കാബൂള്‍
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യകാലം.
ഹുസൈന്‍ ആന്‍ഡറിയസ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബിസിനസുകാരനായ പിതാവിന്റെയും ഡോക്‌ടറായ മാതാവിന്റെയും പുത്രനായിരുന്ന പതിനഞ്ചുകാരന്‍ ഹുസൈന്‍ നടന്നുവരുമ്പോഴാണ് അപരിചിതനായ ഒരാള്‍ അവന് നേരെ അച്ചടിച്ച കുറെ പേജുകള്‍ നീട്ടുന്നത്. ആദ്യമാത്രയില്‍ ഹുസൈന്‍ സംശയിച്ചത് അയാള്‍ ഒരു റഷ്യന്‍ കമ്മ്യൂണിസ്റ്റാണെന്നും അയാള്‍ നീട്ടിയത് കമ്മ്യൂണിസ്റ്റ് ലഘുലേഖയാണെന്നുമായിരുന്നു. കാബൂളിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കാലമായിരുന്നുവത്. ഹുസൈന്റെ മാതാപിതാക്കളാകട്ടെ ആന്റി കമ്മ്യൂണിസ്റ്റുകാരും.
സംശയിച്ചു നിന്ന ഹുസൈനോട് അപരിചിതന്‍ പറഞ്ഞു. ``പേടിക്കണ്ട.. ഇത് ദൈവവചനമാണ്. അത് നിനക്ക് ഒരുപദ്രവവും ചെയ്യില്ല..'' ദൈവത്തിന്റെ വചനം. ഖുറാനപ്പുറം ഒരു മതഗ്രന്ഥവും അള്ളായ്‌ക്കപ്പുറം ഒരു ദൈവവുമില്ലെന്നും കരുതിയ ഹുസൈന് അത് പുതിയൊരു അറിവായിരുന്നു. തെരുവുകളിലും നഗരങ്ങളിലും നിന്ന് രഹസ്യമായി ബൈബിളും ക്രിസ്‌തീയ ലഘുലേഖകളും വിതരണം ചെ യ്യുന്ന ക്രിസ്‌ത്യാനിയായിരുന്നു അയാളെന്ന് പിന്നീടാണ് ഹു സൈന് മനസ്സിലായത്.
വിശുദ്ധ മത്തായിയുടെ സുവിശേഷവും ലൂക്കായുടെ സുവിശേഷത്തിന്റെ ഏതാനും ഭാഗങ്ങളുമായിരുന്നു ഹുസൈന് കിട്ടിയത്. എന്തുകൊണ്ടോ അത് നിരസിക്കാന്‍ അവന് തോന്നിയില്ല. തിടുക്കത്തില്‍ അത് വാങ്ങി ബാഗില്‍വച്ച് ഹുസൈന്‍ വീട്ടിലേക്ക് നടന്നു. ആ നടത്തം വീട്ടിലേക്കുള്ള നടത്തം മാത്രമായിരുന്നില്ല; ക്രിസ്‌തുവിലേക്കുള്ള യാത്രയുടെ തുടക്കം കൂടിയായിരുന്നു. എന്നിട്ടും മനനത്തിന്റെയും ധ്യാനത്തിന്റെയും പഠനത്തിന്റെയുമായ ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹുസൈന്‍ ക്രിസ്‌ത്യാനിയായത്. അതിനിടയില്‍ എത്രയെത്ര ദുരിതങ്ങള്‍.. ഒളിച്ചോട്ടങ്ങള്‍.. രക്തച്ചൊരിച്ചിലുകള്‍....!
തികഞ്ഞ മുസ്ലീം വിശ്വാസികളായ മാതാപിതാക്കള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നിശ്ചയമില്ലാതിരുന്നതിനാല്‍ രഹസ്യമായാണ് ഹുസൈന്‍ ആ ലഘുലേഖ വായിച്ചത്. വായിച്ചതിന് ശേഷമാകട്ടെ അത് കിടയ്‌ക്കക്കടിയില്‍ സൂക്ഷിക്കുകയും ചെയ്‌തു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ വംശാവലി വായിച്ചപ്പോള്‍ അതിലെ പലപേരുകളും തനിക്കേറെ പരിചിതമായി ഹുസൈന് തോന്നി. പക്ഷേ ഉള്ളടക്കം അവനില്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. ``സുവിശേഷം ദുഷിച്ചതാണെന്നും അത് പാ ശ്ചാത്യനാടുകളിലെ ജനങ്ങളെ അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ച് വിട്ടുകൊടുക്കുന്നതാണെന്നുമായിരുന്നു ഹുസൈനെ പഠിപ്പിച്ചിരുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ അഞ്ചാം അ ധ്യായം 42-ാം തിരുവചനം വരെ അവന് ഇഷ്‌ടപ്പെട്ടു. പക്ഷേ 43 -ാം തിരുവചനം ഹുസൈന് ദഹിക്കുന്നതായിരുന്നില്ല. ``...അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്ന് പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ശത്രുക്കളെ സ്‌നേഹിക്കുവിന്‍. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍...''
