അനേക വര്‍ഷങ്ങളായി പരിശുദ്ധ അമ്മയെ വിളിച്ച നാവിനും കൊന്തയുരുട്ടിയ കൈവിരലുകള്‍ക്കും വിലങ്ങിടാന്‍ ആര്‍ക്കും കഴിഞ്ഞില്ല... പ്രാര്‍ത്ഥനയെന്ന ശീലം മരണനിമിഷത്തില്‍പ്പോലും കൈവിട്ടു പോകരുതെന്ന നിര്‍ബന്ധം... വിശുദ്ധമായ ആ നിര്‍ബന്ധം ഇഗ്നേഷ്യസ് ബ്രദര്‍ വിശുദ്ധിയുടെ ബിംബമാക്കി മാറ്റി... വരുംതലമുറയ്‌ക്ക് സഹോദരന്‍ കാത്തുസൂക്ഷിച്ച് കൈമാറിയത് ഈ ബിംബത്തെയാണ് !
ധന്യമായൊരു ജീവിതമായിരുന്നു ഇഗ്നേഷ്യസ് സഹോദരന്റേത്. ഒരു തീര്‍ത്ഥാടനത്തെ ഓര്‍മിപ്പിക്കുന്ന ആ ജീവിതം, ഒരു നീര്‍ച്ചാല്‍പോലെ ലളിതമായി, ശാന്തമായി, സുന്ദരമായി 2011 ആഗസ്റ്റ് 12 ന് ദൈവസന്നിധിയിലേക്ക് ഒഴുകിച്ചേര്‍ന്നിരിക്കുന്നു. ഒരു തലമുറയുടെ പക്വതയുടെയും മാതൃകയുടെയും ആധ്യാത്മികതയുടെയും സവിശേഷ ഓര്‍മകളെ തിരുശേഷിപ്പുകളായി നമുക്കു കൈമാറിയിട്ടാണ് സി.എം.ഐ സഭാംഗമായ ഈ സഹോദരന്‍ നമ്മില്‍നിന്നു യാത്രയായത്.ഓര്‍ത്തിരിക്കാന്‍ നിര്‍ബന്ധിക്കുന്ന `ബിംബ'ങ്ങളൊന്നും അദ്ദേഹമുണ്ടാക്കിയിട്ടില്ല. കടന്നുപോകുമ്പോള്‍ `ഇത് ഇഗ്നേഷ്യസ് ബ്രദറിന്റെ സംഭാവനയാണ്' എന്നു ചൂണ്ടിക്കാണിക്കാനൊന്നും ബാക്കിവയ്‌ക്കാതെയാണദ്ദേഹം പോയത്. കഞ്ഞിവയ്‌പ്പുകാരന്റെ സാന്നിധ്യം അടുക്കള വാതിലിന്റെ ഓടാമ്പല്‍ വരെയല്ലേയുള്ളൂ...? അതിനപ്പുറം വന്നാല്‍ ``നീയിവിടെ?'' എന്നും അടുക്കളയിലില്ലെങ്കില്‍ ``നീയെവിടെ?'' എന്നതിനുമപ്പുറം നമ്മുടെ ക്ഷേമാന്വേഷണങ്ങള്‍ നീളാറില്ലല്ലോ!! പക്ഷേ, ഒരടുക്കളക്കാരന്‍ ഉണ്ടായേ തീരൂ... ഇഗ്നേഷ്യസ് സഹോദരന്‍ വിശുദ്ധിയുടെയും നന്മയുടെയും കലവറക്കാരനായിരുന്നു... പതിവുപോലെ തിരക്കഥയില്ലാതെ... അഭിനയങ്ങളില്ലാതെ... തിരശീലയ്‌ക്കു മുന്നിലില്ലാതെ...!
