Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 09 December 2011 14:57

ജപമാല ഒരിക്കലും കൈവിടരുത്‌

Written by  ആന്‍സണ്‍ ജോണ്‍ പാലക്കാട്‌
Rate this item
(1 Vote)

മരിയഭക്തയായ റാണി ജോണ്‍ കഞ്ചിക്കോട്‌ സംസാരിക്കുന്നു

? മാതാവിനോടുള്ള ഭക്തി കുറെക്കൂടി തീവ്രമാക്കാനുള്ള നിര്‍ദേശങ്ങള്‍.
മാതൃഭക്തി കുടുംബത്തില്‍ നിന്നുതന്നെയാണ്‌ ഉണ്ടാകേണ്ടത്‌. മാതാപിതാക്കളുടെ പ്രാര്‍ത്ഥനയിലൂടെയും മാതൃകയിലൂടെയുമാണ്‌ കുട്ടികളിലേക്ക്‌ വിന്യസിക്കേണ്ടത്‌. വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന്‌ ഭക്തിയോടും തീക്ഷ്‌ണതയോടും കൂടി ജപമാല ചൊല്ലണം. ഇന്നത്തെ കാലത്ത്‌ തിരക്കിന്റെ പേര്‌ പറഞ്ഞ്‌ പലരും പ്രാര്‍ത്ഥന ഒഴിവാക്കുകയാണ്‌. പ്രത്യേകിച്ച്‌ കൊന്ത നമസ്‌കാരം. ടിവിയുടെയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെയും ഒഴിവുസമയങ്ങളില്‍ അധരവ്യായാമമായി കൊന്ത അവസാനിക്കുന്നു. ജപമാലയില്‍ ഉച്ചരിക്കുന്ന വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കാതെയാണ്‌ പലരും ചൊല്ലുന്നത്‌.
ഒക്ടോബര്‍ മാസം മാത്രമല്ല എല്ലാ ദിവസവും കൊന്ത ചൊല്ലുന്ന ശീലം ദേവാലയങ്ങളില്‍ ഉണ്ടാക്കിയെടുക്കുക. മതബോധനക്ലാസുകളില്‍ ജപമാലയുടെ പ്രാധാന്യവും ജപമാല ഉണ്ടാകാനുണ്ടായ കാരണവും വിവിധ കാലഘട്ടങ്ങളില്‍ മാതാവ്‌ പ്രത്യക്ഷപ്പെട്ട്‌ ജപമാലയെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങളും കുട്ടികളെ മനസ്സിലാക്കി കൊടുക്കുക. ഓരോ പ്രതിസന്ധി ഘട്ടത്തിലും ജപമാല എങ്ങനെ അനുഭവപ്രദമായി എന്ന്‌ പരിചയപ്പെടുത്തിക്കൊടുക്കുക. ക്രിസ്‌തുവിന്റെ ജീവിതത്തില്‍, സഭയുടെ വളര്‍ച്ചയില്‍ മാതാവിനുണ്ടായിരുന്ന സ്ഥാനവും വിശദീകരിക്കണം.

? ജപമാല പ്രാര്‍ത്ഥനയില്‍ നിന്നും പിന്തിരിയുന്ന യുവജനങ്ങളോട്‌ എന്താണ്‌ പറയാനുള്ളത്‌.
യുവജനങ്ങള്‍ ജപമാലപ്രാര്‍ത്ഥന ആവര്‍ത്തനവിരസമെന്ന്‌ പറയുന്നു. എന്നാല്‍ `നന്മ നിറഞ്ഞ മറിയവും' `സ്വര്‍ഗസ്ഥനായ പിതാവേ' തുടങ്ങിയ പ്രാര്‍ത്ഥനകളും ആവര്‍ത്തിച്ച്‌ ചൊല്ലുന്നതിന്റെ കാരണം അവരെ ബോധ്യപ്പെടുത്തണം. പലര്‍ക്കും പ്രാര്‍ത്ഥനയുടെ പ്രാധാന്യം ചെറുപ്പത്തിലേ ലഭിച്ചിട്ടില്ല. ഇന്ന്‌ കാണുന്ന ഈ ഭൗതികസൗകര്യങ്ങള്‍ക്ക്‌ അപ്പുറം മറ്റൊരു ജീവിതമുണ്ടെന്ന്‌ അവരറിയണം. ഭൗതിക ജീവിതത്തില്‍ ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ മാത്രം ദൈവത്തെ വിളിക്കുന്ന സ്ഥിതിവിശേഷം നിര്‍ത്തുക. ജപമാലയുടെ ശക്തി ലോകത്തെ മാറ്റിമറിക്കുവാന്‍ കഴിയുന്നതാണെന്ന്‌ ഉദാഹരണസഹിതം യുവജനങ്ങളെ ബോധ്യപ്പെടുത്തുക.