മറ്റൊന്നും ചിന്തിക്കാതെ ഹുസൈന്‍ അത് തള്ളിക്കളഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ ഹസാരസ് ഗ്രൂപ്പിലെ അംഗമായ ഹുസൈന് മറ്റൊരു ഗ്രൂപ്പും അതിലെ അംഗങ്ങളും ശത്രുക്കളായിരുന്നു. പരസ്‌പരം പോരടിക്കുന്ന ആ ഗ്രൂപ്പുകാര്‍ തമ്മില്‍ വെറുപ്പും വിദ്വേഷവും സാധാരണമായിരുന്നു. അതുകൊണ്ടുതന്നെ ശത്രുക്കളെ സ്‌നേഹിക്കുകയെന്ന ക്രിസ്‌തുപ്രബോധനം ഹുസൈന്‍ തള്ളിക്കളഞ്ഞു.
ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയായാലുടനെ ആര്‍മിയില്‍ ചേരുകയായിരുന്നു ഹുസൈന്റെ മുമ്പിലുള്ള ഭാവി. ആര്‍മിയില്‍ മകന് പ്രവേശനം കിട്ടാനായി പിതാവ് കൈക്കൂലി വരെ കൊടുത്തതായി താന്‍ സംശയിക്കുന്നുവെന്ന് ഹുസൈന്‍ പിന്നീട് പറയുകയുണ്ടായി. സ്വന്തം സഹോദരങ്ങള്‍ക്കെതിരെ പോരാടുക എന്ന പ്രതിസന്ധി ഒഴിവാക്കുന്നതിനായി ഹൈസ്‌കൂള്‍ കാലത്തിന് തൊട്ടുമുമ്പ് ഹുസൈന്‍ കാബൂളിന് വെളിയിലെ മലമ്പ്രദേശത്തെ ഒരു വില്ലേജിലേക്ക് യാത്രയായി. എന്നാല്‍ സ്ഥലത്തെ ചില തലമുതിര്‍ന്ന ആളുകള്‍ അവനിലെ ചില സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇറാനിലേക്ക് പോകണമെന്നും ഇസ്ലാം മതം പഠിക്കണമെന്നും ശഠിച്ചു. അവരുടെ പിന്തുണയോടെ ഹുസൈന്‍ ഇറാനിലെ ഏറ്റവും വലിയ ഷിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.
അവിടുത്തെ പഠനദിവസങ്ങളിലൊന്നില്‍ മാതാപിതാക്കളുടെ ഒരു കുറിപ്പ് അവന് ലഭിച്ചു. ടെഹറാനിലുളള ചില ബന്ധുക്കളെ സന്ദര്‍ശിക്കണമെന്നതായിരുന്നു അത്. ഒരുദിവസം ബന്ധുക്കളെ കണ്ടുപിടിക്കാനും ബന്ധം പുന:സ്ഥാപിക്കുവാനുമായി ഹുസൈന്‍ യാത്രതിരിച്ചു. പക്ഷേ ആ നീണ്ട അലച്ചിലില്‍ ലക്ഷ്യം സാധിക്കാന്‍ കഴിഞ്ഞില്ല. തളര്‍ന്ന് അവശനായി നഗരത്തിലെ പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍, തൊട്ടടുത്ത ബെഞ്ചിലിരുന്ന വൃദ്ധന്‍ വായിച്ചുകൊണ്ടിരുന്ന പത്രം മടക്കിവച്ചതിന് ശേഷം ഹുസൈനോട് ചോദിച്ചു: ``പ്രിയ അഫ്‌ഗാന്‍ സഹോദരാ, നിങ്ങള്‍ എപ്പോഴാണ് ഇവിടെയെത്തിയത്?'' അയാള്‍ ആരെന്നോ അയാളുടെ ലക്ഷ്യം എന്താണെ ന്നോ മനസിലാക്കാതിരുന്ന ഹുസൈന്‍ പ്രതികരിച്ചില്ല. അപ്പോള്‍ അയാള്‍ വീണ്ടും പറഞ്ഞു, ``എന്റെ രാജ്യത്തോ നിങ്ങളുടെ രാജ്യത്തോ യുദ്ധം എവിടെയാണെങ്കിലും അത് ദൈവത്തിന്റെ ഇഷ്‌ടമാണെന്ന് ഞാന്‍ കരുതുന്നില്ല. സാത്താനാണ് ഓരോ കാരണം കണ്ടെത്തി ഈ രക്തച്ചൊരിച്ചില്‍ നടത്തുന്നത്. ശത്രുവിനെപ്പോലും സ്‌നേഹിക്കണമെന്നാണ് ക്രിസ്‌തു പറയുന്നത്..''
