ദൈവവിശ്വാസികളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രാര്‍ത്ഥിക്കുന്നവരാണ്. പ്രാര്‍ത്ഥന ആഴമായ വിശ്വാസത്തിലേക്കും അനുഭവത്തിലേക്കും നയിക്കുന്നുണ്ടോ എന്നതാണ് അറിയേണ്ടത്. ഒരു ക്രിയ എന്നതിനപ്പുറത്തേക്ക് പ്രാര്‍ത്ഥന കടന്നുചെന്നാലേ അതിനെ പ്രാര്‍ത്ഥനയെന്നു പറയാനാകൂ.
വ്രതജീവിതം, വിശേഷിച്ച് ബ്രഹ്മചര്യം നന്നായി ജീവിക്കാന്‍ ആഴമായ പ്രാര്‍ത്ഥന വേണമെന്ന് സന്യാസപൗരോഹിത്യ പരിശീലനകാലത്ത് ഗുരുക്കന്മാര്‍ പറഞ്ഞുതന്നിരുന്നു. ഒരാള്‍ ലൈംഗികാസക്തിയോടെ ഒരു സ്‌ത്രീയെ ആക്രമിക്കാന്‍ വന്നാല്‍ പ്രാര്‍ത്ഥനകൊണ്ടെങ്ങനെ രക്ഷപെടുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിനൊരുത്തരം കിട്ടിയത് 2009 ഡിസംബര്‍ 28 നായിരുന്നു!
ഒരു സര്‍ക്കാര്‍ ബസില്‍ ഞാന്‍ ഇടുക്കിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇരിക്കാന്‍ ഇടമില്ലായിരുന്നെങ്കിലും നില്‍ക്കുന്നവര്‍ കുറവായിരുന്നു. എവിടെയോനിന്ന് ഒരു സ്‌ത്രീ വണ്ടിയില്‍ കയറി. അതിസുന്ദരിയായ അവര്‍ക്ക് മുപ്പത്തിരണ്ടു വയസില്‍ കൂടുതലില്ല. എല്ലാവരും ആ സ്‌ത്രീയെ ശ്രദ്ധിച്ചു, സ്‌ത്രീകള്‍പോലും. പുരുഷന്മാര്‍ മിക്കവരും അവരെത്തന്നെ നോക്കുന്നുണ്ടായിരുന്നു... എന്നിട്ടും അതൊന്നും അറിയാതെ അല്ലെങ്കില്‍ അറിഞ്ഞതു നടിക്കാതെ ഒരു ഭാഗത്ത് അവര്‍ ഒതുങ്ങി നിന്നു. മാന്യമല്ലാത്ത ഒരു നോട്ടംപോലും ആ ഭാഗത്തുനിന്നുണ്ടായില്ല. ടിക്കറ്റെടുത്തു കഴിഞ്ഞ് കൊന്തയെടുത്ത് അവര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. വഴിയോരക്കാഴ്‌ചകള്‍പോലും അവര്‍ കണ്ടില്ല. കണ്ണുകള്‍ പകുതിയടച്ച് നിന്നു പ്രാര്‍ത്ഥിക്കുന്നു!