? മാതാവ്‌ കൃപ നല്‍കുന്നവളാണ്‌ എന്ന്‌ ഉദാഹരിക്കുന്നതിനുള്ള അനുഭവം.

കൃപനിറഞ്ഞവളാണ്‌ എന്ന്‌ ഗബ്രിയേല്‍ ദൈവദൂതനിലൂടെ പിതാവായ ദൈവം സംസാരിച്ചതുതന്നെ വിശുദ്ധ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു. മാതാവ്‌ കൃപനിറഞ്ഞവളായതുകൊണ്ടാണ്‌ കാലിത്തൊഴുത്തുമുതല്‍ കാല്‍വരിവരെ ക്രിസ്‌തുവിനെ അനുധാവനം ചെയ്യാന്‍ കഴിഞ്ഞത്‌. കൃപയുണ്ടായിരുന്നത്‌ കൊണ്ടാണ്‌ മാതാവിന്‌ സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ്‌ ഉണ്ടായത്‌. കഴിവുകളെ കൃപകളാക്കി മാറ്റണം. എങ്കിലേ വിശുദ്ധിയില്‍ ജീവിക്കാന്‍ കഴിയൂ. യേശു മാതാവിന്റെ ഉദരത്തില്‍ ജനിച്ചതുതന്നെ നന്മ നിറഞ്ഞവളായതുകൊണ്ടാണ്‌.

എന്റെ ഒരു അനുഭവം പറയാം. ഒരു ദിവസം ഡോക്ടറുടെ അടുത്തുപോയിട്ട്‌ തിരികെ വീട്ടില്‍ വന്നപ്പോള്‍ വീട്ടിലുള്ള ചാപ്പലില്‍ ധാരാളം ആള്‍ക്കാര്‍ പ്രാര്‍ത്ഥിക്കുന്നത്‌ കണ്ടു. അതില്‍ പുറകിലത്തെ സീറ്റില്‍ പാന്‍റ്‌സും ഷര്‍ട്ടും ഇട്ട്‌ ഇരുന്ന ഒരാള്‍ എഴുന്നേറ്റ്‌ വന്നു. അദ്ദേഹത്തിന്റെ പ്രകൃതത്തില്‍ വൈദികനാണെന്ന്‌ മനസ്സിലായപ്പോള്‍ സ്‌തുതിചൊല്ലി. അപ്പോള്‍ അദ്ദേഹം പറഞ്ഞു.

രണ്ടുദിവസം കൂടിയേ ഉണ്ടാകുകയുള്ളൂ അതുകഴിഞ്ഞാല്‍ ഞാനും ഒരു അല്‌മായനാകും. ഇതുകേട്ടപ്പോള്‍ വിഷമം തോന്നി. സഭയില്‍ ഒരു അഭിഷിക്തനെക്കൂടി നഷ്ടപ്പെടാന്‍ പോകുന്നു എന്നായിരുന്നു എന്റെ ചിന്ത. തീരെ സുഖമില്ലെങ്കിലും അച്ചനോട്‌ ഒന്ന്‌ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, സംസാരിക്കാന്‍ അദ്ദേഹം ഒട്ടും താത്‌പര്യം കാണിച്ചില്ലെങ്കിലും പിന്നീട്‌ സംസാരിച്ചു. ഒടുവില്‍ അച്ചനോട്‌ പറഞ്ഞു. സഭാവസ്‌ത്രം വേണ്ടെന്നുവെക്കണമെങ്കില്‍ അങ്ങനെ ചെയ്‌തോ. പക്ഷേ ഒരു വ്യക്തിയോട്‌ ചോദിച്ചിട്ട്‌ മതി അത്‌. അതിന്‌ അച്ചന്‍ തയ്യാറായി. ആ വ്യക്തിയാരെന്നറിയാന്‍ അദ്ദേഹം ഫോണ്‍നമ്പര്‍ ചോദിച്ചു. 53 അക്കങ്ങളുള്ളതുകൊണ്ട്‌ കുറിച്ചെടുക്കാന്‍ പറ്റില്ല.