അവസാനവാചകത്തില്‍ ഹുസൈന്‍ ഉണര്‍ന്നു. താന്‍ പണ്ട് വായിച്ച ബൈബിള്‍ വാക്യം അവന്റെ ഓര്‍മ്മയിലെത്തി. ``നിങ്ങളെന്താണ് പറഞ്ഞത്?'' ഹുസൈന്‍ ചോദിച്ചു, ``ശത്രുക്കളെ സ്‌നേഹിക്കണമെന്ന്..'' അയാള്‍ മറുപടി ആവര്‍ത്തിച്ചു.
``നിങ്ങള്‍ വിശുദ്ധ മത്തായിയുടെ ഗ്രന്ഥത്തിലെ വാക്കുകളാണോ പറയുന്നത്..''
``അതെ''
``എനിക്ക് ആ വാക്കുകളെക്കുറിച്ച് കൂടൂതല്‍ അറിയണമെന്നുണ്ട്...'' ആ അപരിചിതന്റെ വീട്ടില്‍ പതിവായി കണ്ടുമുട്ടാമെന്ന് തീരുമാനിച്ചതിന് ശേഷമാണ് അവര്‍ അന്ന് പിരിഞ്ഞത്. ഹുസൈന്റെ ജീവിതത്തിലെ ക്രിസ്‌തുസാന്നിധ്യത്തിലേക്കുള്ള യാത്രയുടെ രണ്ടാം ഘട്ടമായിരുന്നു അത്. പിന്നീടുള്ള പതിമൂന്ന് മാസം എല്ലാ വ്യാഴാഴ്‌ചകളിലും രാത്രികളില്‍ അവര്‍ കണ്ടുമുട്ടി. ബൈബിള്‍ അവരുടെ നടുവില്‍ ക്രിസ്‌തുസ്‌നേഹമായി പ്രകാശിച്ചു. എന്നിട്ടും ക്രിസ്‌തുമതം തെറ്റാണെന്ന് സ്ഥാപിക്കാനാണ് ഹുസൈന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
പക്ഷേ അപ്പോഴും ആ മനുഷ്യന്‍ കരുണയോടും സ്‌നേഹത്തോടുംകൂടി അവനെ തിരുത്തിക്കൊണ്ടിരുന്നു. ഇസ്ലാം മതവിശ്വാസത്തില്‍ ഉറച്ച നിലപാടായിരുന്നു അപ്പോഴും അവന്. താനൊരു ഇസ്ലാമിക വിദ്യാര്‍ത്ഥിയാണെന്ന് അവന്‍ അയാളോടു പറഞ്ഞിരുന്നില്ല. ബന്ധുക്കളെ കാണാന്‍ പോകുന്നു എന്ന നുണയാണ് ഹുസൈന്‍ സുഹൃത്തുക്കളോട് ഈ യാത്രയെക്കുറിച്ച് പറഞ്ഞിരുന്നത്. വ്യാഴാഴ്‌ച പോയി വെള്ളിയാഴ്‌ചകളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനേ ഹുസൈന്‍ എത്തിയിരുന്നുള്ളൂ.
പക്ഷേ ഹുസൈന്റെ യാത്രക്ക് പിന്നിലെ ഉദ്ദേശ്യം എങ്ങനെയോ മാതാപിതാക്കളറിഞ്ഞു. അതിന്റെ ഭവിഷ്യത്ത് വലുതായിരുന്നു. ആ വൃദ്ധനൊത്ത് ബൈബിള്‍ വായിച്ചുകൊണ്ടിരുന്ന ഒരു രാത്രിയില്‍ ഇറാനിലെ റിലിജിയസ് പോലീസ്- മത്വവ- അവരെ തേടിയെത്തി. ബൈബിളോടുകൂടി അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇരുവരും രണ്ട് സെല്ലുകളിലായി.
അടുത്ത മൂന്ന് രാത്രികള്‍ ഹുസൈന്റെ ജീവിതത്തിലെ പേടിസ്വപ്‌നമായി എക്കാലവും അവനെ വേട്ടയാടിക്കൊണ്ടിരുന്നു. ഇലക് ട്രിക് വയര്‍ വിരലുകളിലൂടെ ചുറ്റിവരിഞ്ഞ് കസേരയിലിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വെള്ളത്തിലൂടെ കറന്റ് കടത്തിവിട്ട് ഇടക്ക് ഷോക്കടിപ്പിക്കും. ശരീരം മുഴുവന്‍ കീറിമുറിക്കുകയും മുറിവുകളി ല്‍ ഉപ്പ് നിറയ്‌ക്കുകയും ചെയ്‌തു. പീഡനങ്ങള്‍ക്കിടയില്‍ പലപ്പോഴും ഹുസൈന് ബോധം നഷ്‌ടമായി.
