ഇടര്‍ച്ചയുടെ കഥകള്‍ മാത്രം പര്‍വ്വതീകരിക്കുന്ന മാധ്യമങ്ങള്‍ സഭയെ വിവസ്‌ത്രീകരിക്കുന്നതിലും അവളെ വിശ്വാസയോഗ്യയല്ലാതാക്കാനുള്ള ശ്രമങ്ങളിലും ഗൂഢസന്തോഷം കണ്ടെത്തുന്നവരാണ്. എങ്കിലും സത്യത്തിന്റെ വെളിച്ചം സഭയില്‍ വീണ്ടും സുവര്‍ണ്ണ ശോഭയില്‍ രാജിക്കാന്‍ ദൈവം ഈ വെളിപ്പെടുത്തലുകളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ പലപ്പോഴും സഭയുടെ നന്മയുടെ മുഖങ്ങളെ തമസ്‌കരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത് ദുഃഖകരമാണ്.
ചോദ്യം: പ്രിയപ്പെട്ട അച്ചാ, ചോദിക്കുന്നതില്‍ തെറ്റിദ്ധരിക്കില്ല എന്ന ചിന്തയോടെയാണ് ഈ കത്ത് അയയ്‌ക്കുന്നത്. 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് ഞാന്‍. സെമിനാരിയില്‍ ചേര്‍ന്ന് വൈദികനാകാനുള്ള ചിന്ത പലപ്പോഴും എന്റെ മനസ്സില്‍ ഉദിക്കാറുണ്ട്. എന്നാല്‍ വൈദികര്‍, വിശേഷിച്ചും വിദേശങ്ങളില്‍, നടത്തിയിട്ടുള്ള ബാലപീഡനങ്ങളുടെ കഥ എന്നെ വൈദിക വൃത്തിയില്‍നിന്നും പിന്തിരിപ്പിക്കുന്നു. ഈ ആരോപണങ്ങളെക്കുറിച്ച് വസ്‌തുനിഷ്‌ഠമായ ഒരു മറുപടി എഴുതിയാല്‍ എന്നെപ്പോലെയുള്ള അനവധി യുവാക്കള്‍ക്ക് അതു പ്രയോജനപ്പെടും.
- അമല്‍ മാത്യു, തിരുവനന്തപുരം
അമലിന്റെ ചോദ്യം ഒരുപാട് വിശ്വാസികളുടെ വേദനയാണ് പ്രകാശിപ്പിക്കുന്നത്. വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും കാവലാളുകളാകാന്‍ പ്രതിജ്ഞാബദ്ധരായ വൈദികര്‍, അത് എത്ര ചെറിയ വിഭാഗമാണെങ്കിലും, പൗരോഹിത്യത്തിന് അപമാനവും വിശ്വാസികള്‍ക്കു മുന്നില്‍ ഇടര്‍ച്ചയും ഉളവാക്കുന്നു എന്നത് സത്യമാണ്. ഈ ചോദ്യത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കും മുമ്പ് ഈ തിന്മയുടെ നിജസ്ഥിതിയെക്കുറിച്ച് ഒരു ഹ്രസ്വമായ അന്വേഷണം പ്രസക്തമാണ്.
ബാലപീഡകരും മറച്ചുവച്ചവരും
വൈദികര്‍ക്കെതിരേ പാശ്ചാത്യനാടുകളില്‍ വിശേഷിച്ചും അമേരിക്ക, അയര്‍ലണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഉയരുന്ന ആരോപണങ്ങളുടെ ഉള്ളടക്കം രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി വൈദികര്‍ പ്രായപൂര്‍ത്തിയാകാത്തവരെ ദുരുപയോഗിച്ചു എന്നതാണ്. രണ്ടാമതായി, ഇത്തരം വൈദികര്‍ക്കെതിരേ യഥാസമയം ശിക്ഷാനടപടികള്‍ സ്വീകരിക്കാതെ അവരെ വൈദിക വൃത്തിയില്‍ തുടരാന്‍ സഭാനേതൃത്വം അനുവദിച്ചു എന്നതുമാണ്. ഈ ആരോപണങ്ങളെക്കുറിച്ച് വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തിയ വത്തിക്കാന്‍ ഇവയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. വൈദികര്‍ക്കെതിരേ യഥാസമയം ശിക്ഷാനടപടി സ്വീകരിക്കാതിരുന്നതിന് കര്‍ദ്ദിനാള്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാനചലനമുണ്ടായി.
