``ഒരു ഹിന്ദുവായിരുന്നു ഞാന്‍. ദൈവമാണ് എന്നെ ഒരു ക്രിസ്‌ത്യാനിയാക്കിയത്. ഇനി അഥവാ ആരെങ്കിലും എന്നെ ഒരു ക്രിസ്‌ത്യാനിയാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഞാനൊരിക്കലും ഒരു ക്രിസ്‌ത്യാനിയാവുകയില്ലായിരുന്നു. ദൈവത്തിന്റെ ചൈതന്യമാണ് എന്നെ ക്രിസ്‌ത്യാനിയാക്കിയത്. എന്റെ മതപ്പരിവര്‍ത്തനം ദൈവത്തിന്റെ മാത്രം ഉത്തരവാദിത്വമാണ്. മറ്റാര്‍ക്കും അതില്‍ പങ്കില്ല...''
രാമനെയും കൃഷ്‌ണനെയും ശിവനെയും ദൈവമായി ആരാധിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ അംഗമായിരുന്നു അവള്‍; കുസുമം. ഹൈന്ദവപ്രാര്‍ത്ഥനക ളും പൂജകളും ഒരിക്കലും അവിടെ മുടങ്ങിയിട്ടില്ല. ആചാരങ്ങളിലും മതാനുഷ്‌ഠാനങ്ങളിലും അവള്‍ പിന്നോട്ടുപോയിട്ടുമില്ല. എന്നിട്ടും വഴിമാറി നടന്ന് ക്രിസ്‌തു വഴിയെ സഞ്ചാരിക്കാനായിരുന്നു അവളുടെ നിയോഗം.
}
ഹൈന്ദവ ദൈവങ്ങളില്‍ ശിവനോടായിരുന്നു അവള്‍ക്ക് പ്രത്യേക താല്‌പര്യം. അ തിന് കാരണവുമുണ്ടായിരുന്നു. രാമന്റെ യോ കൃഷ്‌ണന്റെയോ നയന മനോഹരരൂപമല്ലല്ലോ ശിവന്റേത്. കപാലം കയ്യിലേന്തിയും പുലിത്തോല്‍ അരയില്‍ ചുറ്റിയും ജടാധാരിയായി കഴിയുന്ന ശിവനെ അധികമാര്‍ക്കും സ്‌നേഹിക്കാന്‍ കഴിയില്ലെന്ന് ആ ബാലിക വിചാരിച്ചു. ദൈവാരാധനയെക്കാളേറെ മാനുഷികമായ പരിഗണനയും സ്‌നേഹവുമായിരുന്നു അതിന്റെ പിന്നില്‍ ഉണ്ടായിരുന്നതെന്ന് കരുതുന്നതില്‍ തെറ്റില്ലെന്ന് പില്‌ക്കാലത്തെ ആ പെണ്‍കുട്ടിയുടെ ജീവിതത്തെ അപഗ്രഥിക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി സമൂഹം മാറ്റിനിര്‍ത്തിയിരിക്കുന്നവരോടുള്ള ഹൃദയസ്‌നേഹത്തിന്റെ ആദ്യസ്‌ഫുരണങ്ങളായിരുന്നു അപരിഷ്‌കൃതനായ ശിവനോടുളള അവളുടെ സ്‌നേഹത്തിന്റെ അടിസ്ഥാനം. കുസുമം എന്ന ആ പെ ണ്‍കുട്ടിയാണ് പില്‌ക്കാലത്ത് സിസ്റ്റര്‍ നി ര്‍മ്മല ജോഷിയും മിഷനറീസ് ഓഫ് ചാരിറ്റിയില്‍ മദര്‍ തെരേസയുടെ പിന്‍ഗാമിയുമായിത്തീര്‍ന്നത്.
``ഒരു ഹിന്ദുവായിരുന്നു ഞാന്‍. മറ്റാരുമല്ല ദൈവമാണ് എന്നെ ഒരു ക്രിസ്‌ത്യാനിയാക്കിയത്. ഇനി അഥവാ ആരെങ്കിലും എന്നെ ഒരു ക്രിസ്‌ത്യാനിയാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഞാനൊരിക്കലും ഒരു ക്രിസ്‌ത്യാനിയാവുകയില്ലായിരുന്നു. ദൈവത്തിന്റെ ചൈതന്യമാണ് എന്നെ ക്രിസ്‌ത്യാനിയാക്കിയത്. എന്റെ മതപരിവര്‍ത്തനം ദൈവത്തിന്റെ മാത്രം ഉത്തരവാദിത്വമാണ്. മറ്റാര്‍ക്കും അതില്‍ പങ്കില്ല...'' ഒരു അഭിമുഖത്തില്‍ സിസ്റ്റര്‍ നിര്‍മ്മല ജോ ഷി പിന്നീട് വ്യക്തമാക്കി.