``ഞാനൊരു ക്രിസ്‌ത്യാനിയല്ല..'' ഒടുവില്‍ ഹുസൈന് അങ്ങനെ പറയേണ്ടിവന്നു. ``ആ മനുഷ്യനെ ഒരു മുസ്ലീമാക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനാണ് ഞാനയാളെ കാണാന്‍ പോയിരുന്നത്...'' അപ്പോള്‍ ഒരാന്തരികശബ്‌ദം ഹുസൈനില്‍ നിന്ന് മുഴങ്ങി.
``ഇത് നുണയാണ്. ഇതല്ല എന്റെ വഴി.. ഞാനൊരിക്കലും കരുണയില്ലാത്തവനല്ല..''
നാലാം ദിവസം പോലീസ് ഹുസൈന മോചിപ്പിച്ചു, ഒരു നിബന്ധനയോടെ ``ഇത് ആദ്യ തവണയായതുകൊണ്ട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. ഇനി മേലില്‍ ക്രിസ്‌ത്യന്‍ പുസ്‌തകങ്ങള്‍ വായിക്കുകയോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്‌താല്‍ മരണമായിരി ക്കും ശിക്ഷ..'' ആ വൃദ്ധനെ അതിനുമുമ്പേ അവര്‍ കൊന്നിരുന്നു. മുറിവേറ്റ ശരീരവും അതിലേറെ നുറുങ്ങുന്ന ഹൃദയവുമായി ഹുസൈന്‍ ഇറങ്ങിനടന്നു.
ഈയൊരു സംഭവത്തോടെ ഇ സ്ലാം മതവിശ്വാസത്തെ കൂടുതല്‍ സംശയത്തോടെ ഹുസൈന്‍ വീക്ഷിക്കാന്‍ തുടങ്ങി. സുഹൃത്തുക്കള്‍ ഹുസൈനെ ഒറ്റപ്പെടുത്തി. അവരു ടെ സംശയത്തിന്റെ കണ്ണുകള്‍ അവ നെ വേട്ടയാടി. ജീവനെക്കുറിച്ചുള്ള ഭീതി അവന്റെ മനസ്സില്‍ നിറഞ്ഞു. കാര്യങ്ങള്‍ ദിശതെറ്റിയാണ് സഞ്ചരിക്കുന്നതെന്നും അതില്‍ നിന്ന് ത നിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും അവന് മനസ്സിലായി.
ഭാവിയെക്കുറിച്ചുള്ള സംശയങ്ങളും ഭീതികളും നിറഞ്ഞ ഒരു ദിനത്തിലാണ് അമ്മ തനിക്ക് സമ്മാനിച്ച ഒരു ഷര്‍ട്ടിനെക്കുറിച്ച് ഹുസൈന് ഓര്‍മ്മവന്നത്. അത് നല്‌കുമ്പോള്‍ അമ്മ ഒരു പ്രത്യേകനിര്‍ദ്ദേശം നല് കിയിരുന്നു. ``നീയൊരിക്കലും ഈ ഷര്‍ട്ട് ധരിക്കുകയോ കഴുകുകയോ ചെയ്യരുത്..'' എന്നാല്‍ നീയൊരു പ്രശ്‌നത്തില്‍ അകപ്പെടുകയാണെങ്കില്‍ ഈ ഷര്‍ട്ടിന്റെ കോളര്‍ ശ്രദ്ധയോടെ കീറുക..''
അമ്മയുടെ വാക്കനുസരിച്ച് ഹുസൈന്‍ സൂക്ഷ്‌മതയോടെ കോളര്‍ കീറി. അതിനുള്ളില്‍ 500 യുഎസ് ഡോളര്‍ ഉണ്ടായിരുന്നു!
തുര്‍ക്കി ബോര്‍ഡറിലേക്കാണ് ആ പണവുമായി ഹുസൈന്‍ പോയത്. ആ യാത്രയ്‌ക്കിടയില്‍ മനുഷ്യക്കടത്ത് കാരുടെ കയ്യില്‍പെട്ടു. ഒരു മോട്ടോര്‍ സൈക്കിളിലാണ് അവര്‍ അവനെ കടത്തിക്കൊണ്ടുപോത്. അതൊരു മരണയാത്രയായിരുന്നു. എങ്കിലും അഞ്ഞൂറ് ഡോളറില്‍ നൂറ് ഡോളര്‍ എടുത്തതിന് ശേഷം ബാക്കിതുക തിരികെ നല്‌കി അവനെ മോചിപ്പിച്ചതിനെ അത്ഭുതം എന്നല്ലാതെ മറ്റെന്താണ് വിളിക്കുക? അങ്ങനെയൊരു തോന്നല്‍ അവര്‍ക്കുണ്ടായതിന് എന്താവാം കാരണം? ഇ ന്നും ഹുസൈന് അതിന് ഉത്തരം കിട്ടിയിട്ടില്ല.
