അള്‍ജീരിയയില്‍ കത്തോലിക്കാസഭയുടെ വളര്‍ച്ചയെക്കുറിച്ച് ആര്‍ച്ച് ബിഷപ് ഗാലെസ് മൂസ അബ്ദുള്ള ബാദര്‍ സംസാരിക്കുന്നു
അള്‍ജീരിയന്‍ ജനസംഖ്യയില്‍ 99 ശതമാനവും മുസ്‌ലിങ്ങളാണ്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് ഒരു കാലത്ത് 500 രൂപതകളും 1500 ബിഷപ്പുമാരും ഉണ്ടായിരുന്നു. അതുകൊണ്ട് അള്‍ജീരിയയില്‍ കത്തോലിക്കാസഭ നാമാവശേഷമായി എന്ന് പറയാന്‍ സാധിക്കുമോ? ഇല്ല എന്നാണ് ആര്‍ച്ച് ബിഷപ് ഗാലെസ് മൂസ അബ്ദുള്ള ബാദര്‍ പറയുന്നത്. 2008 ലാണ് 60കാരനായ ഗാലെസ് അള്‍ജീരിയന്‍ ആര്‍ച്ച് ബിഷപ് ആകുന്നത്.
? ജോര്‍ദാനില്‍ ജനിച്ച അങ്ങ് ജറുസലേമില്‍ 2008 വരെ സഭയെ നയിച്ചശേഷമാണ് അള്‍ജീരിയന്‍ ആര്‍ച്ച് ബിഷപ് ആകുന്നത്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം.
= ആദ്യം ഞാന്‍ അത്ഭുപരതന്ത്രനായി. സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ല ഞാന്‍ അള്‍ജീരിയന്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന്. എന്നെ ആ സ്ഥാനത്തേക്ക് പരിശുദ്ധ പിതാവ് നിയോഗിച്ചതായി ന്യൂണ്‍ഷ്യോ അറിയിച്ചപ്പോള്‍ എന്തുപറയണമെന്നെനിക്കറിയില്ലായിരുന്നു. ചിന്തിക്കാനായി ഞാന്‍ സമയം ആവശ്യപ്പെട്ടു. പക്ഷേ ന്യൂണ്‍ഷ്യോ തിടുക്കത്തില്‍ തന്നെ പ്രത്യുത്തരം ആവശ്യപ്പെട്ടു. പെട്ടെന്നുള്ള ഉത്തരമാണെങ്കില്‍ `നോ' എന്നാണെന്നും ഇത് സ്വാംശീകരിക്കാന്‍ കുറച്ച് സമയം ആവശ്യമാണെന്നും ഞാന്‍ പറഞ്ഞു. ഞാന്‍ ഒരു കടലാസെടുത്ത് ന്യൂണ്‍ഷ്യോയ്‌ക്ക് എഴുതി. ഞാന്‍ ജറുസലേമിനെ സ്‌നേഹിക്കുന്നു. ഞാന്‍ പഠിച്ചതും വളര്‍ന്നതും ഇവിടെയാണ്. എന്റെ ജീവിതാവസാനവും ഇവിടെയായിരിക്കണം. ജറുസലേം സഭകളുടെ അമ്മയാണ്. വിശുദ്ധ സ്ഥലങ്ങള്‍ ഇവിടെയാണ്. പക്ഷേ അവസാനം ഞാന്‍ തിരിച്ചറിഞ്ഞു. സഭ ആഗോളസഭയാണ്. ലോകത്തെല്ലായിടത്തും പോകാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന്.
? ഇത് പിന്നീട് ബുദ്ധിമുട്ടായി തോന്നിയോ.
= ഒരിക്കലുമില്ല. ദൈവത്തിന്റെ തിരുവിഷ്ടമാണ് എല്ലായിടത്തും ഞാന്‍ ദര്‍ശിക്കുന്നത്. ഞാന്‍ അള്‍ജീരിയയില്‍ എത്തിയത് പൂര്‍ണസന്തോഷവാനായാണ്. ഭയമുണ്ടെങ്കിലും ക്രിസ്‌തു എന്റെ കൂടെയുണ്ട്.
? ഫ്രഞ്ച് പുരോഹിതര്‍ക്കുശേഷം എത്തുന്ന ആദ്യ മെത്രാപ്പോലീത്തയാണ് അങ്ങ്. ഒരു അറബ് വംശജനായതുകൊണ്ട് ഇവിടുത്തെ സംസ്‌കാരം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ.