ഒരുനാള്‍ ഒരു സുഹൃത്തുമായി കറുകുറ്റിയിലുള്ള ക്രിസ്‌തുരാജാശ്രമത്തിലെത്തി ഞാന്‍. കൂട്ടുകാരന്‍ പറഞ്ഞു `എന്തോ പ്രത്യേകതയുണ്ടിവിടെ. നന്മയുടെ ഒരു ചൈതന്യം എന്നിലേക്കു തുരന്നു കയറുന്നതുപോലെ.'' അല്‌പം കഴിഞ്ഞ് ഞങ്ങള്‍ ഇഗ്നേഷ്യസ് ബ്രദറിനെ കണ്ടു. ഉടനെ ഒരിക്കലും ബ്രദറിനെ കാണാത്ത ആ അല്‌മായ സഹോദരന്‍ എന്നോടു പറഞ്ഞു `ദാ, ആ അച്ചന്‍ ഒരു വിശുദ്ധനാണ്.' കുഴമ്പിന്റെ നിറമുള്ള കൊന്തയും ഉരുട്ടി നടന്നുവരുന്ന ബ്രദറിന്റെ വിശുദ്ധി ആര്‍ക്കും അന്യമായിരുന്നില്ല.
ബ്രദറിന്റെ ജീവനും ശരീരവും ഒരു കൊന്തവള്ളികൊണ്ട് കെട്ടിയിരിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ ജീവന്‍ ഉടക്കിക്കിടന്നിരുന്നത് കൊന്തയിലായിരുന്നു. സംസാരിക്കുമ്പോള്‍പ്പോലും താളത്തിനൊത്തുരുളുന്ന കൊന്തമണികള്‍!! അവശനായി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ ആരോ കൊന്തയെടുത്തു മാറ്റി. എന്നിട്ടും കൊന്ത ചൊല്ലുന്ന താളത്തില്‍ കൈവിരലുകളനങ്ങി; ചുണ്ടുകളും. മരണത്തിനു മുന്‍പുള്ള അര്‍ത്ഥബോധാവസ്ഥയില്‍പ്പോലും പുതപ്പിന്മേല്‍ വിരല്‍കൊണ്ടു മടക്കിട്ട് കൊന്ത ചൊല്ലിയിരുന്നത് കണ്ടുനിന്നവര്‍ക്ക്, ഒരു വിശുദ്ധ ജീവിതത്തിന്റെ വിട്ടകലാന്‍ മടിക്കുന്ന വഴക്കങ്ങളെയാണ് ദൃശ്യമാക്കിയത്.
അനേക വര്‍ഷങ്ങളായി പരിശുദ്ധ അമ്മയെ വിളിച്ച നാവിനും കൊന്തയുരുട്ടിയ കൈവിരലുകള്‍ക്കും വിലങ്ങിടാന്‍ ആര്‍ക്കും കഴിഞ്ഞില്ല... പ്രാര്‍ത്ഥനയെന്ന ശീലം മരണനിമിഷത്തില്‍പ്പോലും കൈവിട്ടു പോകരുതെന്ന നിര്‍ബന്ധം... വിശുദ്ധമായ ആ നിര്‍ബന്ധം ഇഗ്നേഷ്യസ് ബ്രദര്‍, വിശുദ്ധിയുടെ ബിംബമാക്കി മാറ്റി... വരുംതലമുറയ്‌ക്ക് സഹോദരന്‍ കാത്തുസൂക്ഷിച്ച് കൈമാറിയത് ഈ ബിംബത്തെയാണ്!.
അവസാനകാലത്ത് സഹോദരന്റെ കാഴ്‌ച മങ്ങിപ്പോയിരുന്നു. പക്ഷേ, പള്ളിയിലെ കെടാവിളക്ക് കെട്ടുപോയാല്‍ അദ്ദേഹം അത് അറിഞ്ഞിരുന്നു. അന്ധതയില്‍പ്പോലും കെടാവിളക്കിന്റെ കാവല്‍ക്കാരനായിരുന്നു അദ്ദേഹം. ഈ അപാരമായ കഴിവ് എവിടെനിന്നു കിട്ടി അദ്ദേഹത്തിന്? ഏതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത് ഹൃദയത്തിലും ശരീരത്തിലും നിറയുന്നു. ബ്രദറിന്റെ ശ്രദ്ധ എന്നും അള്‍ത്താരയിലും ബലിവേദിയിലും കെടാവിളക്കിലുമായിരുന്നു... അവിടുത്തെ ഓരോ മാറ്റവും ബ്രദറിന്റെ ഹൃദയത്തില്‍ പതിഞ്ഞിരുന്നു.
