‍ പറഞ്ഞു, ദാസേട്ടനെ അനുകരിക്കരുതെന്ന്‌. ഒരിക്കലുമില്ല. മറ്റ്‌ പല സാദൃശ്യങ്ങളും ദാസേട്ടനെപ്പോലെയാകാന്‍ അനുവദിച്ച ദൈവം ദാസേട്ടനെപ്പോലെ വെളുപ്പ്‌ നിറം മറ്റെല്ലാ നിറത്തേക്കാളും ശ്രേഷ്‌ഠമെന്ന്‌ തിരിച്ചറിയാനുള്ള മനസും നല്‍കിയിട്ടുണ്ടാകണം.

`പോലെ' എന്ന പദത്തിന്‌ എന്റെ ജീവിതത്തില്‍ വന്നുപെട്ട വലിയ സ്ഥാനം ദൈവം എനിക്ക്‌ തന്ന വലിയൊരു അനുഗ്രഹമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. 1988 ല്‍ ഞാന്‍ സംഗീത ലോകത്തേക്ക്‌ പിച്ചവെച്ച്‌ നടക്കുന്ന കാലത്ത്‌ അമേരിക്കയിലെ സൗത്ത്‌ കരോളിന എന്ന ഒരു കൊച്ച്‌ എയര്‍ പോര്‍ട്ടില്‍ പ്ലെയിനിറങ്ങി നടന്ന്‌ പോകുമ്പോള്‍ എനിക്കെതിരെ വന്ന മലയാളി കുടുംബം `മര്‍ക്കോസ്‌ അല്ലേ' എന്ന്‌ ചോദിച്ച്‌ കൊണ്ട്‌ എന്റെ അടുത്തേക്ക്‌ വന്നത്‌ മറക്കാനാകാത്ത അനുഭവമാണ്‌. ഇത്‌ പോലെ പലപ്പോഴും പലസ്ഥലത്തും അപ്രതീക്ഷിതമായി സംഭവിക്കുമ്പോള്‍ ഞാന്‍ ദാസേട്ടനുവേണ്ടിയാണ്‌ പ്രാര്‍ത്ഥിച്ചത്‌. കാരണം ചെറുപ്പം മുതലേ എന്നെ ആകര്‍ഷിച്ച ആ ശബ്‌ദം എനിക്കെന്നും പ്രചോദനമായിരുന്നു. ഇപ്പോഴും ഞാനാ ശബ്‌ദത്തിന്റെ ഏതെങ്കിലും പരിധിയിലെത്തിയിട്ടുണ്ടോ എന്ന്‌ എനിക്കറിയില്ല.

പാട്ട്‌ പാടിത്തുടങ്ങുന്ന കാലഘട്ടത്തില്‍ എന്റെ കുടുംബത്തില്‍ പപ്പയുള്‍പ്പെടെ ഏകദേശം പതിനഞ്ചോളം പേര്‍ ഡോക്‌ടര്‍മാരായിരുന്നു. മക്കളെക്കുറിച്ച്‌ ഈയൊരു മാര്‍ഗം തെരഞ്ഞെടുക്കുന്നത്‌ കാണാന്‍ ആഗ്രഹപൂര്‍വ്വം എല്ലാവരും കാത്തിരിക്കുമ്പോഴാണ്‌ സ്റ്റേജില്‍ പാടുന്ന ഒരു ജീവിത ശൈലിയിലേക്ക്‌ ഞാന്‍ വന്നുപെട്ടത്‌. അന്നെന്റെ പ്രതിഫലം വെറും 10 രൂപ. പപ്പയ്‌ക്കും ഞങ്ങളുടെ ബന്ധുക്കള്‍ക്കിടയിലും ഇത്‌ വലിയ ആത്മസംഘര്‍ഷത്തിന്‌ കാരണമാക്കി. എന്നാ ല്‍ മനം മടുക്കാതെ വലിയ ആത്മവിശ്വാസത്തോടെയാണ്‌ ഞാന്‍ ഓരോ സ്റ്റേജും കയറിയിറങ്ങിയത്‌. ദൈവം നല്‍കിയ കരുത്തില്‍ മാത്രം സഞ്ചരിച്ച അക്കാലങ്ങളിലേക്ക്‌ തിരിഞ്ഞ്‌ നോക്കുമ്പോള്‍ ദൈവം നടത്തിയ വഴികളെ നന്ദിയോടെയല്ലാതെ എനിക്കോര്‍ക്കാന്‍ കഴിയുന്നില്ല.