= ഫ്രഞ്ച് നേതൃത്വത്തിനുശേഷം ഒരു അറബ് വംശജന്‍ ഇവിടേക്ക് വരുന്നത് മാറ്റത്തിന്റെ സൂചനയാണ്. ഫ്രഞ്ചുകാര്‍ ഇവിടെ ന്യൂനപക്ഷമാണ്. ലാറ്റിന്‍ അമേരിക്ക, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുവരുന്നവരാണ് ബാക്കിയുള്ള ക്രിസ്‌ത്യാനികള്‍ 40 ശതമാനം പേര്‍ ആഫ്രിക്കന്‍ വംശജരാണ്. ഒരു ഫ്രഞ്ചുകാരനല്ലാത്ത വ്യക്തിയുടെ നിയമനം വലിയമാറ്റത്തിന്റെ സൂചനയാണ്.
? പ്രാദേശികഭരണകൂടത്തിന്റെ പ്രതികരണമെന്താണ്.
= വളരെ പ്രോത്സാഹജനകമാണ് അവരുടെ പ്രതികരണം. എന്റെ നിയമനശേഷം ജോര്‍ദാനിലെ അള്‍ജീരിയന്‍ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അള്‍ജീരിയന്‍ പ്രസിഡന്റ് എന്നെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പ്രതിനിധിയെ അയച്ചിരുന്നു. `ഞങ്ങളുടെ മെത്രാപ്പോലീത്ത' എന്നാണ് അള്‍ജീരിയക്കാര്‍ എന്നെ വിശേഷിപ്പിച്ചത്. മുസ്‌ലിമുകള്‍ പോലും അങ്ങനെയാണെന്നെ വിളിച്ചത്.
? മുന്‍ ആര്‍ച്ച് ബിഷപ് ഹെന്‍റി തെസ്സിയര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ അള്‍ജീരിയന്‍ സഭയെ വിശേഷിപ്പിച്ചത് `ഒരു സഭയുടെ സാവധാനമുള്ള മരണം' എന്നാണ്. അങ്ങനെയുള്ള സാഹചര്യം അള്‍ജീരിയന്‍ സഭയ്‌ക്കുണ്ടോ.
= ആര്‍ച്ച് ബിഷപ് തെസ്സിയറെ നമ്മള്‍ ശരിക്കും മനസ്സിലാക്കണം. അദ്ദേഹം അള്‍ജീരിയന്‍ സെമിനാരിയിലാണ് പഠിച്ചതും വളര്‍ന്നതും. 75 വര്‍ഷത്തോളം ഇവിടെയായിരുന്നു. ആ സമയം രണ്ട് ദശലക്ഷം ക്രിസ്‌ത്യാനികള്‍ അള്‍ജീരിയയില്‍ ഉണ്ടായിരുന്നു. ഇന്നത് വെറും ആയിരങ്ങളായി മാറി. അദ്ദേഹത്തിന്റെ പ്രസ്‌താവന ആ നിലയില്‍ കണ്ടാല്‍ മതി. അദ്ദേഹവുമായി ഇക്കാര്യത്തില്‍ യോജിപ്പില്ലെങ്കിലും ഞാന്‍ വിശ്വസിക്കുന്നത് `സംഖ്യാബലത്തിലല്ല ദേവാലയങ്ങളും സഭയും സൃഷ്ടിക്കുപ്പെടുന്നത്' എന്നാണ്. സഭ എന്നും ജീവിക്കുന്ന ഒന്നാണ്. സഭ രാജ്യത്തിനും വിശ്വാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു.
? ഏകദേശം 20 സഭകള്‍ അള്‍ജീരിയയില്‍ ഉണ്ട്. പലരും ഇസ്‌ലാമിലേക്കും ഇതരസഭകളിലേക്കും മാറി. ഇത്തരമൊരു സാഹചര്യത്തില്‍ എന്തുതരം പിന്തുണയാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്.
= പല ദേവാലയങ്ങളും ശൂന്യമാണ്. ക്രൈസ്‌തവര്‍ ഇല്ലാതെ വരുന്ന ദേവാലയങ്ങള്‍ ഗവണ്‍മെന്റിന് വിട്ടുകൊടുത്തെങ്കിലും അധികാരികള്‍ അത് സാംസ്‌കാരികകേന്ദ്രങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഏകദേശം 700 പള്ളികള്‍ ഇങ്ങനെ ഗവണ്‍മെന്റിന് കൈമാറിയിട്ടുണ്ട്. ആഗോള കത്തോലിക്കാ സഭാ വിശ്വാസികളുടെ പ്രാര്‍ത്ഥനകളും സഹായവും അള്‍ജീരിയന്‍ സഭയെ വളര്‍ത്തുമെന്നാണ് പ്രതീക്ഷ.
? ഒരു ഫ്രഞ്ച് അഥവാ യൂറോപ്യന്‍ സ്വാധീനത്തില്‍ നിന്നും അറബ് സമൂഹത്തിലേക്കുള്ള (പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍) മാറ്റത്തെ എങ്ങനെ കാണുന്നു.