ചെറിയ കാര്യങ്ങള്‍ക്കുപോലും എല്ലാവരോടും വലിയ നന്ദി പറയുന്നവനായിരുന്നു ബ്രദര്‍. എന്തു ചെറിയ നന്മ അദ്ദേഹത്തിന് ചെയ്‌തുകൊടുത്താലും അടുത്തുവന്നു പറയും ``നന്ദി'' ; ഒന്നു ചിരിച്ചതിന്, കസേരയൊന്നു നീക്കിക്കൊടുത്തതിന്, വാതിലിലൂടെ ആദ്യം കടന്നുപോകാന്‍ അനുവദിച്ചതിന്...! നമ്മള്‍ ചിന്തിക്കാതെ ചെയ്‌ത എല്ലാ നന്മകള്‍ക്കും അദ്ദേഹത്തിന്റെ പ്രായത്തിന്റെ വലിപ്പത്തിലുള്ള നന്ദി നല്‍കിയിരുന്നു! ഈ മനുഷ്യന്റെ കൂടെയുള്ള ജീവിതം എത്ര ഭാഗ്യമായിരുന്നു....
ഒരു കിടപ്പുരോഗിയുടെ മുറിപോലെയായിരുന്നു ബ്രദറിന് ദേവാലയം. പള്ളിയുടെ കാവല്‍ക്കാരനെപ്പോലെ അദ്ദേഹം എപ്പോഴും അവിടെയുണ്ടായിരുന്നു. നടക്കുമ്പോള്‍ പള്ളിയുടെ ഭിത്തികളില്‍, അവിടെയിട്ടിരിക്കുന്ന വസ്‌തുക്കളില്‍ തൊട്ടേ പോകൂ... ആരോഗ്യമുള്ള കാലത്തും അങ്ങനെതന്നെയായിരുന്നു. ബ്രദര്‍ പള്ളിയെ തൊട്ടാസ്വദിച്ചിരുന്നു... എല്ലാ സ്‌പര്‍ശനങ്ങളും അനുഭവങ്ങളും ദൈവത്തിന്റെ സാന്നിധ്യം അദ്ദേഹത്തിനു നല്‍കിയിരുന്നു എന്നു ചുരുക്കം. ജീവന്റെ വശ്യതയായി ദേവാലയം രൂപപ്പെട്ടിരുന്നു അദ്ദേഹത്തില്‍.
ദിവ്യകാരുണ്യവും മാതൃരൂപവും ഇഗ്നേഷ്യസ് ബ്രദറിനെന്നും ഒരു ലഹരിയായിരുന്നു. കൂനുമൂലം കാഴ്‌ച കാല്‌പാദത്തിനപ്പുറത്തേക്കു പോകില്ലായിരുന്നു. എന്നിട്ടും അള്‍ത്താരയിലേക്കും മാതൃരൂപത്തിലേക്കും തല ചെരിച്ചുപിടിച്ച് നോക്കിയിരിക്കുന്ന സഹോദരനെ എനിക്ക് മറക്കാന്‍ കഴിയുന്നില്ല. എത്ര കഷ്‌ടപ്പെട്ടായിരുന്നിരിക്കണം വിശുദ്ധ കുര്‍ബാനയിരിക്കുന്നിടത്തേക്ക് അദ്ദേഹം നോക്കിയിരുന്നത്?! പൂര്‍ണനായ ഒരു സന്യാസിയുടെ ദൈവാനുഭവത്തിനുള്ള ദാഹം... അല്ലാതെന്തു പറയാന്‍?
അവസാനകാലത്ത് എഴുന്നേറ്റു നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. പക്ഷേ, `കര്‍ത്താവിന്റെ മാലാഖ'യും `ലുത്തിനിയായും' പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം കഷ്‌ടപ്പെട്ട് എഴുന്നേറ്റു നില്‍ക്കുമായിരുന്നു. ആ കഷ്‌ടപ്പാട് അദ്ദേഹം ആസ്വദിച്ചിരുന്നു; സ്വര്‍ഗരാജ്യപ്രവേശനം നിസാരമല്ലെന്നുള്ള അവബോധം അദ്ദേഹത്തില്‍ രൂഢമൂലമായിരുന്നിരിക്കണം.
