പെട്ടെന്ന് വൈദ്യുതി നിലച്ചു. സാധാരണ ഇങ്ങനെ സംഭവിച്ചാല്‍ വൈദ്യുതി വരുന്നതുവരെ കുറെനേരം കാത്തിരിക്കുകയാണ് പതിവ്. കൂടുതല്‍ സമയം എടുത്തെങ്കില്‍ മാത്രമേ ജനറേറ്റര്‍ ഓണ്‍ ചെയ്യൂ. ആ രീതിയാണ് ഇവിടെയും അവലംബിച്ചത്. എന്നാല്‍ എന്റെ പ്രാര്‍ത്ഥന പര്‍വ്വതങ്ങളും കടന്ന് ദൈവസന്നിധിയിലെത്തിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉടന്‍ മുന്നോട്ട് നീങ്ങിയിരുന്നില്ലെങ്കില്‍.....
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിപ്പെടുത്തുന്ന ഒരനുഭവം. എം.എല്‍.എ ആയിരിക്കെ ഞാന്‍ അംഗമായ നിയമസഭാ പെറ്റീഷന്‍സ് കമ്മറ്റി ഒരു അഖിലേന്ത്യാ പഠന പര്യടനത്തിന് പോയിരുന്നു. രണ്ടുവര്‍ഷം കൂടുമ്പോള്‍ എല്ലാ നിയമസഭാ കമ്മിറ്റികളും ഇങ്ങനെ പോകുന്നത് പതിവാണ്. വി. സുരേന്ദ്രന്‍പിള്ള ചെയര്‍മാനായ ഞങ്ങളുടെ സമിതിയുടെ പര്യടനത്തില്‍ കാശ്‌മീ രും ഉള്‍പ്പെട്ടിരുന്നു.
കാശ്‌മീര്‍ സന്ദര്‍ശിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന കാര്യമാണ് 6500 അടി ഉയരത്തിലുള്ള ഗുല്‍മാര്‍ഗിലെ റോപ്പ് വേ. പര്‍വതാരോഹകരല്ലാത്ത സാധാരണക്കാര്‍ക്ക് എത്തിപ്പെടാവുന്ന ഏറ്റ വും വലിയ ഉയരം.
അതുകൊണ്ടുതന്നെ മഞ്ഞുവീണു കിടക്കുന്ന ഈ ഭൂപ്രദേശം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. രണ്ടു ദിവസമാണ് ഞങ്ങള്‍ കാശ്‌മീരില്‍ ഉണ്ടായിരുന്നത്. നിയമസഭാ സ്‌പീക്കറുമായുള്ള കൂടിക്കാഴ്‌ചയും അവിടെത്തെ നിയമസഭാ കമ്മിറ്റിയുമായുള്ള സംയുക്തയോഗവും ക്രമീകരിച്ചിരുന്നു. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ കാശ്‌മീരിലെ ഉദ്യാനങ്ങള്‍ കാണാനും തടാകങ്ങളില്‍ ബോട്ട് യാത്ര നടത്താനുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
റോപ്പ് വേയില്‍ കയറാന്‍ ഞങ്ങള്‍ ഗുല്‍മാര്‍ഗില്‍ എത്തി. ഭാര്യ ലൈലി യും മക്കളായ വരുണ്‍, ഇരട്ടകളായ മന്നാ, അപ്പു എന്നിവരും എന്നോടൊപ്പം ഉണ്ട്. മറ്റ് എം.എല്‍.എ മാരോടൊപ്പം അവരുടെ കുടുംബാംഗങ്ങളുമുണ്ട്. കുട്ടികളുടെ `ത്രില്‍' ഒന്നു പറയാതെ വയ്യ. യഥാര്‍ത്ഥത്തില്‍ അതാ ണ് ആ പേടിപ്പെടുത്തുന്ന ഓര്‍മയുടെ അനുഭവത്തിലേക്ക് എത്തിച്ചതും.
2004 മെയ് മാസത്തില്‍ നിയമസഭാ കമ്മിറ്റിയോടൊപ്പം കാശ്‌മീരില്‍ എത്തിയപ്പോള്‍ എന്റെ മൂത്തമകന്‍ വരുണ്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. അന്നും റോപ്പ് വേ സഞ്ചാരം ക്രമീകരിച്ചിരുന്നുവെങ്കിലും ഞാന്‍ മകനെ സമാധാനിപ്പിച്ച് അതില്‍ കയറാതെ, മറ്റ് സംഘാംഗങ്ങള്‍ പോയിവരുന്നതുവരെ അവിടെ കാത്തുനില്‍ക്കുകയായിരുന്നു. കടുത്ത തണുപ്പും മഞ്ഞുവീഴ്‌ചയുമാണ് എനിക്ക് തടസമായത്.
