തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുതിര്‍ന്ന വൈദികരില്‍ ഒരാളായ ഫാ.ഡാമിയന്‍ എട്ടമാത്തുപറമ്പില്‍ സംസാരിക്കുന്നു
? മറക്കാനാവാത്ത ക്രിസ്‌മസ് അനുഭവം.
ക്രിസ്‌മസ് ബാല്യം മുതലേ നല്ല ഓര്‍മ്മയാണ് എനിക്ക് നല്‍കിയത്. ചൈനാ പേപ്പര്‍ വാങ്ങി മുളയും മടലും കൊണ്ട് നക്ഷത്ര വിളക്കുകള്‍ ഉണ്ടാക്കുവാന്‍ ഞങ്ങള്‍ കുട്ടികള്‍ ഏറെ ഉത്സാഹിക്കും. അഞ്ചും ആറും മൂലയുള്ള നക്ഷത്രവിളക്കുകള്‍ക്കൊപ്പം വാല്‍നക്ഷത്രവും ഉണ്ടാക്കുമായിരുന്നു. ഇന്നത്തെപ്പോലെ കടകളില്‍ റെഡിമെയ്‌ഡ് നക്ഷത്രവിളക്കുകള്‍ അന്നില്ല. അത് കത്തിക്കുമ്പോള്‍ അതിനുള്ളിലുള്ള കമ്പി ചൂടായി അത് കറങ്ങി ഉള്ളില്‍ നൂലില്‍ കെട്ടിയിരിക്കുന്ന വിവിധ പടങ്ങള്‍ മാറിവരുന്നത് കുട്ടികള്‍ക്ക് കൗതുകക്കാഴ്‌ചയായിരുന്നു. നക്ഷത്രങ്ങളും തിരിവിളക്കുകളും ഉണ്ടാക്കുന്നതില്‍ വിദഗ്‌ദ്ധരായ ആളുകള്‍ ഓരോ ഭാഗത്തും ഉണ്ടായിരുന്നു. ഇടവകകളില്‍ നക്ഷത്രവിളക്കുകളുടെ മത്സരമുണ്ട്. മികച്ചതിന് സമ്മാനം. കൂട്ടായ്‌മയായിരുന്നു ഈ ആഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
സെമിനാരി വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ 1957-60 കാലഘട്ടത്തില്‍ റോമില്‍ തിയോളജി പഠിക്കാന്‍ പോയി. അവിടുത്തെ പുല്‍ക്കൂടിന്റെ വലുപ്പം മറക്കാന്‍ കഴിയില്ല. വീടുകളോളം വലിപ്പമുള്ള കൂറ്റന്‍ പുല്‍ക്കൂടുകളാണ് അവിടുത്തെ പ്രധാന കാഴ്‌ച. ബഹുനിലമന്ദിരങ്ങള്‍ തന്നെ പുല്‍ക്കൂടുകളാക്കി മാറും. ജറുസലേം പട്ടണമായോ ബത്‌ലഹേമായോ സങ്കല്‌പിച്ച് ആവശ്യമായ മാതൃകകളും ആകര്‍ഷകമായ അലങ്കാരങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പുല്‍ക്കൂട് പ്രത്യേകമായ ആകര്‍ഷണം തന്നെയായിരുന്നു. സെമിനാരിയില്‍ ഉണ്ണിയേശുവിനെ ഒളിപ്പിച്ച് വയ്‌ക്കും. കണ്ടുപിടിക്കുന്ന ആളിന് സമ്മാനം. ഉണ്ണിയീശോയോട് കുട്ടികള്‍ സംഭാഷണം നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന രീതിയും ഹൃദ്യമായിരുന്നു.
? ഇന്നത്തെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കിടയില്‍ ക്രിസ്‌മസിന്‍െറ നന്മയും സന്ദേശവും വിസ്‌മരിക്കപ്പെടുന്നുണ്ടോ.