ആര്‍മി ഓഫീസറായിരുന്നു കുസുമത്തിന്റെ പിതാവ്. നേപ്പാളില്‍ വേരുകളുള്ള ആ കുടുംബത്തിലെ പത്തുമക്കളില്‍ ഏറ്റവും മൂത്തവളായി ബീഹാറിലെ റാഞ്ചിയില്‍ 1934 ലായിരുന്നു ജനനം. ഏഴാം വയസില്‍ ക്രിസ്‌ത്യന്‍ മിഷനറിമാര്‍ നടത്തുന്ന ഒരു ബോര്‍ഡിംങ് സ്‌കൂളില്‍ മാതാപിതാക്കള്‍ അവളെ ചേര്‍ത്തു. അവിടെ വച്ചാണ് കുസുമം ആദ്യമായി `യേശുക്രിസ്‌തു' എ ന്ന പേര് കേള്‍ക്കുന്നത്. ആ വാക്ക് അവളുടെ ഹൃദയത്തില്‍ എവിടെയോ പതിച്ചു; അവള്‍ക്കതിന്റെ അര്‍ത്ഥമോ വ്യാപ്‌തിയോ മനസ്സിലായില്ലെങ്കിലും.
ഒരു ദിവസം അവള്‍ക്ക് എവിടെനിന്നോ ബൈബിള്‍ പുതിയ നിയമം കിട്ടി. അത് തുറന്നുനോക്കിയപ്പോള്‍ കുസുമത്തിന്റെ കണ്ണില്‍ തടഞ്ഞ വാചകം ഇതായിരുന്നു: `ഞാന്‍ വിനീതഹൃദയനും ശാന്തശീലനുമാകയാല്‍ എന്നില്‍ നിന്ന് പഠിക്കുവിന്‍.' എന്തോ ആ നിമിഷം ക്രിസ്‌തുവചനം ആത്മപ്രശംസപോലെയാണ് അവള്‍ക്കനുഭവപ്പെട്ടത്. എന്തൊരു അഹങ്കാരം! അവളുടെ മനം പറഞ്ഞു. അതുകൊണ്ട് അവള്‍ തുടര്‍ന്നുള്ള വചനങ്ങള്‍ വായിച്ചതുമില്ല.
ശിവരാത്രിയുടെ അവധിദിനത്തില്‍ ഡു റാന്റയിലെ പള്ളികോമ്പൗണ്ടിന് സമീപം കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്നു കുസുമം. അപ്പോഴാണ് കൈകള്‍ വിരിച്ചുപിടിച്ച് നില്‌ക്കുന്ന ക്രിസ്‌തുരൂപം കുസു മം കണ്ടത്. അത് അവളെ ആകര്‍ഷിച്ചു. കൗതുകത്തോടെ അവള്‍ ആ രൂപത്തിന് നേര്‍ക്ക് ചെന്നു. ആ രൂപത്തില്‍ നോക്കിനില്‌ക്കുമ്പോള്‍ തന്റെയുള്ളില്‍ എന്തോ മാറ്റം സംഭവിക്കുന്നത് അവള്‍ അറിഞ്ഞു.
പിന്നീട് പതിവ് വഴിയുപേക്ഷിച്ച് അവള്‍ ആ വഴിയെയാണ് സ്‌കൂളിലേക്കുള്ള യാത്രകള്‍ നടത്തിയത്. ക്രിസ്‌തുരൂപം ഒന്ന് നേരില്‍ കാണുന്നതിന് വേണ്ടി മാത്രമായിരുന്നു അത്. അത്രമാത്രം ക്രിസ്‌തുരൂപം അവളെ ആകര്‍ഷിച്ചുകഴിഞ്ഞിരുന്നു.
തുടര്‍വിദ്യാഭ്യാസത്തിന് വേണ്ടി പാറ്റ്‌നയില്‍ ചെന്നപ്പോള്‍ കത്തോലിക്കാ സിസ്റ്റേ ഴ്‌സ് നടത്തുന്ന ഹോസ്റ്റലിലായിരുന്നു കു സുമം താമസിച്ചിരുന്നത്.
``ഒരു വൈകുന്നേരമായിരുന്നുവത്..'' തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ച കഴിഞ്ഞകാല നിമിഷത്തെ സിസ്റ്റര്‍ നിര്‍മ്മല ജോ ഷി ഓര്‍മ്മിച്ചെടുത്തു.