അവിടെ നിന്ന് സിറിയയിലേക്കാണ് ഹു സൈന്‍ പോയത്. കുരിശുധരിച്ച ഒരുവനെ അ വിടുത്തെ കോഫീ ഹൗസില്‍വച്ചാണ് ഹു സൈന്‍ കണ്ടു. അയാളോട് ഹുസൈന്‍ ആദ്യം ചോദിച്ചത് തനിക്കൊരു ബൈബിള്‍ തരാമോയെന്നായിരുന്നു. സത്യത്തില്‍ അയാള്‍ ഒരു ക്രിസ്‌ത്യാനിയായിരുന്നില്ല. എന്നിട്ടും ആവശ്യപ്പെട്ടതനുസരിച്ച് ഹുസൈന് അയാള്‍ ബൈ ബിള്‍ നല്‌കി. ജീവിതത്തില്‍ ആദ്യമായി ഉല്‌പത്തി മുതല്‍ വെളിപാടുവരെ ഹുസൈ ന്‍ വായിക്കാനാരംഭിച്ചു.
തുടര്‍ന്ന് ഹുസൈന്‍ ഈജിപ്‌റ്റിലേക്ക് യാത്രയായി. മറ്റൊരു ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഭൂതകാലം മറച്ചുവച്ച് പഠനം തുടര്‍ന്നു. ഖുറാനും ബൈബി ളും തമ്മിലുള്ള വിമര്‍ശനാത്മകമായ ഒരു താരതമ്യപഠനത്തിനാണ് ആ പതിനഞ്ച് മാസം ഹുസൈന്‍ വിനിയോഗിച്ചത്. പക്ഷേ ശത്രുക്കളെ സ്‌നേഹിക്കുക എന്ന ക്രിസ്‌തുവി ന്റെ പ്രബോധനം ദഹിക്കാനാവാ തെ ഉള്ളില്‍ അസ്വസ്ഥതയുണ്ടാക്കി. ശത്രുക്കളെ എങ്ങ നെയാണ് സ്‌നേ ഹിക്കാന്‍ കഴിയുകയെന്നത് എത്ര ആലോചിച്ചിട്ടും ഹുസൈന് മനസ്സിലായില്ല. കാരണം അവന്‍ വളര്‍ന്നുവന്ന ജീവിതസാഹചര്യവും മതപശ്ചാത്തലവും വ്യത്യസ്‌തമായിരുന്നുവല്ലോ. ഒന്നും രണ്ടും ദിവസമല്ല ഒമ്പതുവര്‍ഷമാണ് ഈയൊരു പ്രബോധനത്തിന്റെ പേരില്‍ ഹുസൈന്‍ ആത്മാവില്‍ ഭാരപ്പെട്ടത്.
ഹൂസൈനെ സംബന്ധിച്ച രഹസ്യം വീണ്ടും പുറത്തായി. തല്‍ഫലമായി അവന്‍ കോളജിന് വെളിയിലായി. കറാച്ചിയിലേക്ക് (പാക്കിസ്ഥാന്‍) ആയിരുന്നു പിന്നീട് യാത്ര. ആ ഏഴുവര്‍ഷം കഷ്‌ടപ്പാടുകളുടേതായിരുന്നു.``ആര്‍ക്കും സങ്കല്‌പിക്കാന്‍ പോലും കഴിയാത്തവിധമുള്ളത്'' എന്ന് ഹുസൈന്‍ ഓര്‍മ്മിക്കുന്നു. തുറസായ ഗ്രൗ ണ്ടിലായിരുന്നു ഉറക്കം. അലഞ്ഞുതിരിഞ്ഞു തിരിഞ്ഞുനടക്കുന്ന മൃഗങ്ങള്‍ പാതിരാത്രികളില്‍ അവനെ വന്ന് നക്കുകയും മണക്കുകയും ചെയ്‌തു. റോഡ് നിര്‍മ്മാണത്തിനായി കല്ലു ചുമക്കുകയായിരുന്നു കിട്ടിയ ജോലി. ഇത്തരത്തിലുള്ള നീണ്ട ദുരിതങ്ങള്‍ക്ക് ശേഷം ഒരു ചേരിയില്‍ കുടുസായ മുറികിട്ടി. ഗാ ര്‍മെന്റ് ഫാക്‌ടറിയിലായിരുന്നു ഇ ത്തവണ ജോലി.