ഇന്ന് എല്ലാം ആഘോഷമാക്കുകയല്ലേ?പക്ഷേ, ഇതിലെ ആത്മീയത തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം കാട്ടിക്കൂട്ടുന്നതെല്ലാം വ്യര്‍ത്ഥമാകും. ക്രിസ്‌മസ് കരോള്‍ ഒരു സന്ദേശം കൊടുക്കലാണ്. ക്രിസ്‌മസിന് ഒരുക്കമായുള്ള നോമ്പും കുമ്പസാരവും ഒക്കെത്തന്നെ രക്ഷകനെ ഉള്ളില്‍ സ്വീകരിക്കാനുള്ള മുന്നൊരുക്കവും. ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാനുള്ള മദ്യ പാനം ക്രിസ്‌മസിന്റെ യഥാര്‍ത്ഥമായ ചൈതന്യത്തെത്തന്നെ നശിപ്പിച്ച് തുടങ്ങി. വ്യര്‍ത്ഥമായ ആഘോഷങ്ങള്‍ക്ക് പിന്നാലെ പോകാതെ ക്രിസ്‌തുവിനെ ഉള്‍ക്കൊണ്ട് ആ സ്‌നേഹത്തില്‍ ഐക്യത്തോടെ ജീവിക്കുക ഇതാണ് ശ്രേഷ്‌ഠം.
? ക്രിസ്‌മസ് കരോള്‍, ക്രിസ്‌മസ് കാര്‍ഡ് മുതലായവയും ഇന്ന് വിസ്‌മരിക്കപ്പെട്ടിരിക്കുന്നു.
ക്രിസ്‌മസ് കാര്‍ഡിനും കത്തിനുമൊക്കെ കാത്തിരുന്ന കാലമുണ്ടായിരുന്നു. തണുത്ത സന്ധ്യകളില്‍ കരോള്‍ ഗ്രൂപ്പുകളെയും നാം പ്രതീക്ഷിച്ചു. ര ണ്ടും ഇപ്പോള്‍ ഓര്‍മ്മ മാത്രമാണ്. കാരണവന്മാരെ സന്ദര്‍ശിക്കലും മുതിര്‍ന്നവര്‍ക്ക് സ്‌തുതി ചൊല്ലലും സൗഹൃദങ്ങള്‍ പുതുക്കുന്നതും ഇന്ന് ഇല്ലാതായില്ലേ? ഒരു എസ്‌എംഎസില്‍, ഇ-മെയിലില്‍, മൊബൈല്‍ഫോണിലെ ഹലോ വിളിയില്‍ സൗഹൃദങ്ങള്‍ പൂക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഇന്റര്‍നെറ്റില്‍ ലോകത്തെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന മനുഷ്യന് ഇന്ന് മറ്റൊന്നിനും നേരമില്ലല്ലോ....
നോമ്പിന്റെ അരൂപിയില്‍ ജീവിച്ചും നമ്മെത്തന്നെ നിയന്ത്രിച്ചും മദ്യപാനം പോലുള്ള തിന്മകള്‍ വെടിഞ്ഞും തിരുവചനാധിഷ്‌ഠിതമായ ജീവിതത്തിനായി പരിശ്രമിച്ചും ക്രിസ്‌മസിന്റെ പൂര്‍വ നന്മകള്‍ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ദുശാഠ്യവും ദുഷ്‌പ്രവണതകളും ഉപേക്ഷിക്കണം. കരിസ്‌മാറ്റിക് ധ്യാനങ്ങള്‍ വഴിയായി വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ധാരാളം നന്മകള്‍ കടന്നുവരുന്നുണ്ട്. ദൈവവുമായി അടുക്കാനും ജീവിതം നവീകരിച്ച് ആത്മീയ ഉണര്‍വ് വീണ്ടെടുക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാവണം. പ്രാര്‍ത്ഥനാഗ്രൂപ്പുകളൊക്കെ അതിന് സഹായകമാവും. യുവജനങ്ങളെ നിയന്ത്രിക്കാനും നേര്‍വഴിക്ക് നയിക്കാനും മുതിര്‍ന്നവര്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നിരന്തരം നടത്തണം. അനുദിനം വളരുന്ന ആധുനികമാധ്യമങ്ങള്‍ യുവജനങ്ങളെയും മുതിര്‍ന്നവരെയും കുട്ടികളെയും വലിയതോതില്‍ സ്വാധീനിക്കുന്നു. യുവജനങ്ങളെയും കുട്ടികളെയും വഴിതെറ്റിക്കുകയും അവരുടെ അധമവികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്റര്‍നെറ്റും മൊബൈല്‍ഫോണും കൊണ്ട് ധാരാളം നന്മകളുണ്ട്. എന്നാല്‍ അവ വ്യാപകമായി ദുരുപയോഗിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കുകയും അവര്‍ക്ക് മാതൃകയായിരിക്കുകയും വേണം.