ഇതിനിടയില്‍ മരണത്തിന്റെ കൈപ്പിടിയില്‍ നിന്നും എന്നെ വിടുവിച്ചെടുത്ത ദൈവസ്‌നേഹം ഞാന്‍ അനുഭവിച്ചറിയുന്നു. 1986ല്‍ അബുദാബിയിലെ അലെന്‍ എന്ന സ്ഥലത്ത്‌ ഞങ്ങള്‍ ഒരു പ്രോഗ്രാമിന്‌ വേണ്ടി പോകുകയുണ്ടായി. അവിടെവെച്ച്‌ കാര്‍ ആക്‌സിഡന്റായി. കാറിലുണ്ടായിരുന്ന അഞ്ചു പേരില്‍ ഞാനും എന്നോടൊപ്പം പാടാന്‍ വന്ന ഒരു പെണ്‍കുട്ടിയുമൊഴിച്ച്‌ മൂന്ന്‌ പേരും തല്‍ക്ഷണം മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ആ പെണ്‍ കുട്ടിയുടെ അമ്മയായിരുന്നു. അപകടത്തില്‍ എനിക്ക്‌ പറ്റിയ മുറിവ്‌ മാരകമായിരുന്നു. 72 മണിക്കൂറാണ്‌ എന്റെ ആയുസിന്റെ ദൈര്‍ഘ്യമായി ഡോക്‌ടര്‍മാര്‍ കണക്ക്‌ കൂട്ടിയത്‌. ഇവിടെയും എനിക്ക്‌ ദൈവം ചില പരിഗണനകള്‍ നല്‍കിയെന്ന്‌ ഞാന്‍ കരുതുന്നു.

ഒന്നാമത്‌ ഈ ആക്‌സിഡന്റ്‌ നടന്നത്‌ അബുദാബിയിലെഅല്‍ക്കൊബാമയിലെ രാജകുടുംബാംഗങ്ങള്‍ക്കുവേണ്ടി മാത്രമുള്ള ആശുപത്രിയുടെ തൊട്ടടുത്ത്‌ വെച്ചായിരുന്നു. ആക്‌സിഡന്റായതുകൊണ്ട്‌ മാത്രമാണ്‌ എന്നെ അവിടെ പ്രവേശിപ്പിച്ചത്‌. നൂറ്‌ ശതമാനവും അത്യാധുനിക സൗകര്യങ്ങള്‍ ഉള്ളതായിരുന്നു ഈ ആശുപത്രി. ഒരു ദിവസത്തെ ട്രീറ്റ്‌മെന്റിന്‌ തന്നെ ലക്ഷങ്ങള്‍ വേണ്ടി വരുമായിരുന്നു. എന്നാല്‍ അപകടാവസ്ഥയില്‍ ശരീരം മുഴുവന്‍ ചോരയില്‍ക്കുളിച്ച്‌ എത്തിയ എന്നെ അവിടെ തിരിച്ചറിയാന്‍ ഒരാളുണ്ടായിരുന്നു. എന്റെ കുഞ്ഞമ്മ വഴി വളരെ അടുത്ത ബന്ധമുള്ള ഒരാളായിരുന്നു ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍. പത്തുപൈസപോലും ചെലവഴിക്കാതെ മൂന്ന്‌ മാസം ലഭിച്ച ശുശ്രൂഷയില്ലായിരുന്നുവെങ്കില്‍ `കെ. ജി മര്‍ക്കോസ്‌, മരണം 1986' എന്നെഴുതിയ ഒരു കല്ലറ ഞങ്ങളുടെ ഇടവകപ്പള്ളിയിലെ സെമിത്തേരിയില്‍ ഉണ്ടാകുമായിരുന്നു. അതുകൊണ്ടാണ്‌ ഞാന്‍ നേരത്തേ പറഞ്ഞത്‌ ദൈവം എനിക്ക്‌ ചില പരിഗണനകള്‍ നല്‍കുന്നുണ്ടെന്ന്‌.

ഞാനെന്റെ എല്ലാ വിദേശയാത്രള്‍ നടത്തുമ്പോഴും ഈ സംഭവം ഓര്‍ക്കുകയും പലരോടും പറയുകയും ചെയ്യാറുണ്ട്‌. ഇതിനൊക്കെ ദൈവത്തിന്‌ നന്ദി പറഞ്ഞ്‌ പ്രാര്‍ത്ഥിക്കാറുമുണ്ട്‌. അപ്പോഴൊക്കെയും ഞാന്‍ ചിന്തിച്ചിട്ടുള്ള ഒരുകാര്യം ലോകത്തില്‍ നടക്കുന്ന ഓരോ സംഭവത്തിനും പിന്നിലും ഇതുപോലെ ദൈവം ഓരോ മനുഷ്യനിലൂടെയും പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നുള്ളതാണ്‌. എന്തുകൊണ്ട്‌ മനുഷ്യനിത്‌ തിരിച്ചറിയാന്‍ പറ്റാതെ പോകുന്നു?