എല്ലാത്തിലും കൃത്യനിഷ്‌ഠ പാലിച്ചിരുന്നു സഹോരന്‍. കൂട്ടക്രമങ്ങള്‍ക്ക് അദ്ദേഹം ഏറ്റവും ആദ്യം എത്തിയിരുന്നു. എങ്ങനെ സമയം കൃത്യമായി പാലിച്ചിരുന്നു അദ്ദേഹം? ഒരു കൊന്തയില്‍നിന്ന് അടുത്ത കൊന്തയിലേക്കുള്ള ദൂരം അദ്ദേഹത്തിന് മനഃപാഠമായിരുന്നു! ഞാനതു വിശ്വസിക്കുന്നു. ഒരിക്കല്‍ ഞാനദ്ദേഹത്തോട് ഒരു പള്ളിയില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ദൂരം ചോദിച്ചു. അതിനുത്തരമായി അദ്ദേഹം പറഞ്ഞത്, `പള്ളിയില്‍നിന്ന് ഒരു കൊന്ത ദൂരം.'' പെട്ടെന്നദ്ദേഹം നിറുത്തിയിട്ടു പറഞ്ഞു, ``ഇരുപത്തിയഞ്ചു മിനിറ്റു നടക്കണം.'' ഇഗ്നേഷ്യസ് ബ്രദറിന്റെ കിലോമീറ്ററുകളും മണിക്കൂറുകളും മിനിറ്റുകളുമെല്ലാം കൊന്തയോടും പ്രാര്‍ത്ഥനയോടും ബന്ധപ്പെട്ടതായിരുന്നു. ഒരു കൊന്തദൂരവും ഒരു കൊന്ത സമയവുമൊക്കെ ഒരു യഥാര്‍ത്ഥ സന്യാസിയുടെ ജീവിതത്തിന്റെ, ചിന്തയുടെ പ്രതിഫലനമാണ്.
എല്ലാം വൃത്തിയായി ചെയ്‌തിരുന്നു ഇഗ്നേഷ്യസ് സഹോദരന്‍. കണ്ണുകള്‍ മങ്ങിയിട്ടും വിറ കൂടിയിട്ടും മുഖത്തിന്റെ ചുളിവുകള്‍ എണ്ണിയാലൊടുങ്ങാത്തതായിരുന്നിട്ടും എന്നും അദ്ദേഹം വൃത്തിയായി ഷേവു ചെയ്‌തിരുന്നു, മുറിവൊന്നുമില്ലാതെ! ആരെയും മുറിവേല്‌പിക്കാത്ത അദ്ദേഹം തനിക്കും മുറിവു നല്‍കിയില്ല.വൃത്തിയായി സന്യാസം നടത്തിയ ആ ള്‍ വൃത്തിയായി ജീവിച്ചു... ആര്‍ക്കും ഉപദ്രവമാകാതെ.
ആഭിജാത്യവും കുലീനവുമായിരുന്നു അദ്ദേഹത്തിന്റെ വാര്‍ധക്യകാലജീവിതം. ആരെയും കുറ്റപ്പെടുത്താതെ, പറ്റുന്നിടത്തോളം സഹായിച്ച്, സന്തോഷമായി കിട്ടിയതിനെയെല്ലാം സ്വീകരിച്ച വാര്‍ധക്യം! ആ മരണം, കൂടെയുള്ളവര്‍ക്ക് വേദനാജനകമായിരുന്നു... നഷ്‌ടബോധത്തെ ഉണര്‍ത്തുന്നതായിരുന്നു... കെടാവിളക്കിന്റെയും പള്ളിയുടെയും കാവലാള്‍ മറഞ്ഞുപോയി... ഒരു വലിയ മനുഷ്യന്‍ നമുക്കിടയില്‍ വസിച്ചിരുന്നു... ആത്മാര്‍ത്ഥത നിറഞ്ഞ ഒരു സന്യാസി നമുക്കിടയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നന്മയുടെ തരംഗങ്ങള്‍ നശിക്കില്ല; നമുക്കു ചുറ്റുമുണ്ട്. ഒരു പ്രാര്‍ത്ഥനയോടെ നമുക്ക് ഇഗ്നേഷ്യസ് സഹോദരന് നമ്മുടെ നന്ദി അറിയിക്കാം: ``ദേവാലയത്തില്‍ സഞ്ചരിച്ച നിന്റെ പാദങ്ങള്‍ക്ക് പ്രകാശത്തിന്റെ സ്ഥലത്ത് സഞ്ചരിക്കാന്‍ ഇടയാകട്ടെ.''







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.