നമ്മുക്കൊരുമിച്ച്‌ വിളിക്കാം എന്ന്‌ പറഞ്ഞ്‌ അച്ചനെയും കൂട്ടി 53 മണി ജപമാല ചൊല്ലി. ധ്യാനത്തോടും സങ്കടത്തോടും കൂടി ചെയ്‌ത ആ ജപമാലയില്‍ അച്ചന്റെ വിഷമങ്ങളും നിയോഗങ്ങളും മാതാവിന്‌ സമര്‍പ്പിച്ചു. അതിനുശേഷം അച്ചന്‍ തന്റെ പോക്കറ്റില്‍ നിന്നും ഒരു കവര്‍ എടുത്തു. അതില്‍ അച്ചന്‍ ബിഷപ്പിന്‌ കൊടുക്കുവാനുള്ള രാജിക്കത്തായിരുന്നു. ഞങ്ങള്‍ മാതാവിന്റെ രൂപത്തിനുമുമ്പില്‍ മുന്നില്‍വച്ച്‌ അത്‌ കീറിക്കളഞ്ഞു. ഇന്ന്‌ ആ വൈദികന്‍ ഏറെ തീക്ഷ്‌ണതയോടും ചുറുചുറുക്കോടും തന്റെ ശുശ്രൂഷകള്‍ നടത്തുന്നു.

മറ്റൊന്ന്‌ ജപമാല കഴുത്തില്‍ അണിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ട്‌ അത്‌ വിഫലമായി. മാത്രമല്ല, അവന്റെ കഴുത്തില്‍ കിടക്കുന്ന ജപമാലയാണ്‌ അതിന്‌ കാരണം എന്ന ബോധ്യത്തില്‍ അവന്‌ അത്‌ ഊരാന്‍ കഴിയാതെ എന്റെ അടുത്തുവന്നു. അയാളോടും വിവരങ്ങള്‍ ആരാഞ്ഞ്‌ അയാളെ സമര്‍പ്പിച്ച്‌ കൊന്ത ചൊല്ലി, ആത്മഹത്യചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും അവന്‍ പിന്മാറി. ഇങ്ങനെ നിരവധിയായ സംഭവങ്ങള്‍ ഉണ്ട്‌. മാതാവ്‌ കൃപ നല്‍കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്‌ കാനായിലെ കല്യാണം.

? വണക്കമാസപ്രാര്‍ത്ഥന, ഉത്തരീയം, മാതൃസ്‌തുതി ഗീതങ്ങള്‍ ഇവയൊക്ക പുതിയ തലമുറയ്‌ക്ക്‌ അജ്ഞാതമായിരിക്കുന്നു
ശരിയാണ്‌. വണക്കമാസപ്രാര്‍ത്ഥനകള്‍ ഇന്ന്‌ കുടുംബങ്ങളിലും ദേവാലയങ്ങളിലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വണക്കമാസപ്രാര്‍ത്ഥനകള്‍ ആഘോഷമായി നടത്തുകയും അതിന്റെ പ്രാധാന്യം കുഞ്ഞുമനസ്സുകളിലേക്ക്‌ പകര്‍ന്നുകൊടുക്കുകയും അവരെക്കൊണ്ട്‌ ചെയ്യിക്കുകയുമാണ്‌ വേണ്ടത്‌. ഇന്നത്തെ കുട്ടികള്‍ വണക്കമാസത്തെക്കുറിച്ച്‌ കേട്ടിട്ട്‌ പോലുമില്ല. അതിന്റെ കാരണക്കാര്‍ മാതാപിതാക്കളല്ലാതെ മറ്റാരാണ്‌?


