നല്ല മനുഷ്യരുടെ പുണ്യജീവിതമാണ് ദൈവസാന്നിധ്യത്തിന്റെ അടയാളം. അറിയാ ത്തവര്‍ക്കുവേണ്ടിപ്പോലും പൊഴിക്കാന്‍ നമുക്ക് ഒരു തുള്ളി കണ്ണീരുണ്ടാകണം. അത് വിശുദ്ധിയുടെ അടയാളമാണ്. ഡോണ
എന്ന ഈ മകള്‍ ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു തുരുത്താണ്.
വിശാലഹൃദയര്‍ക്കേ മറ്റു മനുഷ്യരുടെ ആവശ്യങ്ങളെയും വേദനകളെയും മനസിലാക്കാന്‍ സാധിക്കൂ. നല്ല മനുഷ്യനായി ജീവിക്കാന്‍ ഈ മനസിലാക്കല്‍ ആവശ്യമാണ്. കുറെക്കാലം ജീവിച്ച് ഒരു ജീവി ചത്തൊടുങ്ങുന്നതുപോലെ ഇല്ലാതാകാനാണോ നമുക്കീ ജീവിതം കിട്ടിയിരിക്കുന്നത്? നമ്മുടെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് ആനന്ദവും ആശ്വാസവും ഉണ്ടാകുമ്പോഴേ നമ്മള്‍ ഒരു ജീവിയെന്ന തലത്തില്‍നിന്നു മനുഷ്യനെന്ന തലത്തിലേക്കുയരൂ. ഇങ്ങനെയുള്ള മനുഷ്യരെയാണ് നമ്മള്‍ വിശുദ്ധര്‍ എന്നു വിളിക്കുന്നത്. അവരുടെ വിശുദ്ധിയുടെ ആഴംകൊണ്ടവര്‍ മറ്റുള്ളവരെ മനസിലാക്കുന്നു.
ഡോണ എന്ന നേഴ്‌സില്‍ ഞാന്‍ കാണുന്നത് ഈ മനസിലാക്കലാണ്. ആവശ്യക്കാരെ അകമഴിഞ്ഞു സഹായിക്കുന്ന ഈ പെണ്‍കുട്ടി നേഴ്‌സുമാരുടെ ജീവിതത്തിലെ നന്മകളെ നമുക്കു കാണിച്ചുതരുന്നു. ബാംഗ്ലൂരിലെ ഒരു പ്രൈവറ്റ് ആശുപത്രിയിലെ നേഴ്‌സാണു ദിയാ ഡോണ എന്ന ഈ കുട്ടി.
രോഗികളോട് അസാധാരണമായ കാരുണ്യവും സ്‌നേഹവും കാണിക്കുന്ന മാലാഖമാരെപ്പോലുള്ള ധാരാളം നേഴ്‌സുമാരുണ്ട് നമുക്കിടയില്‍. പക്ഷേ, പലര്‍ക്കും അവരെ മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നുമാത്രം! ഭീകരമായ രാത്രിയുടെ നിശബ്‌ദതയില്‍പ്പോലും ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്ന ഇവരുടെ ജീവിതമില്ലായിരുന്നെങ്കില്‍ നമുക്ക് എന്തു സംഭവിക്കുമായിരുന്നു!?
ഡോണയും ഇത്തരത്തില്‍പ്പെട്ട ഒരാള്‍തന്നെ. സ്റ്റീവന്‍ ജോണ്‍സന്‍സ് സിന്‍ഡ്രം എന്നൊരു രോഗം പിടിപെട്ട യുവാവ് ആശുപത്രിയിലെത്തി. സഹിക്കാനാവാത്ത വേദനയാണ് അസുഖത്തിന്; ശരീരത്തിലെ തൊലി പൊളിഞ്ഞുപോകുന്ന രോഗം, ശരീരത്തില്‍ എവിടെ തൊട്ടാലും തൊലി അടര്‍ന്നുപോകും. ഭയാനകമായ ഈ അസുഖമുള്ളയാളുടെ അടുത്തെത്താന്‍പോലും പല ഡോക്‌ടര്‍മാര്‍ക്കും ഭയമാണത്രേ! പിന്നെ നേഴ്‌സുമാരുടെ കാര്യം പറയാനുണ്ടോ?
ഇങ്ങനെയൊരവസ്ഥയിലാണ് ഡോണ ഈ രോഗിയുടെ അടുത്തെത്തിയത്. അസഹനീയമായ ദുര്‍ഗന്ധം. എങ്കിലും ആ രോഗിയെ നോക്കി അവള്‍ ചിരിച്ചു. വേദനയ്‌ക്കിടയിലും ആ ചെറുപ്പക്കാരനും ചിരിച്ചു. സിസ്റ്ററിന് അടുത്തുവരാന്‍ പേടിയില്ലേയെന്നവന്‍ ചോദിച്ചു. `പേടിയില്ല' എന്ന് ഡോണ പറഞ്ഞു. ആദ്യമായിട്ടായിരിക്കാം ഒരാളിങ്ങനെ പറയുന്നത്. ഡോണ അവനെ ആശ്വസിപ്പിച്ചു, ``സാരമില്ല, എപ്പോള്‍ വേണമെങ്കിലും എന്നെ വിളിച്ചോ... ഞാന്‍ വരാം.''
തൂങ്ങിക്കിടക്കുന്ന തൊലി രോഗി തന്നെ പറിച്ചുകളയുന്നതു കണ്ട് ഡോണ സഹായത്തിനെത്തി. അയാള്‍ സമ്മതിച്ചില്ലെങ്കിലും അവള്‍ അറപ്പുകൂടാതെ തൊലിയെല്ലാം നീക്കി വാത്സല്യത്തോടെ ശുശ്രൂഷിച്ചു; കൂടെ ഡോണയുടെ രണ്ടുമൂന്നു കൂട്ടുകാരികളും. തന്നോടു വെറുപ്പു തോന്നുന്നില്ലേയെന്നയാള്‍ ഇടയ്‌ക്കു ചോദിച്ചു. ഡോണ പറഞ്ഞു, ``ഇല്ല... താങ്കളെ ഞാന്‍ സ്‌നേഹിക്കുന്നു... എപ്പോഴും പ്രാര്‍ത്ഥിക്കുന്നുമുണ്ട്.'' അയാള്‍ ഉത്തരമായി പറഞ്ഞു, ``മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി, ഈ രോഗം ഭേദമാകില്ല, സിസ്റ്റര്‍...''
അടുത്ത ദിവസം അയാള്‍ മരിച്ചു. ഡോണയുടെ സാന്നിധ്യമുണ്ടായിരുന്നവിടെ. അന്ന് ഡോണ കരഞ്ഞത്രേ, ആ മനുഷ്യനെ ഓര്‍ത്ത്!!
നല്ല മനുഷ്യരുടെ പുണ്യജീവിതമാണു ദൈവസാന്നിധ്യത്തിന്റെ അടയാളം. അറിയാത്തവര്‍ക്കുവേണ്ടിപ്പോലും പൊഴിക്കാന്‍ നമുക്ക് ഒരു തുള്ളി കണ്ണീരുണ്ടാകണം. അത് വിശുദ്ധിയുടെ അടയാളമാണ്. ഡോണ എന്ന ഈ മകള്‍ ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു തുരുത്താണ്.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.