= ഫ്രഞ്ച് അധിനിവേശത്തിന്റെ സ്വാധീനത്തില്‍ നിന്നും അള്‍ജീരിയ മുക്തമായിട്ടില്ല. അറേബ്യന്‍ സംസ്‌കാരത്തിലേക്കോ അറബ് ഭാഷയിലേക്കോ 100 ശതമാനം ജനവിഭാഗവും മാറിയിട്ടില്ല. 90 ശതമാനം ജനങ്ങളും ഫ്രഞ്ച് സംസാരിക്കുന്നു. അധികാരികള്‍ക്ക് അള്‍ജീരിയ ഒരു അറബ് രാഷ്ട്രമാകാനും ഇസ്‌ലാമികമതം പിന്തുടരുന്ന സ്റ്റേറ്റ് ആകാനും താത്‌പര്യമുണ്ട്.
? അറേബ്യന്‍ രാജ്യങ്ങളിലുള്ള പല ഭിന്നിപ്പുകളും ഇസ്രായേല്‍-പലസ്‌തീന്‍ സംഘട്ടനങ്ങളുടെ പ്രതിഫലനമാണ്. അള്‍ജീരിയയും അത്തരത്തിലാണോ.
= ഇസ്രായേല്‍-പലസ്‌തീന്‍ സംഘട്ടനങ്ങള്‍ അറബ്-യൂറോപ്യന്‍ രാജ്യങ്ങളെയും മുസ്‌ലിം-ക്രിസ്‌ത്യന്‍ ബന്ധങ്ങളെയും ബാധിക്കുന്നു..പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും വിശ്വാസരാഹിത്യവും മാറ്റാനുള്ള ഏക പോംവഴി ഒരു സമാധാന ഉടമ്പടി ഉടന്‍ നിലവില്‍ വരുത്തുക എന്നാണ്. അത് ലോകസമാധാനത്തിലേക്ക് നയിക്കും.
? അള്‍ജീരിയന്‍ ഗവണ്‍മെന്റുമായുള്ള ബന്ധം എങ്ങനെയാണ്.
= വളരെ സൗഹാര്‍ദപരമായ നീക്കങ്ങളാണ് ഇരുപക്ഷത്തുമുള്ളത്. കത്തോലിക്കര്‍ക്ക് അനേകം ദേവാലയങ്ങള്‍ ഉള്ളതുകൊണ്ട് മതസ്വാതന്ത്ര്യത്തിന് വിഘാതമായ രീതിയില്‍ ഉള്ള നിയമങ്ങള്‍ ലംഘിക്കേണ്ടിവരുന്നില്ല. ആരാധനാസ്വാതന്ത്ര്യം പള്ളികള്‍ക്കുള്ളിലേയുള്ളൂ. പ്രൊട്ടസ്റ്റന്റുകാരെയും ഇവാന്‍ജലിസ്റ്റുകളെയുമാണ് ഈ നിയമങ്ങള്‍ ഏറെ ബാധിക്കുക.
? സുവിശേഷവത്‌കരണത്തെ എങ്ങനെ ഈ നിയമം ബാധിക്കുന്നു.
= ആരാധനയും പ്രാര്‍ത്ഥനകളും ദേവാലയങ്ങള്‍ക്കുള്ളില്‍ മാത്രം നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. സുവിശേഷവത്‌കരണവും മതമാറ്റവും നിരോധിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഈ നിയമം ആരാധനയെ നിയന്ത്രിക്കുന്നില്ല. 2006 ലാണ് ഈ നിയമം പ്രാബല്യത്തിലാകുന്നത്.
? അള്‍ജീരിയന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 36 മതസ്വാതന്ത്ര്യം അനുവദിക്കുന്നു. ഈ പരിതസ്ഥിതിയില്‍ എങ്ങനെ അജപാലനശുശ്രൂഷ നിര്‍വഹിക്കാം.
= മതസ്വാതന്ത്ര്യം മനുഷ്യാവകാശമാണ്. നമ്മുടെ ആദ്യദൗത്യം വിശ്വാസജീവിതമാണ്. മറ്റുള്ള വിശ്വാസങ്ങളെ ആദരിക്കുകയും വേണം.
? ആഗോളസഭയ്‌ക്ക് അള്‍ജീരിയന്‍ സഭയെ എപ്രകാരം സഹായിക്കാനാകും.
= സമാധാനത്തിലും സൗഹാര്‍ദത്തിലുമുള്ള ജീവിതമാണ് ഞങ്ങളുടെ സന്ദേശം. ഇത് ക്രൈസ്‌തവര്‍ക്കും ഇതരമതസ്ഥര്‍ക്കുമുള്ള സന്ദേശമാണ്. ഈ സന്ദേശം എല്ലാ മതവിഭാഗങ്ങളും അംഗീകരിച്ചാല്‍ അത് അള്‍ജീരിയന്‍ കത്തോലിക്കാസഭയ്‌ക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനമായിരിക്കും.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.