ഇന്ന് കുടുംബപ്രാര്‍ത്ഥന വീടുകളില്‍ വളരെയേറെ കുറഞ്ഞിരിക്കുന്നു.പലരും അനുഷ്‌ഠാനമാക്കിയിരിക്കുന്നു. ടിവി പോലുള്ള ദൃശ്യശ്രാവ്യ മാധ്യമങ്ങളാണ് പ്രാര്‍ത്ഥനാസമയം അപഹരിക്കുന്നത്. ദൃശ്യശ്രാവ്യ മാധ്യമങ്ങളല്ല, അവ വിവേകപൂര്‍വം കൈകാര്യം ചെയ്യാനറിയാത്ത മുനുഷ്യനാണ് ഇവിടെ യഥാര്‍ത്ഥ കുറ്റക്കാരന്‍.
ബിസിസി യൂണിറ്റുകള്‍ വഴിയായി ക്രിസ്‌മസ് ആഘോഷങ്ങളെ കൂടുതല്‍ അര്‍ത്ഥവത്താക്കാം. യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് കേക്ക്‌മുറിക്കല്‍, പങ്കുവയ്‌പ്, ക്രിസ്‌മസ് സന്ദേശം നല്‍കല്‍ ഇവ വഴിയായി ഏറെക്കുറെ ക്രിസ്‌മസിന്റെ ചൈതന്യം വീണ്ടെടുക്കാം. വിശ്വാസജീവിതം വീണ്ടെടുക്കുന്നതിലൂടെ മാത്രമേ ക്രിസ്‌മസായാലും ഈസ്റ്ററായാലും പരിശുദ്ധാത്മാവിന്റെ നിറവ് അനുഭവഭേദ്യമാകൂ.
? ബാല്യകാലത്തെ ക്രിസ്‌മസും ഇന്നത്തെ ക്രിസ്‌മസും തമ്മിലുള്ള വ്യത്യാസം.