എന്നാല്‍, എഴുത്തില്‍ ആശങ്കപ്പെടുന്നതുപോലെ പാശ്ചാത്യലോകത്തെ വൈദികരെല്ലാം തെറ്റുകാരാണെന്നു കരുതരുത്. 2008 ലെ അമേരിക്കന്‍ സ്റ്റേറ്റ് ക്രൈം ബ്യൂറോ റിപ്പോര്‍ട്ടനുസരിച്ച് 0.03 ശതമാനം കത്തോലിക്കാ വൈദികര്‍ മാത്രമേ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരായുള്ളൂ. ക്രിസ്റ്റ്യന്‍ സയന്‍സ് മോണിട്ടര്‍ എന്ന മാസിക നടത്തിയ പഠനത്തില്‍ പ്രശസ്‌ത ജര്‍മ്മന്‍ കുറ്റാന്വേഷകന്‍ ക്രിസ്റ്റ്യാന്‍ ഫ്‌ളയര്‍ പറഞ്ഞത് ലൈംഗിക പീഡനക്കേസുകളില്‍ 0.1 ശതമാനത്തില്‍ മാത്രമേ വൈദികര്‍ ആരോപണവിധേയരായിട്ടുള്ളൂ. അമേരിക്കയിലെ യഹൂദ മേധാവിത്വത്തിലുള്ള മാധ്യമങ്ങള്‍ പരമ്പരാഗതമായ ക്രൈസ്‌തവ വിരോധത്തില്‍ ഇത്തരം തിന്മകള്‍ പര്‍വ്വതീകരിച്ചു എന്നത് പകലുപോലെ വ്യക്തമാണ്.
സഭാവിദ്വേഷം പ്രഖ്യാപിത നയമായി സ്വീകരിച്ചിട്ടുള്ള കേരളത്തിലെ ചില മാധ്യമങ്ങളും ഇതിന് ആനുപാതികമല്ലാത്ത വാര്‍ത്താപ്രാധാന്യം നല്‍കി എന്നതും ശ്രദ്ധേയമാണ്. സ്ഥിതിവിവരണക്കണക്കുകളുടെ പേരില്‍ ആശ്വസിക്കാനോ പ്രശ്‌നത്തിന്റെ ഗൗരവം നിസ്സാരവല്‍ക്കരിക്കാനോ അല്ല ഇത്രയും പറഞ്ഞത്. മറിച്ച് ഈ പ്രചാരണത്തില്‍ സഭാവിദ്വേഷികളുടെ പങ്കും വിചിന്തന വിഷയമാക്കേണ്ടതുണ്ട് എന്നു മാത്രമേ പറയാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ.
കാരണങ്ങള്‍
വൈദികര്‍ക്കെതിരേയുള്ള ബാലപീഡനക്കേസുകള്‍ക്ക് ആസ്‌പദമായവയില്‍ ബഹുഭൂരിപക്ഷവും 1970 കളിലും 1980 കളിലും സംഭവിച്ചവയാണ്. സമര്‍പ്പിതരുടെ തിരുസ്സംഘത്തിന്റെ അധ്യക്ഷനായ കര്‍ദ്ദിനാല്‍ ഫ്രാങ്ക് റോദെ ഇതേക്കുറിച്ചു പറയുന്നത് ശ്രദ്ധാര്‍ഹമാണ്: 1960 കളില്‍ ആരംഭിച്ച ധാര്‍മ്മിക മേഖലയിലെ വിപ്ലവം സഭയെ അടിമുടി ബാധിച്ചു. സത്താപരമായി തിന്മയായത് (intrinsic evil) ഒന്നുമില്ലെന്നും സാഹചര്യപരമോ ആപേക്ഷികമോ ആയി മാത്രമേ തിന്മകളുള്ളൂ എന്നുമുള്ള ചിന്ത സഭയില്‍ ശക്തിപ്രാപിച്ചപ്പോള്‍, അതിന് വൈദികരും വശംവദരായി എന്നതാണ് സത്യം. ബാലരതി ഒരു മനോരോഗമാണ്. എന്നാല്‍ ഇതിന് ഇത്രയും പ്രചാരം, വൈദികരുടെയിടയില്‍പോലും, ലഭിച്ചതിനു പിന്നില്‍ അനുകൂലമായ ഈ ബൗദ്ധിക അന്തരീക്ഷത്തിന്റെ സ്വാധീനമുണ്ട്.