ഉത്തരീയം മാതൃഭക്തിയുടെ ഭാഗമാണ്‌. നിത്യരക്ഷയുടെ അച്ചാരമാണ്‌. അത്‌ ധരിച്ച്‌ മരിക്കുന്നവര്‍ സ്വര്‍ഗത്തിനവകാശികളായി തീരും. ഉത്തരീയം ധരിക്കുന്നവര്‍ വിശുദ്ധിയില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. ജപമാലയും ഉത്തരീയവും ക്രിസ്‌തുവിശ്വാസിയുടെ രണ്ട്‌ ആയുധങ്ങളാണ്‌. അവ ധരിച്ചവര്‍ മറ്റ്‌ ലൗകികമായ പ്രലോഭനങ്ങള്‍ക്ക്‌ അടിമപ്പെടാനുള്ള സാധ്യതയില്ല. ആ ബോധ്യം കുട്ടികള്‍ക്ക്‌ വിശദീകരിച്ചുകൊടുക്കണം. മാതാപിതാക്കളും മതാധ്യാപകരും അതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കണം. വിവാഹത്തിന്‌ മുമ്പുള്ള പ്രീ കാന കോഴ്‌സുകളില്‍ ഉത്തരീയം, ജപമാല, മാതൃഭക്തി എന്നിവയുടെ പ്രാധാന്യം ഉള്‍പ്പെടുത്തണം.
ജപമാല ഇന്ന്‌ ഗാനരൂപത്തില്‍ ആകുമ്പോള്‍ ഭക്തി നഷ്ടപ്പെടുന്നുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ ചില ഗാനങ്ങള്‍ നാം ചൊല്ലുന്ന പ്രാര്‍ത്ഥന പൂര്‍ണമായി ഉള്‍ക്കൊള്ളുന്നില്ല. അവ വിവേചിച്ച്‌ അറിയുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ സഭാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുകയും വേണം. കൂടാതെ പ്രാര്‍ത്ഥനയോടൊപ്പം കുടുംബങ്ങളില്‍ സുകൃതജപം ചൊല്ലുന്ന പതിവും തീരെയില്ലാതായി.
മിഷന്‍ ലീഗ്‌ പോലെയുള്ള സംഘടനകള്‍ ഇത്‌ നിര്‍ദേശിക്കുന്നുണ്ടെങ്കിലും കുട്ടികള്‍ എത്രമാത്രം ചെയ്യുന്നു എന്നത്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്‌. സന്ധ്യാപ്രാര്‍ത്ഥനയില്‍ എല്ലാവരും ചേര്‍ന്ന്‌ സുകൃതജപം ചൊല്ലുക. ഈ ലോകത്തിലെ ഭൗതികസുഖങ്ങളെക്കുറിച്ച്‌ മാത്രമേ നാം ചിന്തിക്കുന്നുള്ളൂ. അതിനപ്പുറത്ത്‌ നിത്യമായ ഒരു ലോകം ഉണ്ടെന്ന്‌ ചിന്തിച്ചാല്‍ പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവര്‍ക്കും സമയമുണ്ടാകും.

റാണി ജോണ്‍: 15 വര്‍ഷമായി വചനശുശ്രൂഷയും പ്രാര്‍ത്ഥനാശുശ്രൂഷയും നടത്തുന്നു. 33 മരിയന്‍ ധ്യാനങ്ങള്‍ നടത്തി. 25 തവണ പഞ്ചക്ഷതാനുഭവം ഉണ്ടായിട്ടുണ്ട്‌. നിരന്തരമായി ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഭര്‍ത്താവ്‌ ജോണ്‍ (വിനു). മകള്‍: സ്‌നേഹ.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.