Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Saturday, 17 December 2011 12:09

വീടുകളിലെ പുല്‍ക്കൂടിന്റെ തുടക്കക്കാരന്‍

Written by  സൈജോ ചാലിശേരി തൃശൂര്‍
Rate this item
(0 votes)

ക്രിസ്‌മസ്‌ അനുഭവങ്ങളെക്കുറിച്ച്‌ ഫാ. മാത്യു പേരാമംഗലത്ത്‌ സംസാരിക്കുന്നു

? മറക്കാനാവാത്ത ക്രിസ്‌മസ്‌ അനുഭവം
1956 ലായിരുന്നു അത്‌.എനിക്കന്ന്‌ എട്ട്‌ വയസ്‌. അക്കാലത്ത്‌ വീടുകളിലൊന്നും പുല്‍ക്കൂടുകള്‍ ഉണ്ടാക്കിത്തുടങ്ങിയിട്ടില്ല. പള്ളികളില്‍ മാത്രമേ പുല്‍ക്കൂട്‌ ഉണ്ടാക്കാറുള്ളൂ. ആ വര്‍ഷം ജൂണിലാണ്‌ എന്റെ മൂത്ത സഹോദരന്‍ തൃശൂര്‍ തോപ്പ്‌ മൈനര്‍ സെമിനാരിയില്‍ വൈദികപട്ടത്തിന്‌ ചേര്‍ന്നത്‌. ക്രിസ്‌മസ്‌ അവധിക്ക്‌ വീട്ടിലെത്തിയ ജ്യേഷ്‌ഠനാണ്‌ വീട്ടില്‍ പുല്‍ക്കൂടുണ്ടാക്കുക എന്ന ആശയം മുന്നോട്ട്‌വച്ചത്‌. ഞങ്ങള്‍ക്കും അത്‌ ഇഷ്ടപ്പെട്ടു. കട്ടിലാണ്‌ പുല്‍ക്കൂടാക്കി ഞങ്ങള്‍ മാറ്റിയത്‌. ഈന്തപ്പനയോല വ്യാപകമായി പുല്‍ക്കൂടുകളില്‍ ഉപയോഗിച്ചിരുന്നു.

വൈക്കോലുപയോഗിച്ച്‌ ഞങ്ങള്‍ പുല്‍ക്കൂടുണ്ടാക്കി. വീടുകളിലെ പുല്‍ക്കൂടിനുതന്നെ ഞങ്ങളാണ്‌ തുടക്കം കുറിച്ചതെന്നാണ്‌ എന്റെ ഓര്‍മ. പുല്‍ക്കൂടില്‍ വയ്‌ക്കാനുള്ള തിരുസ്വരൂപങ്ങളൊന്നും അന്ന്‌ മാര്‍ക്കറ്റിലില്ല. വലിയൊരു ക്രിസ്‌മസ്‌ കാര്‍ഡ്‌ ഉപയോഗിച്ചാണ്‌ ഞങ്ങളീ പ്രശ്‌നം പരിഹരിച്ചത്‌. യൗസേപ്പിതാവും മാതാവും ഉണ്ണിയേശുവും മാലാഖമാരും അടങ്ങിയ ആ ചിത്രം ഏറെ മനോഹരമായിരുന്നു. ലീവിന്‌ വന്നിരുന്ന ഉത്തരേന്ത്യന്‍ മിഷനറിയായ നാട്ടുകാരിയായ സിസ്റ്റര്‍ ഞങ്ങളുടെ പുല്‍ക്കൂട്‌ കാണാന്‍ വന്നത്‌ ഓര്‍ക്കുന്നു. കേരളത്തില്‍ തന്നെ ആദ്യത്തേതാണ്‌ ഈ വീട്ടിലെ പുല്‍ക്കൂട്‌ എന്ന്‌ പ്രഖ്യാപിച്ചിട്ടാണ്‌ ആ സിസ്റ്റര്‍ പോയത്‌. ഈ സംഭവങ്ങള്‍ ഞങ്ങളുടെ കുഞ്ഞുമനസ്സുകളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു.

ജ്യേഷ്‌ഠന്റെ നേതൃത്വത്തില്‍ മരിയന്‍ സൊഡാലിറ്റിയിലെ കുട്ടികളുമായി സഹകരിച്ച്‌ കാളവണ്ടിയില്‍ ക്രിസ്‌മസ്‌ കരോള്‍ നടത്തിയതും മറക്കാനാവാത്ത അനുഭവമാണ്‌. ഇത്തരം കൂട്ടായ്‌മകള്‍ ദൈവവിളിയുടെ വിത്ത്‌ പാകുകയായിരുന്നു.

