നമ്മുടെയെല്ലാം പ്രതീകമാണ് യാക്കോബ്. പച്ചമനുഷ്യന്റെ സകല ബലഹീനതകളും ഉടല്‍പൂണ്ട മൂര്‍ത്തരൂപമായി യാക്കോബ് നിറഞ്ഞുനില്‍ക്കുന്നു. മറ്റുള്ളവരെ പിടിച്ചുതാഴ്‌ത്തി സ്വന്തം താത്‌പര്യം സംരക്ഷിക്കാനുള്ള മനുഷ്യസ്വഭാവം ഏശാവിന്റെ കുതികാലില്‍ പിടിക്കുന്ന യാക്കോ ബില്‍ കാണാം. മറ്റുള്ളവരുടെ ബലഹീനതയെ ചൂഷണം ചെയ്‌ത് സ്വത്ത് സമ്പാദിക്കുന്നവരുണ്ട്. വിശപ്പുകൊണ്ട് ക്ഷീണിച്ചവശനായ ഏശാവിന്റെ കടിഞ്ഞൂലവകാശം ഒരുപാത്രം പായസം കൊടുത്ത് നേടിയെടുത്ത യാക്കോബ് ചൂഷകരുടെ പ്രതീകമാണ്. അത്യാവശ്യകാര്യങ്ങള്‍ നടത്താനായി കെട്ടുതാലി പോലും പണയം വയ്‌ക്കുവാനൊരുങ്ങുന്നവര്‍ക്ക് അന്യായപലിശയ്‌ക്ക് പണം കൊടുത്ത് ഉരുപ്പടി കൈക്കലാക്കുന്നവരുടെ പ്രാഗ്‌രൂപമായി യാക്കോബ് നിലകൊള്ളുന്നു. ചെറിയ ആഹ്ലാദങ്ങള്‍ക്കായി വലിയ മൂല്യങ്ങള്‍ വലിച്ചെറിയുന്നവരുടെ പ്രതീകമായി ഏശാവും നിറഞ്ഞുനില്‍ക്കുന്നു. സ്ഥാനമാനങ്ങള്‍ കൈക്കലാക്കാന്‍ ഏതു കോമാളിവേഷവും കെട്ടാന്‍ തയ്യാറാകുന്നവരുമുണ്ട്. ആട്ടിന്‍തോല്‍ പുതച്ച്, അന്ധനായ അപ്പന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന യാക്കോബ് ഇത്തരക്കാരുടെ പ്രതീകമാണ്.
ഇങ്ങനെയുള്ള തെറ്റുകളൊക്കെ സംഭവിച്ചാലും മനുഷ്യന് തിരുത്തുവാന്‍ കഴിയും. ദൈവത്തിന്റെ ക്ഷമയും സൗജന്യദാനമായ കൃപയും നമ്മളിലേക്ക് വര്‍ഷിക്കപ്പെടുന്നത് നമ്മുടെ യോഗ്യത നോക്കിയല്ല. ദൈവത്തിന്റെ കൃപാവരങ്ങള്‍ മനുഷ്യനിലേക്ക് ഒഴുകുന്നതിന്റെ മാനദണ്ഡം തമ്പുരാനുമാത്രമേ അറിയൂ. അതാണ് യാക്കോബില്‍ സംഭവിക്കുന്നത്. ഒരു രാത്രി മുഴുവന്‍ അജ്ഞാതനുമായി അവന്‍ മല്‍പ്പിടുത്തം നടത്തി. യാക്കോബിന്റെ ഇടുപ്പെല്ല് തെറ്റിയതായി തിരുവചനം വിവരിക്കുന്നു. എത്ര സമര്‍ത്ഥനായി ഓടിനടന്ന് മറ്റുള്ളവരെ പറ്റിച്ചാലും തമ്പുരാന്‍ പിടിക്കുന്ന ഒരു സമയമുണ്ടെന്ന് നാമെല്ലാവരും ഓര്‍ക്കണം. അവസാനം ആ അജ്ഞാതനായ ദൈവദൂതന്‍ യാക്കോബിനെ അനുഗ്രഹിച്ചു. നിശയുടെ നിശബ്ദയാമങ്ങളില്‍ ദൈവവുമായി പ്രാര്‍ത്ഥനയില്‍ ഒരു മല്‍പ്പിടുത്തം നാം ഓരോരുത്തരും നടത്തണം. അനുഗ്രഹിക്കുന്ന കര്‍ത്താവിന്റെ ആശീര്‍വാദം ലഭിക്കാതെ നാം പിന്മാറരുത്.
അന്ധനായ ഇസഹാക്കിന്റെ ആശിര്‍വാദം കബളിപ്പിച്ച് നേടിയെടുത്ത യാക്കോബിനെ ഇസഹാക്ക് തപ്പിനോക്കി പരിശോധിച്ചു. ദേഹപരിശോധനയ്‌ക്ക് ശേഷം ഇസഹാക്ക് പറയുന്ന കമന്റ് ഇപ്രകാരമാണ്. `സ്വരം യാക്കോബിന്റെയും തൊലി ഏശാവിന്റെയുമാണ്.' പ്രത്യക്ഷത്തിലൊരു സ്വഭാവവും ഉള്ളില്‍ മറ്റൊരു സ്വഭാവവും സൂക്ഷിക്കുന്നവര്‍ക്കുള്ള താക്കീതുകൂടിയാണിത്. അന്ധതയുടെ ഇരുളില്‍ ഇസഹാക്കിനെ കബളിപ്പിച്ച യാക്കോബിനെ അമ്മാവനായ ലാബാനും കബളിപ്പിക്കുന്നുണ്ട്. പകല്‍വെളിച്ചത്തില്‍ റാഹേലിനെ കാണിച്ചിട്ട് രാത്രിയിലെ മങ്ങിയ പ്രകാശത്തില്‍ വസ്‌ത്രാലങ്കാര വിഭൂഷിതയാക്കി ലിയായെ യാക്കോബിന് സമര്‍പ്പിക്കുന്നു. നാം എത്രമാത്രം പാപത്തില്‍ ആഴ്‌ന്നവരാണെങ്കിലും തിരിച്ചുവരാന്‍ ദൈവം അവസരം തരും. എത്രയകന്ന് ഉഴറി നടന്നാലും തിരഞ്ഞെടുത്തവരെ ദൈവം ആഗ്രഹിക്കുന്ന സ്ഥലത്തുതന്നെ എത്തിക്കും.
വളഞ്ഞ വഴികളിലൂടെ യാക്കോബ് സഞ്ചരിച്ചിട്ടും വിശുദ്ധരായ പൂര്‍വപിതാക്കന്മാരുടെ പട്ടികയില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചു. ദൈവത്തിന്റെ നിഗൂഢമായ വഴികളുടെ മുമ്പില്‍ നമ്രശിരസ്‌കരായി നില്‍ക്കാനേ നമുക്ക് കഴിയൂ.
Friday, 04 November 2011 14:14
നമ്മുടെ പ്രതീകമായ യാക്കോബ്
Written by ഫാ. ജോസഫ് പുത്തന്‍പുരയ്‌ക്കല്‍ OFM.Cap.
Read 288 times
Published in
വചന വഴികളിലൂടെ
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.