എന്നാല്‍ ഇത്തവണ സംഘാംഗങ്ങളായ കുട്ടികളെ ആവേശത്തിമിര്‍പ്പില്‍ വേണ്ടെന്ന് ചിന്തിക്കുവാന്‍പോലും കഴിഞ്ഞില്ല. എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷം ഉണ്ടാവാമെന്നതിനാല്‍ ഞങ്ങള്‍ക്ക് പോലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
അതില്‍ തലപ്പാവ് ധരിച്ച സിക്കുകാരനായ സോനു എന്ന ഒരു പോലിസുകാരനും ഉണ്ടായിരുന്നു. തുടക്കത്തില്‍ത്തന്നെ പരിചയപ്പെട്ട സോനു എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. റോപ്പ് വേയിലും സോനു സഹയാത്രികനായി. യാത്രയിലെ പ്രതിസന്ധിഘട്ടത്തില്‍ പ്രതീക്ഷയുടെ നാളമായി നിന്ന സോനുവിനെ മറക്കാന്‍ കഴിയില്ല.
റോപ്പ് വേ സഞ്ചാരം രണ്ട് ഘട്ടങ്ങളായിട്ടാണ്. താഴത്തെ സ്റ്റേഷനില്‍ നിന്നു കയറിയാല്‍ 3000 അടി ഉയരത്തില്‍ എത്തി അവിടെ ഇറങ്ങും. അതിന് 300 രൂപയാണ് ടിക്കറ്റ്. ആ സ്റ്റേഷനില്‍ നിന്നും അടുത്ത റോപ്പ് വേയില്‍ കയറിയാണ് 6400 അടി മുകളിലത്തെ സ്റ്റേഷനില്‍ എത്തുക. അതിന് 450 രൂപ. മഞ്ഞുകാലത്ത് ഇത് യഥാക്രമം അഞ്ഞൂറും ആയിരവും വരെ ആകും. അവിടെനിന്ന് കുറച്ച് നടന്നുകയറിയാണ് മഞ്ഞു പുതച്ചു കിടക്കുന്ന ഏറ്റവും മുകള്‍പ്പരപ്പില്‍ എത്തുക. തൊട്ടപ്പുറം പാക്കിസ്ഥാന്‍. ഇവിടെനിന്നാല്‍ അതിര്‍ത്തി കാണാം. പട്ടാളക്കാരുടെ ടെന്റുകളും.
യാത്ര തുടങ്ങുന്ന താഴത്തെ സ്റ്റേഷനില്‍തന്നെ മുകളിലേക്ക് പോകുംതോറും ഓക്‌സിജന്‍ കുറവുണ്ടാകുമെന്ന മുന്നറിയിപ്പ് കാണാം. കെട്ടിയുയര്‍ത്തിയിരിക്കുന്ന വലിയ ടവറുകളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികളില്‍ (വൈദ്യുതി ലൈന്‍പോലെ) തൂക്കിയിട്ടിരിക്കുന്ന ട്രാംകാറിലാണ് ഞമ്മള്‍ കയറിയിരിക്കുന്നത്. രണ്ടുവശത്തായി നാലുപേര്‍ക്ക് ഇരിക്കാം. നിശ്ചിത അകലത്തില്‍ ഇത് കമ്പിയില്‍ തൂങ്ങിക്കിടക്കും. ഗൊണ്ടോള എന്ന കമ്പനിയാണ് ഇത് ചെയ്‌തിരിക്കുന്നത്.
നാലുപേര്‍ വീതം ഞങ്ങളുടെ സംഘാംഗങ്ങള്‍ ഓരോന്നിലായി പ്രവേശിച്ച് യാത്ര തുടങ്ങി. ഞങ്ങളുടെ പേടകത്തില്‍ ഒരാള്‍ സോനുവാണ്. മുകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ കാട് ഇടതൂര്‍ന്ന് നില്‍ക്കുന്നത് കാണാം. താഴേക്ക് നോക്കിയാല്‍ ആരും ഭയപ്പെടും. നോക്കെത്താത്ത ദൂരം! അത്യഗാധഗര്‍ത്തം!