തെരുവിലെ കാഴ്‌ചകള്‍ നിരീക്ഷിക്കുക ഹുസൈന്റെ പതിവായിരുന്നു. അ ത്തരമൊരു ദിവസമാണ് ഒരു സൈക്കിള്‍ റിപ്പയറുകാരനിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞത്. ഹുസൈ ന്റെ മുറിയുടെ ജാലകവാതില്‌ക്കായിരുന്നു റിപ്പയറുകാരന്‍ ജോലി ചെയ് തിരുന്നത്. പലപ്പോഴും മറ്റുള്ളവര്‍ അ യാളെ കബളിപ്പിക്കുകയും അടിക്കുകയും ചെയ്യുന്നതിന് ഹുസൈന്‍ സാ ക്ഷിയായി. പല തവണ ഒരേ കാഴ്‌ച കണ്ടപ്പോള്‍ ഒരു ദിവസം അവന്‍ അ യാളോട് ചോദിച്ചു
``നിങ്ങളിത്ര ഭീരുവാണോ.. എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് ഒരു അടി കിട്ടുമ്പോള്‍ പത്ത് അടിതിരിച്ചുകൊടുക്കണമെന്നാണ്. നിങ്ങളാവട്ടെ അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല ഒന്ന് എതിര്‍ക്കുക പോലും ചെയ്യാതെ അടി വാങ്ങിക്കൊണ്ടിരിക്കുന്നു. നിങ്ങളെന്തുതരം മനുഷ്യനാ ണ്...''
അപ്പോള്‍ അയാള്‍ പറഞ്ഞു. ``ഞാനൊരു ക്രിസ്‌ത്യാനിയാണ്. ഞാ നാരാധിക്കുന്ന എന്റെ ദൈവം പറഞ്ഞിരിക്കുന്നത് ശത്രുക്കളെ സ്‌നേഹിക്കണമെന്നാണ്. ഒരു കവിളത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കണമെന്നാണ്..''
വീണ്ടും അതേ വചനം. ഹുസൈന്‍ അത്ഭുതപ്പെട്ടു. ``പറഞ്ഞത് നിങ്ങള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കൂ..'' ഹുസൈന്‍ അപേക്ഷിച്ചു. സൈക്കിള്‍ റിപ്പയറുകാരന്‍ ആ വചനം ആവര്‍ത്തിച്ചതിന് ശേഷം തുടര്‍ന്നു. ``പരസ്‌പരം സ്‌നേഹിക്കണമെന്നാണ് ക്രിസ്‌തു പറഞ്ഞിരിക്കുന്നത്. വെറുക്കുന്നവരെ പോലും സ്‌നേഹിക്കുക.. ജനം തള്ളിപ്പറഞ്ഞിട്ടും ലോകം മുഴുവനെയും രക്ഷിക്കുവാനാണ് ക്രിസ്‌തു കുരിശുമരണം വരിച്ചത്..''
``ഇല്ല.. ക്രിസ്‌തു ക്രൂശിലേറിയിട്ടില്ല. ക്രിസ്‌തുവിന് പകരം യൂദാസാണ് കുരിശിലേറിയത്.'' ഹുസൈന്‍ വാദിച്ചു.
``ഇല്ല... ഇല്ല.. അത് യാഥാര്‍ത്ഥ്യമല്ല..'' റിപ്പയറുകാരന്‍ നിലവിളിച്ചു. ``യഥാര്‍ത്ഥത്തില്‍ കുരിശില്‍ കിടന്നുകൊണ്ടാണ് ശത്രുവിനെ സ്‌നേഹിക്കുകയെന്ന വലിയ പാഠം ക്രിസ്‌തു ലോകത്തിന് നല്‌കിയത്. പിതാവേ ഇവരോട് ക്ഷമിക്കണമേ.. എന്തുകൊണ്ടെന്നാല്‍ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല...''
ഈ വചനം ഇതിന് മുമ്പ് കേട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ഈ നിമിഷം അത് ഹൃദയത്തിലേക്ക് പുതിയൊരു രീതിയില്‍ പ്രവേശിക്കുന്നതായി ഹുസൈന് ബോധ്യപ്പെട്ടു. ദൂരങ്ങള്‍ താണ്ടി താന്‍ പോയിടത്തൊക്കെ തന്റെ വഴികളില്‍ വിളക്കുമരവും നിക്ഷേപവുമായി ഈ വചനം ദൈവം കരുതിവച്ചതിനെയോര്‍ത്ത് അയാള്‍ അ ത്ഭുതപ്പെട്ടു. ആ നിമിഷങ്ങളില്‍ ഹുസൈന് ഉറക്കെ കരയണമെന്ന് തോന്നി.