ഒരു പ്രാവശ്യം ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ബസ് മറ്റൊരു ബസുമായി കൂട്ടിയിടിയുടെ വക്കിലെത്തിയതാണ്. ഒരിഞ്ച് അകലത്തില്‍ ബസുകള്‍ നിന്നു. അപ്പോഴും ആ സ്‌ത്രീ ശാന്തയായി നിന്നു പ്രാര്‍ത്ഥിക്കുകയായിരുന്നു. ആ സഹോദരി ബസില്‍ കയറിവന്നപ്പോള്‍, ബസിലുണ്ടായിരുന്നരുടെ മുഖഭാവങ്ങളും തൊണ്ടയനക്കങ്ങളും നോട്ടവും ക്രമേണ ഇല്ലാതായി. അവരെ ആകാംക്ഷയോടെ നോക്കിയ രണ്ടു ചെറുപ്പക്കാര്‍ ആ സഹോദരിക്ക് അവരുടെ സീറ്റുകള്‍ കൊടുത്തു! ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ സ്‌ത്രീ എവിടെയോ ഇറങ്ങി. വിശുദ്ധമായൊരു പുഞ്ചിരിയോടെയായിരുന്നു അവര്‍ ഇറങ്ങിപ്പോയത്. ബസിലുണ്ടായിരുന്ന ആര്‍ക്കും സ്‌ത്രീയുടെ നേര്‍ക്ക് ചീത്തയായ നോട്ടം തൊടുത്തുവിടാന്‍ കഴിഞ്ഞില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം, അവര്‍ ഇറങ്ങിപ്പോയപ്പോള്‍ ആ ബസിലുണ്ടായിരുന്ന ദൈവികചൈതന്യം എവിടെയോ പോയതുപോലെ എനിക്കു തോന്നി. ആ ബസിനെ അപകടത്തില്‍നിന്നു രക്ഷിച്ചത് അവരായിരിക്കില്ലേ? അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായിരിക്കില്ലേ? അതെയെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാത്തിലുമുപരി, എല്ലാവര്‍ക്കും ആ സ്‌ത്രീ ഒരക്ഷരംപോലും പറയാതെ ആധ്യാത്മിക ഉണര്‍വു കൊടുത്തു..!
നല്ല വസ്‌ത്രധാരണവും പെരുമാറ്റവും ലൈംഗിക അപകടങ്ങളില്‍നിന്നു നമ്മെ രക്ഷിക്കും; പ്രത്യേകിച്ച് സ്‌ത്രീകളെ. പ്രകോപനകരമായ രീതിയില്‍ വസ്‌ത്രധാരണം നടത്തി കുട്ടികളെ പള്ളിയിലും കല്യാണാഘോഷങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കുന്ന മാതാപിതാക്കള്‍ വിശുദ്ധയായ ഈ സ്‌ത്രീയുടെ മാതൃക കണ്ടുപഠിക്കണം. അറപ്പുളവാക്കുന്ന രീതിയില്‍ മക്കളെ പ്രദര്‍ശിപ്പിക്കുന്നവര്‍ ദുഃഖിക്കേണ്ടിവരും. മക്കളെ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്, മാതാപിതാക്കളുടെ ഉള്ളിലെ പ്രദര്‍ശനത്വരയുടെയും ജഡികമായ ചിന്തയുടെയും ആവിഷ്‌ക്കാരവുമാണ്. മക്കളെ പ്രദര്‍ശിപ്പിച്ച് സ്വയം സംതൃപ്‌തരാകുകയാണ് അവര്‍. ചുരുക്കിപ്പറഞ്ഞാല്‍, കുഞ്ഞുങ്ങളുടെ വസ്‌ത്രധാരണത്തിലൂടെ മാതാപിതാക്കളുടെ നന്മയും തിന്മയും പക്വതയും അപക്വതയും വൈകൃതങ്ങളും മാന്യതയും ജനങ്ങളെ വിളിച്ചറിയിക്കുന്നു.
ആ യാത്രയില്‍ അനേകരെ ആധ്യാത്മികതലത്തിലേക്കുയര്‍ത്തിയ, ബസിനെ അപകടം കൂടാതെ രക്ഷിച്ച, മാന്യതയുടെ മുഖമായ ആ സഹോദരിയെ ഒരു മാലാഖയായി ഞാന്‍ കാണുന്നു. അറിയപ്പെടാത്ത ആ സഹോദരിയോട്, ഞാനന്വേഷിച്ചുകൊണ്ടിരുന്ന ഉത്തരം നല്‍കിയതിനു നന്ദി പറയുന്നു... നന്മ വിജയിക്കും... വിജയിച്ചേ തീരൂ... നന്മ വിതയ്‌ക്കാന്‍ അനേകായിരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്... അജ്ഞാതയായ ആ സഹോദരിയെപ്പോലെ.
Saturday, 05 November 2011 11:14
അജ്ഞാതയായ ആ സ്‌ത്രീക്ക് Featured
Written by പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ
Read 251 times
Published in
നമുക്കിടയില്‍ ഒരാള്‍
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.