ഞങ്ങള്‍ താഴെനിന്ന് ആദ്യസ്റ്റേഷനിലെത്തി. 3000 അടി മുന്നില്‍ ചെന്നവര്‍ അവിടെ നിന്നുള്ള കാഴ്‌ചകള്‍ കാണുകയാണ്. നിയമപരമായ മുന്നറിയിപ്പ് ബോര്‍ഡ് അവിടെ കുറച്ചുകൂടി വലിപ്പത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ അവിടെ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ല. ഞങ്ങളില്‍ കുറച്ചുപേര്‍ അവിടെ യാത്ര അവസാനിപ്പിച്ചു. കുറച്ചുപേര്‍ മുകളിലേക്കുള്ള അടുത്ത യാത്രയ്‌ക്കുള്ള തയാറെടുപ്പിലാണ്. കുട്ടികളൊക്കെ പോകണമെന്ന വാശിയില്‍.
എന്റെ മകള്‍ മന്നയ്‌ക്ക് ചെറിയ പനിയും കഫവും ഒക്കെ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ വിലക്കിനോക്കി. എന്നാല്‍ മറ്റുള്ളവര്‍ പോകുമ്പോള്‍ അവള്‍ പോകാതിരിക്കുമോ? ഭവിഷ്യത്ത് ആലോചിക്കാനുള്ള വിവേകം
ആ എട്ട് വയസുകാരിയുടെ നിര്‍ബന്ധത്തിനു മുന്നില്‍ അലിഞ്ഞു.
ഞങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് യാത്രയായി, ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്ര. ഈ ജീവിതത്തില്‍ നേടാവുന്ന ഒരു അസുലഭ അവസരം. വിസ്‌മയിപ്പിക്കുന്ന ചിന്തകള്‍ മനസിലൂടെ കടന്നുപോകുന്നതിനിടയില്‍ ഞങ്ങള്‍ മുകളിലത്തെ സ്റ്റേഷനിലെത്തി. ഉയരം 6400 അടി. അവിടെയിറങ്ങി ചുറ്റും വീക്ഷിക്കുകയാണ് ഞങ്ങള്‍. ആണ്‍കുട്ടികളും ബാബു എം. പാലിശേരി എം.എല്‍.എ.യും ചില ഉദ്യോഗസ്ഥരും മുകളിലേക്ക് കയറിത്തുടങ്ങി. പാറക്കെട്ടുകളില്‍ ചവുട്ടി മുകളിലേക്ക് കയറണം. ശ്രമകരമായ യാത്ര. സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന മലഞ്ചെരുവ് പിന്നിട്ടാല്‍ പിന്നെ മുമ്പേ പോയവരെ ഇവിടെനിന്ന് കാണാനാവില്ല.
എന്റെ ആണ്‍മക്കള്‍ മുന്നിലുള്ളവരോടൊപ്പം പോയിക്കഴിഞ്ഞു. ഞാനും ഭാര്യയും അവിടെ ഇരിക്കുകയാണ്. അല്‍പം ക്ഷീണിതയായതുകൊണ്ടാവാം മകള്‍ മന്നയും അവിടെയിരുന്നു. ഞാന്‍ അവളെ എടുത്തുകൊണ്ട് ചില ചുവടുകള്‍ നടന്നു. പെട്ടെന്ന് മകള്‍ കൂടുതല്‍ ക്ഷീണിതയായിത്തുടങ്ങി. ശ്വാസം കിട്ടാത്ത അവസ്ഥ. ഞാന്‍ തിരിഞ്ഞുനടന്ന് ഭാര്യ ഇരിക്കുന്ന സ്ഥലത്തുവന്നു. അപ്പോഴേക്കും അവള്‍ കൂടുതല്‍ അവശയായിത്തുടങ്ങിയിരുന്നു. വിളിച്ചിട്ട് വിളി കേള്‍ക്കാതെ തളര്‍ന്നു കിടക്കുകയാണ് മോള്‍. തീര്‍ത്തും നിസഹായാവസ്ഥ. ഞാന്‍ ദൈവത്തെ ഉറക്കെ വിളിച്ചു. താഴെ എത്തിയെങ്കിലേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ.