ആ സൈക്കിള്‍ റിപ്പയറുകാരന്റെ ലാളിത്യവും നിഷ്‌ക്കളങ്കതയും സത്യസന്ധതയും ഹുസൈനെ ആകര്‍ഷിച്ചു. വീണ്ടും കാണണമെന്ന് പറഞ്ഞാണ് അവരന്ന് പിരിഞ്ഞത്. അടുത്ത രണ്ടുവര്‍ഷത്തേക്ക് അവര്‍ പരസ്‌പരം കണ്ടുമുട്ടുകയും ബൈബിള്‍ പഠിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ``ദൈവം അയച്ച മാലാഖ'' ഹുസൈന്‍ അങ്ങനെയാണ് അയാളെ വിശേഷിപ്പിച്ചത്.
ഒടുവില്‍ ഹുസൈന്‍ തീരുമാനിച്ചു, ക്രിസ്‌ത്യാനിയാവുക. പക്ഷേ പാക്കിസ്ഥാന്‍ പോലെയുള്ള മുസ്ലീം രാജ്യത്ത് അത് പ്രോത്സാഹനജനകമല്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. താന്‍ ക്രിസ്‌ത്യാനിയായാലും അത് ആരെയും അസ്വസ്ഥപ്പെടുത്താത്ത ഇന്ത്യയിലേക്ക് പോകാനാണ് ഹുസൈന്‍ തീരുമാനിച്ചത്.
വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കും അവിടെ നിന്ന് ന്യൂഡല്‍ഹിയിലേക്കും ഹുസൈന്‍ യാത്രയായി. കാബൂളില്‍ നിന്നുള്ള സുഹൃത്തിനെ അവിചാരിതമായിട്ടാണ് ഹുസൈന്‍ കണ്ടുമുട്ടിയത്. സുഹൃത്ത് ഓടിവന്ന് ഹുസൈനെ കെട്ടിപ്പുണര്‍ന്ന് പിന്നെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വൈകുന്നേരം അവര്‍ രണ്ടാളും നടക്കാനിറങ്ങി. അപ്പോഴാണ് എതിര്‍വശത്തുനിന്ന് വന്ന രണ്ടുപേര്‍ അന്ന് നടക്കുന്ന സംഗീതപരിപാടിക്ക് അവരെ ക്ഷണിച്ചത്.
ക്ഷണം സ്വീകരിച്ച് ഹാളിലെത്തിയപ്പോള്‍ ഒരു ക്രൈസ്‌തവകൂട്ടായ്‌മയാണ് അവിടെ നടക്കുന്നതെന്ന് ഹുസൈന് മനസ്സിലായി. ഹിന്ദി ആയിരുന്നു സംസാരഭാഷ. ഭാഷ വശമില്ലാത്തതിനാല്‍ ഹുസൈന്‍ ഏറ്റവും പിന്നിലാണ് ചെന്നിരുന്നത്. പ്രസംഗകന്‍ ഹിന്ദി ബൈബിളെടുത്ത് വചനം പ്രഘോഷിച്ചു. ഹുസൈന് പിറ്റേന്ന് ഒരു ഇംഗ്ലീഷ് ബൈബിള്‍ സമ്മാനിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. ആ കണ്ടുമുട്ടല്‍ ഹുസൈന്റെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. ചര്‍ച്ചകളും പഠനങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമായി. സുവിശേഷപ്രസംഗം കേള്‍ക്കാനായി ഹൂസൈന്‍ പോയിത്തുടങ്ങി. ഒരു സുവിശേഷകന്‍ പറഞ്ഞു.`` നിങ്ങളില്‍ സ്‌നേഹമില്ലെങ്കില്‍ നിങ്ങളൊരിക്കലും ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം ദൈവം സ്‌നേഹമാണ്. നിങ്ങള്‍ മനസ്സിലാക്കേണ്ട അടിസ്ഥാന പ്രമാണമാണിത്..'' അദ്ദേഹം തുടര്‍ന്നു. ``നിങ്ങള്‍ക്കൊരിക്കലും തിന്മയെ തിന്മകൊണ്ട് ജയിക്കാന്‍ കഴിയില്ല. തിന്മയെ നന്മ കൊണ്ടേ കീഴടക്കാനാവൂ.. അനന്തരം യോഹന്നാന്റെ സുവിശേഷത്തിലെ മൂന്നാം അധ്യായം പതിനാറാം തിരുവചനം അദ്ദേഹം വായിച്ചു. ``...എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ നല്‌കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു...'' ക്രിസ്‌തു നിന്നെ സ്‌നേഹിച്ചില്ലായിരുന്നുവെങ്കില്‍ സ്‌നേഹിക്കപ്പെടുവാന്‍ മാ ത്രം നീ യോഗ്യനാവുകയില്ലായിരുന്നു.. ദൈവം തന്റെ പുത്രനെയാ ണ് ലോകത്തിന് സമ്മാനിച്ചത്..''