ജീവിതത്തില്‍ നന്മയുണ്ടാകുമ്പോഴും തിന്മയുണ്ടാകുമ്പോഴും അതിന്റെ പിന്നിലെ ദൈവസ്‌നേഹം തിരിച്ചറിയാന്‍ കഴിയുമ്പോഴാണ്‌ യഥാര്‍ത്ഥ സമാധാനത്തില്‍ നമുക്ക്‌ ജീവിക്കാന്‍ കഴിയുക? ഞാന്‍ ഓരോ ഭക്തിഗാനം പാടുമ്പോഴും മനുഷ്യന്റെ ആര്‍ദ്ര ഹൃദയം സ്വപ്‌നം കാണാറുണ്ട്‌. എന്നാല്‍ ലോകം മാറുകയാണ്‌. പ്രത്യേകിച്ച്‌ നമ്മുടെ നാട്‌. മനം മടുപ്പിക്കുന്ന മാറ്റമാണ്‌ നമ്മുടേത്‌. കാരണം പാശ്ചാത്യര്‍ പരീക്ഷിച്ച്‌ ഉപേക്ഷിച്ച ജീര്‍ണ്ണ സംസ്‌കാരം നാമിപ്പോള്‍ അഭിമാനത്തോടെ മാറോട്‌ ചേര്‍ത്ത്‌ അണയ്‌ക്കുന്നു.

കുടുംബങ്ങളുടെ തകര്‍ച്ചയാണ്‌ ഇതില്‍ ഏറ്റവും വേദനാജനമായ യാഥാര്‍ത്ഥ്യം. ഞാന്‍ ഈയിടെ സുഹൃത്തിനൊപ്പം ചെങ്ങന്നൂരിനടുത്ത്‌ ഒരു വീട്ടില്‍ പോകാനിടയായി. ആ വീട്‌, അതൊരു തടവറയായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വേദന തോന്നിയ തടവറ. ആറു മക്കളെ പെറ്റു വളര്‍ത്തി എല്ലാവരെയും സൗഭാഗ്യത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയതിന്‌ അമ്മയ്‌ക്ക്‌ ലഭിച്ച പ്രതിഫലം.

അമേരിക്കന്‍ മാതൃകയില്‍ എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ചതായിരുന്നു ആ മാളിക. അഞ്ചാറേക്കര്‍ സ്ഥലം വരുന്ന മതില്‍ക്കെട്ട്‌. ആറു മക്കളും അമേരിക്കയിലാണ്‌. അമ്മയ്‌ക്ക്‌ കൂട്ട്‌ രണ്ട്‌ വേലക്കാര്‍. ഞങ്ങളെ കണ്ട ആ അമ്മ തന്റെ ശക്തിക്കതീതമായ വേഗത്തില്‍ നടന്ന്‌ അടുത്തെത്തി. ഏതാനും വാരയുള്ള ആ നടത്തത്തില്‍ അവര്‍ കിതച്ചിരുന്നു. ഞങ്ങളെ അവര്‍ തുറിച്ചു നോക്കി. അന്ധന്റെ കണ്ണില്‍ ആദ്യം പതിക്കുന്ന പ്രകാശത്തെ ഉള്‍ക്കാള്ളാന്‍ ശ്രമിക്കുന്നതുപോലെയായിരുന്നു ആ നോട്ടം. ആ അമ്മ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട്‌ പറഞ്ഞതിതാണ്‌; ``മക്കളേ, ഞാന്‍ ഒറ്റയ്‌ക്കാണ്‌. ഈ ഒരു മുറിയില്‍ നിന്ന്‌ അടുത്ത മുറിയിലേക്ക്‌ പോകാന്‍ എനിക്കിപ്പോള്‍ ഭയമാണ്‌. ഇനി എത്ര കാലം ഈ തടവറയില്‍ക്കിടന്ന്‌ നരകിക്കണമെന്ന്‌ അറിയില്ല. ''

ആ അമ്മയുടെ മുഖത്തെ ദൈന്യതയും വാക്കിലെ നിസംഗതയും ഞാനൊരിക്കലും മറക്കില്ല. എന്തുകൊണ്ടാണ്‌ ആറുമക്കളില്‍ ഒരാള്‍പോലും ഈ അമ്മയുടെ കണ്ണീരിന്‌ വില നല്‍കാത്തത്‌്‌? ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒറ്റപ്പെട്ട്‌ കഴിയുന്ന മാതാപിതാക്കളെ അരുകില്‍ വന്നാശ്വസിപ്പിക്കാന്‍ എല്ലാ മക്കളുടെയും ഹൃദയം ഈ ക്രിസ്‌മസില്‍ ഉണരട്ടെയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.