സോനുവിനോട് തിരികെ പോകാന്‍ റോപ്പ് വേ ക്രമീകരിക്കാന്‍ പറഞ്ഞു. പോയ കുട്ടികള്‍ വന്നിട്ടില്ല. അവര്‍ വരട്ടെയെന്നു തീരുമാനിച്ച് ഞങ്ങള്‍ റോപ്പ് വേയുടെ അടുത്തേക്ക് എത്തി. കരഞ്ഞുകൊണ്ടാണ് ഭാര്യ മോളെയുംകൊണ്ട് കൊണ്ട് നടന്നത്.
മുന്നില്‍ വന്നവര്‍ താഴേക്ക് പോകുവാനുള്ള ക്യൂവിലാണ്. വിവിധ ഭാഷക്കാര്‍; വിവിധ സംസ്ഥാനക്കാര്‍. അവരുണ്ടോ ഞങ്ങളുടെ വ്യഥ അറിയുന്നു. ആരും മാറിത്തരുന്നില്ല. സോനു കയര്‍ത്തുകൊണ്ട് ഹിന്ദിയില്‍ എന്തോ പറഞ്ഞു. ഉടന്‍ അവര്‍ ഞങ്ങളെ കയറ്റാന്‍ അനുവദിച്ചു. പേടകം താഴേക്ക് പോരുകയാണ്. `മോളേ... മോളേ...' എന്നു വിളിച്ചിട്ടും അവള്‍ക്കൊരനക്കവുമില്ല. എല്ലാം നഷ്‌ടപ്പെട്ട അവസ്ഥ. ഞങ്ങള്‍ യാത്ര മതിയാക്കി ആദ്യ സ്റ്റേഷനിലെത്തി. അവിടെ നിന്നവര്‍ ഞങ്ങളെ കണ്ടമാത്രയില്‍ അമ്പരന്നു. എന്താണ് സംഭവിച്ചത്? വിവരം കേ ട്ടപാടെ എം.എല്‍.എ.മാരായ സുരേന്ദന്‍പിള്ളയും വി. കെ. ഇബ്രാഹിംകുഞ്ഞും അഡ്വ. കെ. രാജുവുമെല്ലാം ചേര്‍ന്ന് അവിടെ കയറാന്‍ നിന്നവരെ വകഞ്ഞുമാറ്റി ഞങ്ങളെ കയറ്റിയയച്ചു.
ഓരോ നിമിഷം കഴിയുന്തോറും ഞങ്ങളുടെ വേവലാതി കൂടിക്കൊണ്ടിരുന്നു. അല്‍പം മുന്നോട്ട് നീങ്ങിയപ്പോള്‍ അതാ പെട്ടെന്ന് പേടകം നില്‍ക്കുന്നു. മുന്നോട്ട് നീങ്ങുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ ത്രിശങ്കുസ്വര്‍ഗത്തില്‍. ഞങ്ങളുടെയെല്ലാം ജീവന്‍പോയ സന്ദര്‍ഭമായിരുന്നു അത്. മോള്‍ അനക്കമില്ലാത്ത അവസ്ഥയിലും. ഒരു നിമിഷമെങ്കിലും നേരത്തെ താഴെ എത്താന്‍ ആഗ്രഹിച്ചപ്പോള്‍ ഒരടി മുന്നോട്ടുപോകാന്‍ കഴിയാതെ യാത്ര നിലയ്‌ക്കുന്നു. മുന്നോ ട്ടും പിറകോട്ടും റോപ്പ് വേയുടെ കമ്പികളല്ലാതെ ഒന്നും കാണാനില്ല. താഴെ മരങ്ങളുടെ മുകളിലത്തെ പച്ചപ്പും. ദൈവമേ... എന്ന് ഉറക്കെ നിലവിളിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പത്തുപതിനഞ്ചു മിനിറ്റോളമായിക്കാണും. പേടകത്തിന് പതുക്കെ ചലനശക്തി കിട്ടി.