ദൈവം തന്നെ എത്രമാത്രമാണ് സ്‌നേഹിച്ചതെന്ന് ആ നിമിഷം ഹുസൈന് മനസ്സിലായി. വഴിതെറ്റി നടന്നിരുന്ന കുഞ്ഞാടായിരുന്നപ്പോഴും ക്രിസ്‌തു അവന്റെ സ്‌നേഹത്തില്‍ നിന്ന് തന്നെ ഒഴിവാക്കിനിര്‍ത്തിയിരുന്നില്ലെന്ന അറിവ് ഹുസൈന് വെളിപാടായി. ദൈവസ്‌നേഹത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഹുസൈന്‍ കരഞ്ഞു. നിര്‍ത്താത്ത, നിലയ്‌ക്കാത്ത കരച്ചില്‍.. ദേഹം അടിമുടി വിറകൊണ്ടു. തനിക്കെന്താണ് സംഭവിക്കുന്നതെന്ന് പോലും ഹുസൈന് മനസ്സിലായില്ല.
ദൈവസമ്മാനമായ കര്‍ത്താവും രക്ഷകനുമായ ഈശോമിശിഹായെ സ്വീകരിക്കാന്‍ സന്നദ്ധനാണോ, എങ്കില്‍ നീ കൈ ഉയര്‍ത്തുക..''
മൈക്കിലൂടെ ശബ്‌ദം കേട്ടു. ഹുസൈന്റെ കൈകള്‍ അറിയാതെ ഉയര്‍ന്നു. സമാധാനവും സന്തോഷവും തന്റെ ഹൃദയത്തില്‍ നിറയുന്നത് ഹുസൈന്‍ അറിഞ്ഞു. ആ നിമിഷം ഹുസൈന്‍ മറ്റൊന്നോര്‍ത്ത് അത്ഭുതപ്പെട്ടു.
ഹിന്ദി മാത്രം സംസാരിക്കുന്ന ഗ്രൂപ്പില്‍, ഹിന്ദി പ്രസംഗം കേട്ട് ആ ഭാഷ അറിയാത്ത താനെങ്ങനെ കൈ ഉയര്‍ത്തി? ഒരു കടങ്കഥപോലെ ഹുസൈന് അതനുഭവപ്പെട്ടു. അടുത്ത രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഹുസൈന്‍ നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടി. ക്രിസ്‌തുവിനെ അറിഞ്ഞപ്പോള്‍ മുതല്‍ ക്രിസ്‌തു എന്നെ അത്ഭുതകരമായി ഓരോന്നും പഠിപ്പിക്കുകയായിരുന്നു. നിരവധി ഭാഷകള്‍ പഠിക്കാന്‍ തനിക്ക് സാധിച്ചത് ക്രിസ്‌തു തന്നെ പഠിപ്പിച്ചതുകൊണ്ടാണെന്ന് ഹുസൈന്‍ വിശ്വസിക്കുന്നു.
ഇന്ന് ടെലിഇവാഞ്ചലിസ്റ്റായി യേശുവിന്റെ സന്ദേശം അനേകരിലെത്തിക്കുകയാണ് ഹൂസൈന്‍. അഫ്‌ഗാന്‍ ക്രിസ്‌ത്യന്‍ മീഡിയായുടെ പ്രൊഡ്യൂസറും എഡിറ്ററുമാണ് അദ്ദേഹം. 1996 ലാണ് ഇന്‍ര്‍നെറ്റിലൂടെയുള്ള സുവിശേഷവല്‌ക്കരണത്തിന് തുടക്കമിട്ടത്. 32 വൈബ്‌സൈറ്റുകളിലൂടെയും റേഡിയോയിലൂടെയും അദ്ദേഹം സുവിശേഷം അനേകരിലെത്തിക്കുന്നു. അഫ്‌ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ഇത് ലഭ്യമാണ്. വെബ്‌സൈറ്റിനെ ഹാക്കേഴ്‌സ് പലതവണ ആക്രമിക്കുകയും സേര്‍വറുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ദിവസവും പത്തിലധികം ഭീഷണിക്കത്തുകളും അദ്ദേഹത്തിന് ലഭിക്കുന്നു.
പക്ഷേ ഇവയ്‌ക്കൊന്നും ഹൂസൈന്‍ ആന്‍ഡറിയസിനെ തകര്‍ക്കാനായില്ല. കാരണം യേശു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധ വഴികളില്‍ പല രൂപത്തിലും ഭാവത്തിലും കാത്തുനിന്നിരുന്നു, തനിക്ക് സ്വന്തമാക്കാനായി...
Friday, 21 October 2011 13:55
`അവന്' വഴിവക്കില്‍ കാത്തു നിന്നിരുന്നു... Featured
Written by ബിജു സെബാസ്റ്റ്യന്‍
Read 1443 times
Published in
പ്രശസ്തരുടെ മാനസാന്തരങ്ങള്‍
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.