ഓര്‍മയുടെ ചെല്ലത്തില്‍ എന്നും സൂക്ഷിക്കാന്‍ ധാരാളം കാര്യങ്ങളുണ്ടെങ്കിലും നാമതു പലപ്പോ ഴും തുറക്കാറില്ല. അതു തുറന്നാല്‍ ദൈവത്തോ ടും മനുഷ്യരോടും നമ്മളെപ്പോഴും നന്ദിയുള്ളവരായിരിക്കും.
എന്റെ ഓര്‍മയില്‍നിന്ന് ഒരിക്കലും കെട്ടുപോകാത്ത ഒരു തിരിനാളമുണ്ട്. എന്റെ അയല്‍ക്കാരിയായ `അരീക്കാട്ടേല്‍ ചേടത്തി' എന്നു ഞങ്ങള്‍ വിളിക്കുന്ന ഏലിക്കുട്ടിച്ചേടത്തി. അയല്‍പക്കത്തെ കുട്ടികളെല്ലാം കളിക്കാനായി എന്നും കൂടിയിരുന്നത് ചേടത്തിയുടെ വീട്ടുമുറ്റത്തായിരുന്നു. അവിടെ ഞങ്ങള്‍ കല്ലു കളിക്കുകയും കോലു കളിക്കുകയും ഒറ്റക്കാലില്‍ ചാടുകയും ചെയ്‌തിരുന്നു. ഇരുപതിലേറെ കുട്ടികള്‍ അവിടെ ബഹളമുണ്ടാക്കി ഓടിക്കളിച്ചിരുന്നെങ്കിലും പാപ്പച്ചന്‍ ചേട്ടനോ ചേടത്തിയോ ഞങ്ങളെ വഴക്കു പറഞ്ഞിട്ടില്ല; അനിഷ്‌ടമായി ഒന്നു നോക്കുകപോലും ചെയ്‌തിട്ടില്ല. അടുക്കളയിലും കിടപ്പുമുറിയിലും തട്ടിന്‍പുറത്തും ഞങ്ങള്‍ സ്വാതന്ത്ര്യത്തോടെ ഓടിക്കളിച്ചു. കൂട്ടത്തില്‍ അടുക്കളയിലിരിക്കുന്നതൊക്കെ ഞങ്ങള്‍ എടുത്തു കഴിക്കുമായിരുന്നു!! അതുകണ്ട് ചേടത്തി ചിരിക്കും... നിഷ്‌ക്കളങ്കമായ ചിരി... അവിടെ ഞങ്ങള്‍ ജീവിതം ആഘോഷിക്കുകയായിരുന്നു. അവിടുത്തെ മൂത്തമകള്‍ ഗ്രേസിചേച്ചി കോളജില്‍ പടിക്കുകയാണന്ന്. ചേച്ചിയും ഒരിക്കലും ഞങ്ങള്‍ ഒച്ചയുണ്ടാക്കുന്നതിന് ദേഷ്യപ്പെട്ടിട്ടില്ല.
കശുവണ്ടിയുള്ള കാലത്ത്, എല്ലാ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ചേടത്തി ഞങ്ങള്‍ക്ക് അത് ചുട്ടുതരും. സ്വന്തം മക്കളെന്നോ അയല്‍പക്കത്തെ കുഞ്ഞുങ്ങളെന്നോ ആ അമ്മയ്‌ക്ക് ഒരു വ്യത്യാസവുമില്ലായിരുന്നു! ഒരമ്മയുടെ സാര്‍വത്രിക സ്‌നേഹത്തെപ്പറ്റി ചേടത്തി എന്നെ ഓര്‍മിപ്പിക്കുന്നു. ഞങ്ങള്‍ എന്തെങ്കിലും ആ വീട്ടി ല്‍നിന്ന് കഴിക്കാതെ പോന്നാല്‍ ചേടത്തിക്കു വിഷമമായിരുന്നു.