രണ്ടാമതായി, ഡബ്ലിനിലെ മെത്രാപ്പോലീത്താ ചൂണ്ടിക്കാട്ടിയതുപോലെ 1960 കളുടെ അന്ത്യത്തോടെ സഭാനിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ അപ്രത്യക്ഷമായി. സഭ നിയമത്തിന്റെ സഭയല്ല സ്‌നേഹത്തിന്റെ സഭയാണ് എന്ന ധാരണ ശക്തിപ്പെടുകയും ചെയ്‌തു. ശിക്ഷ സ്‌നേഹത്തിന്റെയും നീതിയുടെയും പ്രവൃത്തിയാണെന്ന ചിന്ത നിലച്ചുപോയതോടെ സഭയ്‌ക്കുള്ളിലെ കുറ്റകൃത്യങ്ങള്‍ പലതും - അല്‌മായരുടെയും വൈദികരുടെയും - നിസ്സാരവത്‌കരിക്കപ്പെട്ടു. സ്‌നേഹം കേവലം വാത്സല്യം മാത്രമായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ സ്‌നേഹത്തില്‍ ശിക്ഷണത്തിനും ശിക്ഷയ്‌ക്കും സ്ഥാനമുണ്ടെന്ന സത്യം വിസ്‌മരിക്കപ്പെടുന്നു എന്ന ബനഡിക്‌ട് മാര്‍പാപ്പായുടെ നിരീക്ഷണവും ഇത്തരുണത്തില്‍ പ്രസക്തമാണ്. വൈദികരുടെ തെറ്റുകളെ ഗൗരവാവഹമായി കൈകാര്യം ചെയ്യുന്നതില്‍ സഭാനിയമത്തിന്റെ പ്രയോഗക്ഷമതയില്‍ വന്ന ചലനരാഹിത്യം കാരണമായി.
മൂന്നാമതായി, ചൂഷണത്തില്‍ ഇരകളായവരുടെ അവകാശങ്ങളെക്കാള്‍ സഭയുടെ സല്‍പേരിന് സഭാധികാരികള്‍ പലപ്പോഴും പ്രാധാന്യം നല്‍കി എന്നത് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന ന്യൂനപക്ഷത്തിന് തുണയായി. ചൂഷണത്തിന് ഇരയായവരുടെ അവകാശങ്ങള്‍ക്കാണ് പ്രഥമവും പ്രധാനവുമായ പരിഗണന നല്‍കേണ്ടത് എന്ന തിരിച്ചറിവ് സഭയില്‍ വൈകിയാണ് ഉദിച്ചത് എന്ന ബനഡിക്‌ട് മാര്‍പാപ്പായുടെ കുറ്റസമ്മതവും ഇതിനോടു ചേര്‍ത്തു മനസ്സിലാക്കാം.
നാലാമതായി, സെമിനാരി പരിശീലനത്തില്‍ വന്ന അപചയങ്ങള്‍ അനര്‍ഹരായവര്‍ അഭിഷിക്തരാകാനിടവരുത്തിയിട്ടുണ്ട് എന്ന് വത്തിക്കാന്‍ നിരീക്ഷിച്ചിട്ടുണ്ട്. പരിശീലകരായ അധികാരികളുടെ ഉദാസീനതയും ദൈവവിളിയിലെ കുറവുമൂലം ചെറിയ തെറ്റുകള്‍ സാരമില്ല എന്ന ലാഘവബുദ്ധിയും മൂലം പരിശീലനകാലത്ത് അനര്‍ഹരായവരെ തിരിച്ചറിയാന്‍ പോരുന്ന ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ലൈംഗിക വൈകൃതങ്ങളുള്ളവരും സ്വാഭാവിക ലൈംഗിക ജീവിതത്തില്‍ താല്‌പര്യമില്ലാത്തവരും ഈ പഴുതുകള്‍ പ്രയോജനപ്പെടുത്തി സെമിനാരികളില്‍ കയറിക്കൂടാനിടവന്നു എന്നും വത്തിക്കാന്‍ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. ഇത്തരം അപചയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സെമിനാരികളിലെ പരിശീലകര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ നല്‍കിയിട്ടുണ്ട്.
അഞ്ചാമതായി, പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും ജീവിതശൈലിയില്‍നിന്ന് അകന്ന് പ്രവര്‍ത്തനപരതയുടെ പുതിയ ജീവിതശൈലി വൈദികര്‍ അനുവര്‍ത്തിച്ചു തുടങ്ങിയതും ഇത്തരം അപഭ്രംശങ്ങള്‍ക്കു കാരണമായിട്ടുണ്ട്.