? ഇന്നത്തെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കിടയില്‍ ക്രിസ്‌മസിന്റെ നന്മയും സന്ദേശവും വിസ്‌മരിക്കപ്പെടുന്നുണ്ടോ.
പുല്‍ക്കൂട്‌ നല്‍കുന്ന സന്ദേശം ദാരിദ്ര്യത്തെ മഹത്വീകരിക്കലാണ്‌. ഇന്നത്തെ പുല്‍ക്കൂടുകളില്‍ ഈ ചൈതന്യം അപ്പാടെ വിസ്‌മരിക്കുന്നു. ആയിരക്കണക്കിന്‌ രൂപ ചെലവാക്കി പുല്‍ക്കൂട്‌ മത്സരങ്ങള്‍ നാട്ടിലെങ്ങും നടക്കുന്നു. സാമ്പത്തികശേഷിയില്ലാത്ത മാതാപിതാക്കള്‍ക്ക്‌ വലിയ ശല്യമായി ഇത്‌ മാറിയിട്ടുണ്ട്‌. പുല്‍ക്കൂടുകള്‍ വിസ്‌മരിക്കപ്പെട്ട്‌ കൊട്ടാരങ്ങളാണ്‌ ഇന്ന്‌ പണിത്‌ കൂട്ടുന്നത്‌. മത്സരമായി പുല്‍ക്കൂട്‌ തീര്‍ക്കല്‍ മാറിയിരിക്കുന്നു. കുട്ടികള്‍ക്ക്‌ അവസരമില്ലാത്ത അവസ്ഥയിലാണ്‌ ഇത്‌ ഇന്ന്‌ എത്തിനില്‍ക്കുന്നത്‌. മത്സരം വന്നപ്പോള്‍ കച്ചവടമനോഭാവം കടന്നുവന്നു. ദാരിദ്ര്യത്തിന്റെ മഹത്വീകരണം പൂര്‍ണമായും നമുക്ക്‌ കൈമോശം വന്നിരിക്കുന്നു.
ഈയവസരത്തില്‍ എന്തിനാണ്‌ നാമൊക്കെ പുല്‍ക്കൂടുകള്‍ ഉണ്ടാക്കുന്നത്‌ എന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും. വി.ഫ്രാന്‍സിസ്‌ അസ്സീസിയാണ്‌ ആദ്യത്തെ പുല്‍ക്കൂട്‌ ഉണ്ടാക്കിയത്‌. മനുഷ്യപുത്രന്‍ ജനിച്ചത്‌ ദാരിദ്ര്യത്തിലാണെന്ന്‌ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന്‌ പിന്നില്‍. ദാരിദ്ര്യത്തിന്റെ മാഹാത്മ്യം ലോകത്തിന്‌ മനസ്സിലാക്കിക്കൊടുക്കാനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌. മനുഷ്യന്റെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കാന്‍ വേണ്ടിയാണ്‌ ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിച്ചത്‌. ആ സന്ദേശമാണ്‌ ഇന്നത്തെ പുല്‍ക്കൂടുകള്‍ തകര്‍ത്തത്‌. അഹന്തയുടെയും മത്സരത്തിന്റെയും പോര്‍വിളിയുടെയും സംസ്‌കാരമാണ്‌ ഇന്ന്‌ ലോകത്ത്‌ പടര്‍ത്തുന്നത്‌. യഥാര്‍ത്ഥമായ ക്രിസ്‌മസ്‌ ചൈതന്യത്തിലേക്ക്‌ നാം തിരിച്ചുവരണം. ഏറ്റവും ലളിതമായ പുല്‍ക്കൂടാണ്‌ കുടുംബങ്ങളില്‍ ഉണ്ടാക്കേണ്ടത്‌. മത്സരങ്ങളില്‍ ഏറ്റവും ചെലവ്‌ കുറഞ്ഞ പുല്‍ക്കൂടുകള്‍ക്കാണ്‌ സമ്മാനങ്ങള്‍ നല്‍കേണ്ടത്‌. അതായത്‌ ദാരിദ്ര്യത്തിന്റെ മഹത്വം മനുഷ്യര്‍ക്ക്‌ മനസിലാക്കിക്കൊടുക്കുന്ന പുല്‍ക്കൂടിന്‌ സമ്മാനം നല്‍കണം.