മുമ്പ് പറഞ്ഞതുപോലെ ബാല്യകാലത്ത് ക്രിസ്‌മസ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആനന്ദത്തിന്റെ കാലമായിരുന്നു. ഇന്നത്തെ അത്യാധുനികതയുടെ സ്‌പര്‍ശനമില്ലാത്തതായിരുന്നു അന്നത്തെ ക്രിസ്‌മസ്. പുല്‍ക്കൂടും നക്ഷത്രവിളക്കും അവരവര്‍ തന്നെ ഉണ്ടാക്കുകയായിരുന്നു. വിലകൊടുത്ത് വാങ്ങുന്നതിനേക്കാള്‍ സ്വയം ഉണ്ടാക്കുന്നതിന്റെ അഭിമാനവും ആഹ്‌ളാദവും ഒന്ന് വേറെ തന്നൊയിരുന്നു. ഏറെക്കുറെ ഗ്രാമീണമായ അന്തരീക്ഷത്തില്‍ ഇല്ലായ്‌മകളും വല്ലായ്‌മകളുമുണ്ടായിരുന്ന സാഹചര്യത്തില്‍ ഇന്നത്തെപ്പോലെ ആഘോഷങ്ങളുടെ വര്‍ണപ്പൊലിമ അന്നില്ലായിരുന്നു. എങ്കിലും നോമ്പ്, കുമ്പസാരം, പാതിരാക്കുര്‍ബാന എല്ലാം ഏറെ പുതുമയുള്ളതായിരുന്നു. ജനങ്ങള്‍ തമ്മില്‍ ആഴമായ ഇഴയടുപ്പമുണ്ടായിരുന്നു. പരസ്‌പര സ്‌നേഹവും സഹകരണവും പങ്കുവയ്‌ക്കലും ഇന്നത്തെക്കാള്‍ അന്ന് കൂടുതലായിരുന്നു. വ്യക്തിബന്ധങ്ങളിലും സൗഹൃദങ്ങളിലും അക്കാലത്ത് ആത്മാര്‍ത്ഥതയേറെയായിരുന്നു.
മാറിയ കാലത്തിന്റെ കുത്തൊഴുക്കില്‍ ക്രിസ്‌മസിന്റെ പ്രസക്തിക്കും പ്രാധാന്യത്തിനും അര്‍ത്ഥതലങ്ങളുണ്ടോ എന്ന് നാം ഇന്ന് ചിന്തിച്ചേക്കാം. എന്നാല്‍ കാലത്തിന്റെ മാറ്റത്തിലും ആഘോഷങ്ങളുടെ വൈവിധ്യത്തിലും എന്നെന്നും ക്രിസ്‌മസ് പുതിയതുതന്നെയാണ്. എനിക്കുവേണ്ടിയാണ് രക്ഷകന്‍ കാലിത്തൊഴുത്തില്‍ പിറന്നത്. എനിക്കൊരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്‌തു ഇന്ന് ജനിച്ചിരിക്കുന്നു എന്നത് മാനവരാശിക്ക് പ്രത്യാശ പകരുന്ന ദിവ്യസന്ദേശം തന്നെയാണ്. എല്ലാ ആഘോഷങ്ങളും ആഹ്‌ളാദങ്ങളും വില്‍പ്പനച്ചരക്കാക്കുന്ന ഇക്കാലത്തും നാം ഓര്‍ക്കേണ്ടത് ക്രിസ്‌തു തരുന്ന സമാധാനവും സന്തോഷവും ഒരിക്കലും വിലയ്‌ക്ക് വാങ്ങാന്‍ കഴിയുകയില്ല എന്നാണ്. ക്രിസ്‌തുവിന്റെ മനോഭാവം സ്വന്തമാക്കുവാനുള്ള അവസരമാണ് ക്രിസ്‌മസ്.
ഫാ.ഡാമിയന്‍ എട്ടമാത്തുപറമ്പില്‍: 77 വയസ്. വരാപ്പുഴ അതിരൂപതയിലെ (ഇന്നത്തെ കോട്ടപ്പുറം രൂപത) കോട്ടുവള്ളി എട്ടമാത്തുപറമ്പില്‍ തോമസിന്റെയും എലിസബത്തിന്റെയും മൂത്തമകന്‍. 13.05.1964 ല്‍ ആര്‍ച്ച് ബിഷപ് ജോസഫ് അട്ടിപ്പേറ്റിയില്‍ നിന്നും വൈദികപട്ടം. ആദ്യം ഒസിഡി വൈദികന്‍. തുടര്‍ന്ന് രൂപതാവൈദികന്‍. 25 വര്‍ഷമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ സേവനമനുഷ്‌ഠിക്കുന്നു. ഇപ്പോള്‍ വെട്ടുകാട് മാദ്രേ-ദേ-ദേവൂസ് ദേവാലയത്തില്‍ സഹവികാരി.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.