ആ പ്രദേശത്തു കശുമാവുള്ളത് അരീക്കാട്ടേല്‍ മാത്രമായിരുന്നു. മഞ്ഞക്കപ്പിലാവെന്നും ചുവപ്പന്‍ കപ്പിലാവെന്നും പടപ്പന്‍ കപ്പിലാവെന്നും ഞങ്ങള്‍ പേരിട്ട പത്തിലേറെ കശുമാവു വൃക്ഷങ്ങളുണ്ടായിരുന്നവിടെ!! ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഞങ്ങള്‍ കശുവണ്ടി പെറുക്കും. എത്രമാത്രം കശുവണ്ടി കിട്ടിയാലും അത് പെറുക്കിയവര്‍ക്കെല്ലാവര്‍ക്കുമായി പങ്കിടും; ഒരൊറ്റ കശുവണ്ടിപോലും സ്വന്തം മക്കള്‍ക്ക് ചേടത്തി കൂടുതല്‍ കൊടുക്കില്ല! ഒന്നോര്‍ക്കണം, അവരുടെ ഒരു വരുമാനമാര്‍ഗമായിരുന്നു കശുവണ്ടി. പക്ഷേ, ചേടത്തി അതു മുഴുവന്‍ ഞങ്ങള്‍ക്ക് തന്നിരുന്നു. അതുകൊണ്ടുചെന്നാല്‍ വീട്ടില്‍നിന്ന് ഞ ങ്ങള്‍ക്കു വഴക്കുകിട്ടും. എ ന്നാല്‍ ചേടത്തി നിര്‍ബന്ധി ച്ചു ഞങ്ങള്‍ക്ക് അതു തന്നുവിടും.
ചേടത്തി എന്നും നിറവിന്റെ വ്യക്തിയായിരുന്നു. തേങ്ങായും മാങ്ങായും ചക്കയുമൊക്കെ ആ പറമ്പില്‍ ധാരാളമുണ്ടായിരുന്നു. അതെല്ലാം കാലാകാലങ്ങളില്‍ അയല്‍ക്കാര്‍ക്ക് ചേടത്തി വീതം വച്ചുകൊടുത്തിരുന്നു. എല്ലാം കുട്ട നിറച്ചേ ചേടത്തി കൊടുക്കൂ... യാചകര്‍ക്കും അങ്ങനെ തന്നെ...!! ജീവിതത്തിനു നിറവുള്ള ഒരാള്‍ക്കേ അങ്ങനെ ചെയ്യാനാവൂ... ഈ അമ്മയെപ്പറ്റി ഓര്‍ക്കുമ്പോള്‍, സ്‌നേഹത്തിന്റെയും നിറവിന്റെയും പുഞ്ചിരിയുടെയും അമ്മയെന്നു വിളിക്കാന്‍ എനിക്കു തോന്നാറുണ്ട്.
ചേടത്തിയുടെ ഈ സ്വഭാവത്തിനു, പാപ്പച്ചന്‍ചേട്ടനും കാരണമായിരുന്നു.. അദ്ദേഹവും എല്ലാവരെയും സ്‌നേഹിച്ചിരുന്നു... പാപ്പച്ചന്‍ ചേട്ടന്‍ 1993 ല്‍ ദൈവസന്നിധിയിലെത്തി. ചേട ത്തി ഇന്നും നന്മയുടെ പ്രതീകമായി, സ്‌നേഹത്തിന്റെ നിറവായി ജീവിക്കുന്നു. സാര്‍വത്രിക മുഖമുള്ള ഈ അമ്മയുടെ മുന്നില്‍ കൂപ്പുകൈകളോടെ ഞാന്‍ നില്‍ക്കുന്നു... ദൈവമേ, ഇത്തരത്തിലുള്ള അമ്മമാര്‍ ധാരാളമുണ്ടാകട്ടെ.
Friday, 21 October 2011 11:43
നിറവിന്റെ അമ്മ Featured
Written by പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ
Read 326 times
Published in
നമുക്കിടയില്‍ ഒരാള്‍
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.