? ക്രിസ്‌മസ്‌ കരോള്‍, ക്രിസ്‌മസ്‌ കാര്‍ഡ്‌ മുതലായവ വിസ്‌മൃതിയിലേക്ക്‌ പോകുകയാണോ
ക്രിസ്‌മസ്‌ കാര്‍ഡുകളയ്‌ക്കുക, അതിന്റെ കൂടെ സ്വന്തം കൈപ്പടയിലെഴുതിയ കത്തുകളയ്‌ക്കുക തുടങ്ങിയ സംസ്‌കാരങ്ങള്‍ വിസ്‌മരിക്കപ്പെടുന്നു. ഇന്നത്തെ ഉപഭോഗസംസ്‌കാരത്തില്‍ സഹോദരന്‌ വേണ്ടി സമയം കണ്ടെത്താനോ എഴുതാനോ ആരും തയ്യാറല്ല. മൊബൈല്‍ ഫോണ്‍ സംസ്‌കാരം വന്നതോടെയാണ്‌ ക്രിസ്‌മസ്‌ കാര്‍ഡുകളുടെ പ്രചാരം കുറഞ്ഞതെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഇന്ന്‌ കത്തെഴുതാനോ, ആശംസാകാര്‍ഡ്‌ അയക്കാനോ ആര്‍ക്കും നേരമില്ല. ഫോണെടുത്ത്‌ വിളിക്കുക അത്ര തന്നെ. സൗഹൃദങ്ങള്‍ക്കുവേണ്ടിയോ ബന്ധങ്ങള്‍ ദൃഢതരമാക്കാനോ മനുഷ്യന്‍ സമയം ചെലവഴിക്കുന്നില്ല. സ്വന്തം സംതൃപ്‌തിക്കുവേണ്ടിയാണ്‌ മനുഷ്യന്‍ സമയം പാഴാക്കുന്നത്‌. സഹോദരന്‌ വേണ്ടിയുള്ള എല്ലാ തരത്തിലുള്ള ചെലവിടലും ഇന്ന്‌ അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ദൃശ്യമാധ്യങ്ങളും എസ്‌എംഎസ്‌ സംസ്‌കാരവും നമ്മെ കൊണ്ടുചെന്നെത്തിച്ചത്‌ അവിടെയാണ്‌. ബി.എ.പാസായ ശേഷമാണ്‌ ഞാന്‍ സെമിനാരിയില്‍ ചേരുന്നത്‌. അതുവരെയും അള്‍ത്താരസംഘം, മരിയന്‍ സൊഡാലിറ്റി എന്നീ സംഘടനകളില്‍ എന്റെ മാതൃ ഇടവകയായ തിരൂര്‍ പള്ളിയില്‍ ഞാന്‍ സജീവമായിരുന്നു. കുടുംബത്തിലായിരുന്ന കാലഘട്ടം മുഴുവനും ക്രിസ്‌മസിന്‌ കുട്ടികളെ പാട്ട്‌ പഠിപ്പിക്കുക, ക്രിസ്‌മസ്‌ കുര്‍ബാനയ്‌ക്കുള്ള പാട്ടുകള്‍ പരിശീലിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങളില്‍ പള്ളിയുമായി ബന്ധപ്പെട്ട്‌ സജീവമായി പ്രവര്‍ത്തിച്ചത്‌ ദൈവവിളിയിലേക്ക്‌ അടുപ്പിച്ചിട്ടുണ്ട്‌.
ഉണ്ണി പിറന്നു എന്നതിലല്ല, ക്രിസ്‌മസ്‌ നാളുകളില്‍ കൂടുതല്‍ മദ്യം കഴിക്കാം എന്നതിലാണ്‌ മനുഷ്യന്‍ ഇന്ന്‌ സന്തോഷിക്കുന്നത്‌. കോടിക്കണക്കിന്‌ രൂപയ്‌ക്കാണ്‌ ഇപ്പോള്‍ മദ്യം വിറ്റഴിയുന്നത്‌. എല്ലാ ദിവസവും പളളിയില്‍ പോയി ദിവ്യബലിയില്‍ പങ്കുകൊണ്ട്‌ ക്രിസ്‌മസിനായി ഒരുങ്ങുന്ന നല്ല പതിവ്‌ പഴയകാലത്തുണ്ടായിരുന്നു. ഇന്നതിന്‌ കുറവ്‌ വന്നിരിക്കുന്നു. ഭോജനാസക്തിയും മദ്യാസക്തിയുമാണ്‌ ഇന്ന്‌ ക്രിസ്‌മസ്‌.

ദൈവം മനുഷ്യനായി അവതരിച്ചതിന്റെ സന്തോഷം ഇന്ന്‌ സമൂഹത്തിലില്ല. പകരം മദ്യപിക്കാനും ഭക്ഷിക്കാനുമുള്ള അവസരമായിട്ടാണ്‌ മനുഷ്യന്‍ ഈ നാളുകളെ കാണുന്നത്‌. ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സദ്‌വാര്‍ത്ത എന്ന്‌ വിസ്‌മരിക്കപ്പെട്ടിരിക്കുന്നു. മദ്യം കൂടുതലായി കിട്ടുമെന്നുള്ളതാണ്‌ ഇന്നത്തെ സദ്‌വാര്‍ത്ത.
(1978 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. മാത്യു പേരാമംഗലത്ത്‌ തൃശൂര്‍ ലൂര്‍ദ്‌ കത്തീഡ്രല്‍ അസി.വികാരി, തൃശൂര്‍ മൈനര്‍ സെമിനാരി പ്രഫസര്‍, തൊയക്കാവ്‌, ആറ്റുപുറം, പൊന്നാനി, പേരാമംഗലം, കോട്ടപ്പടി, പൂമല, പുറനാട്ടുകര, പാലയ്‌ക്കല്‍, പെരിഞ്ചേരി, പടിഞ്ഞാറേ കല്ലൂര്‍ എന്നിവിടങ്ങളില്‍ വികാരി, പുല്ലഴി സെന്റ്‌ ജോസഫ്‌ വൃദ്ധമന്ദിരം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. `പരിശുദ്ധാത്മാവിന്റെ ദൈവശാസ്‌ത്രം' എന്ന വിഷയത്തില്‍ അമേരിക്കയില്‍ നിന്ന്‌ ഡോക്ടറേറ്റ്‌ സ്വന്തമാക്കി).

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.