വൈദ്യുതി നിലച്ചതായിരുന്നു സംഭവം. സാധാരണ ഇങ്ങനെ സംഭവിച്ചാല്‍ വൈദ്യുതി വരുന്നതുവരെ കുറെനേരം കാത്തിരിക്കും. കൂടുതല്‍ സമയം എടുത്തെങ്കില്‍ മാത്രമേ ജനറേറ്റര്‍ ഓണ്‍ ചെയ്യൂ. ആ രീതിയാണ് ഇവിടെയും അവലംബിച്ചത്. എന്നാല്‍ എന്റെ പ്രാര്‍ത്ഥന പര്‍വ്വതങ്ങളും കടന്ന് ദൈവസന്നിധിയിലെത്തിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുകളിലത്തെ സ്റ്റേഷനിലുണ്ടായിരുന്ന എം.എല്‍.എ മാര്‍ വിവരം പറഞ്ഞ് ബഹളം കൂട്ടി. ചുമതലക്കാര്‍ ഉടന്‍ ജനറേറ്റര്‍ ഇട്ടു. അപ്പോഴെങ്കിലും മുന്നോട്ട് നീങ്ങിയിരുന്നില്ലെങ്കില്‍ ഞങ്ങളുടെ കുടുംബകഥ മാറുമായിരുന്നു.
താഴേക്ക് എത്തേണ്ട താമസം അവിടെ അടുത്തുകിടന്ന പോലിസ് വാഹനത്തിലേക്ക് സോനു ഞങ്ങളെ വലിച്ചുകയറ്റി. പിന്നെ വണ്ടി ലൈറ്റിട്ട് പറക്കുകയായിരുന്നു. തൊട്ടടുത്ത സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക്. ഞങ്ങള്‍ പടികയറി എത്തിയപ്പോഴേക്ക്, മുന്നില്‍ ഓടിയ സോനു ഡോക്‌ടറെ സര്‍വസജ്ജനാക്കി നിര്‍ത്തിയിരുന്നു. കട്ടിലില്‍ കിടത്തിയതും ഓക്‌സിജന്‍ സിലണ്ടറില്‍ നിന്ന് ട്യൂബ് എടുത്ത് മൂക്കിലേക്ക് വച്ച് ശ്വാസം നല്‍കിയതും ഒരുമിച്ചായിരുന്നു. കുറെനേരം അങ്ങനെ കിടന്നു. നാഡിമിടുപ്പുകള്‍ പരിശോധിച്ചു ഡോക്‌ടര്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരുന്നു. പള്‍സ് നോക്കിക്കൊണ്ടിരുന്ന ഡോക്‌ടറുടെ കൈ മോളുടെ കൈത്തണ്ടയില്‍നിന്ന് പിടിവിട്ടപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്.
ഡോക്‌ടര്‍ ഹിന്ദിയില്‍ പറഞ്ഞു: ``ഭാഗ്യംകൊണ്ട് കഷ്‌ടിച്ച് രക്ഷപ്പെട്ടു. അല്‍പംകൂടി താമസിച്ചിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു.'' ദൈവത്തിന്റെ അത്ഭുതകരങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ സമയമായിരുന്നു ഞങ്ങള്‍ക്കത്.
മുകളില്‍ പോയവര്‍ തിരിച്ചുവന്നയുടന്‍ ഞങ്ങളുടെ സംഘത്തിലെ മറ്റുള്ളവരും താഴേക്ക് വന്നു.എല്ലാവരും സംഭ്രമത്തോടെ ആശുപത്രിയിലേക്ക് ഓടിക്കയറി. കട്ടിലില്‍ ഓക്‌സിജന്‍ മാസ്‌ക് വച്ചു കിടക്കുന്ന മോള്‍. കുഴപ്പമില്ല; അപകടഘട്ടം കഴിഞ്ഞെന്ന് ഡോക്‌ടര്‍ പറഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും സമാധാനമായത്. അപ്പോഴാണ് ഒരു വിവരംകൂടി വെളിപ്പെട്ടത്. തലേന്ന് മധ്യവയസ്‌കനായ ഒരാള്‍ക്ക് ഇതുപോലെ മുകളില്‍ എത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടു. പെട്ടെന്ന് താഴേക്ക് കൊണ്ടുവന്നെങ്കിലും ഇവിടെ എത്തുംമുമ്പേ ജീവിതത്തിന്റെ റോപ്പ് വേ നിലച്ച് പോയിരുന്നുവത്രേ. പലപ്പോഴായി പല മരണങ്ങളും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അപ്പോഴാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ ഞങ്ങള്‍ക്ക് ബോധ്യപ്പെടുന്നത്. ദൈവകരുതല്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ജീവിതത്തിലെ ഏതു വൈതരണിയിലും ദൈവം നമ്മെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല എന്ന് ഉറക്കെ പറയേണ്ട അനുഭവമായി അത് മാറി.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.