പുതിയ പ്രതീക്ഷകള്‍
പരി. പിതാവ് ബനഡിക്‌ട് മാര്‍പാപ്പാ മാള്‍ട്ടായില്‍ സന്ദര്‍ശനം നടത്തവേ വൈദികരില്‍നിന്ന് ലൈംഗിക പീഡനത്തിനിരയായ ജോസഫ് മാഗ്രേ എന്ന യുവാവിനെ കണ്ടു സംസാരിച്ചു. പ്രസ്‌തുത സംഭാഷണത്തെക്കുറിച്ച് മാഗ്രേ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്: എനിക്കു സംഭവിച്ചതിന് മാര്‍പാപ്പാ ഒരിക്കലും ഉത്തരവാദിയല്ല, എന്നിട്ടും അദ്ദേഹം എന്നോടൊപ്പം കരഞ്ഞു. ഇതേക്കുറിച്ച് പീറ്റര്‍ സ്വീവാള്‍ഡുമായി നടത്തിയ പ്രസിദ്ധമായ മാധ്യമ സംവാദത്തില്‍ മാര്‍പാപ്പാ പറഞ്ഞത് ഇപ്രകാരമാണ്. അവരുടെ വേദന എന്റെ ഹൃദയത്തെതൊട്ടു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം സഭയില്‍ ചെയ്യണമോ അതെല്ലാം ചെയ്യാന്‍ ആ കൂടിക്കാഴ്‌ച എന്നെ പ്രേരിപ്പിച്ചു. മാര്‍പാപ്പാ പ്രകടിപ്പിക്കുന്ന ഈ അവബോധം സഭാനേതൃത്തിലാകെ പുതിയൊരു ദിശാബോധം ഉണര്‍ത്തിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങള്‍ സകലവൈദികരെയും എളിമയുടെ അവിസ്‌മരണീയ പാഠങ്ങള്‍ പഠിപ്പിച്ചു എന്നതാണ് ഈ സംഭവങ്ങളില്‍ നിന്ന് ദൈവം പുറപ്പെടുവിച്ച ഭാവാത്മകഫലം. സകലവിശുദ്ധിയുടെയും സര്‍വ്വജ്ഞാനത്തിന്റെയും അവകാശവാദങ്ങള്‍ അടിയറവച്ച് പൗരോഹിത്യമെന്ന നിധി കേവലം മണ്‍പാത്രങ്ങളില്‍ കിട്ടിയവരാണ് തങ്ങള്‍ എന്ന വിനയത്തിന്റെ വിചാരം വൈദികരില്‍ ഉളവാക്കാന്‍ ഈ സംഭവങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.
ഇടര്‍ച്ചയുടെ കഥകള്‍ മാത്രം പര്‍വ്വതീകരിക്കുന്ന മാധ്യമങ്ങള്‍ സഭയെ വിവസ്‌ത്രീകരിക്കുന്നതിലും അവളെ വിശ്വാസയോഗ്യയല്ലാതാക്കാനുള്ള ശ്രമങ്ങളിലും ഗൂഢസന്തോഷം കണ്ടെത്തുന്നവരാണ്. എങ്കിലും സത്യത്തിന്റെ വെളിച്ചം സഭയില്‍ വീണ്ടും സുവര്‍ണ്ണ ശോഭയില്‍ രാജിക്കാന്‍ ദൈവം ഈ വെളിപ്പെടുത്തലുകളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ പലപ്പോഴും സഭയുടെ നന്മയുടെ മുഖങ്ങളെ തമസ്‌കരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത് ദുഃഖകരമാണ്.
സഭയോളം കണ്ണീരൊപ്പിയവരോ, രോഗികളെ പരിചരിച്ചവരോ, പാവങ്ങളെ സഹായിച്ചവരോ, അക്ഷരം പഠിപ്പിച്ചവരോ, എയിഡ്‌സ് രോഗികളെ പുനരധിവസിപ്പിച്ചതോ, തെരുവു കുഞ്ഞുങ്ങളെ പോറ്റിയവരോ.... ആരുമില്ല. അവയെല്ലാം അവഗണിച്ച് ഒറ്റപ്പെട്ട തിന്മകളെ തമസ്‌കരിച്ച് പൗരോഹിത്യത്തെയും സന്യാസത്തെയും അപമാനിക്കുന്നവരുടെ ലക്ഷ്യം നിഷ്‌കളങ്കരായ ചെറുപ്പക്കാരെ ദൈവവിളി സ്വീകരിക്കുന്നതില്‍നിന്ന് തടയുക എന്നതു കൂടിയാണെന്ന് നാം മനസ്സിലാക്കണം. ആരോപണങ്ങളിലൂടെ സഭയെ തകര്‍ക്കാന്‍ നാരകീയ ശക്തികള്‍ക്ക് ഒരിക്കലും സാധിക്കില്ല.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.