``.. പെട്ടെന്ന് ഹോസ്റ്റലില്‍ നിന്ന് മണി മുഴങ്ങി. അത് കേട്ടയുടനെ എന്റെ റൂം മേറ്റ് മുട്ടുകുത്തി, കൈകള്‍ കൂപ്പി നിശ്ശബ്‌ദമായി പ്രാര്‍ത്ഥിച്ചുതുടങ്ങി. കത്തോലിക്കയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നവള്‍... എന്തിനു വേണ്ടിയാണ് മണി മുഴങ്ങിയതെ ന്ന് എനിക്കറിയില്ലായിരുന്നുവെങ്കിലും ആ സുഹൃത്തിന്റെ പ്രവൃത്തി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ആ ഒരു നിമിഷമായിരിക്കണം ക്രിസ്‌തു എന്റെ ജീവിതത്തില്‍ അടയാളങ്ങള്‍ പതിപ്പിച്ചുകൊണ്ട് ആദ്യമായി സ്‌പര്‍ശിച്ചത്...'' കുസുമത്തിന് പതിനേഴ് വയസായിരുന്നു അപ്പോള്‍.
``.. ക്രിസ്‌തുവിന് എന്നെ ദീര്‍ഘകാലത്തേ ക്ക് ആവശ്യമുണ്ടെന്നും പ്രത്യേകമായി അവിടുന്നെന്നെ വിളിക്കുന്നുണ്ടെന്നും ഞാ നറിഞ്ഞ നിമിഷമായിരുന്നുവത്. ക്രിസ്‌തു വ്യക്തിപരമായി എന്നോട് സംസാരിച്ചുതുടങ്ങി. ഞാന്‍ അവിടുത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിച്ചു.'' കുസുമത്തിന്റെ ക്രിസ്‌ത്വാന്വേഷണം അവിടെ ആരംഭിക്കുകയായിരുന്നു. വായനയും ധ്യാനവും ചിന്തകളും ആയി അത് നീണ്ടുപോയി.
പക്ഷേ പെട്ടെന്നൊരു തീരുമാനം എടുക്കാന്‍ കുസുമത്തിന് കഴിഞ്ഞില്ല. അവളത് ആഗ്രഹിച്ചിരുന്നുമില്ല. ആറുവര്‍ഷങ്ങളുടെ ധ്യാനവും ചിന്തയും പ്രാര്‍ത്ഥനയും അ തിന്റെ പിന്നിലുണ്ടായിരുന്നു. പതിനേഴാം വയസില്‍ ക്രിസ്‌തു തൊട്ട ആ ജീവിതം ക്രിസ്‌തുവിനെ സ്വന്തമാക്കും വരെ ആത്മസംഘര്‍ഷങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയതിന് ശേഷം സംഭവിച്ച അനിവാര്യതയായിരുന്നു. ആറര വര്‍ ഷങ്ങള്‍ക്ക് ശേഷമാണ് അത് സംഭവിച്ചതും.
കുസുമം തന്റെ ആത്മാവിന്റെ പ്രതിസന്ധികള്‍ ഒരു അമേരിക്കന്‍ ജസ്യൂട്ട് വൈദികനോട് പങ്കുവച്ചു. അദ്ദേഹമാണ് മദര്‍ തെരേസ എന്ന പ്രതിഭാസത്തെ കുസുമത്തിന് പരിചയപ്പെടുത്തുന്നത്. ഒരു നാള്‍ മദര്‍ തെരേസയുടെ കത്ത് കുസുമത്തെ തേടിയെത്തി. ദരിദ്രരെ സഹായിക്കുകയും അവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്യുക എന്നത് ജീവിതലക്ഷ്യമായി സ്വീകരിച്ച കുസുമം അതിന് വേണ്ടി നേപ്പാളിലേക്ക് യാത്രതിരിക്കാന്‍ നിശ്ചയിച്ച സമയത്തായിരുന്നു മദറിന്റെ കത്ത് വന്നത്. ``നീ നേപ്പാളിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഞാനറിഞ്ഞു. ആത്മാക്കള്‍ ബംഗാളിലും നേപ്പാളിലും ലോകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെയാണ്...''
``..വ്യവസ്ഥകള്‍ കൂടാതെ മിഷനറീസ് ഓഫ് ചാരിറ്റിയിലേക്ക് വരാന്‍ സന്നദ്ധയാണെങ്കില്‍ വരിക...'' മദര്‍ കൂട്ടിച്ചേര്‍ക്കാനും മറന്നില്ല.
ആ കത്ത് കുസുമത്തിന് ഒരു പ്രചോദനമായിരുന്നു. ദൈവമാണ് അതിലൂടെ സം സാരിച്ചതെന്ന് അവള്‍ വിശ്വസിച്ചു. പിന്നെ മടിച്ചില്ല, കുസുമം കല്‍ക്കട്ടയിലേക്ക് വണ്ടികയറി. ആദ്യമാത്രയില്‍ തന്നെ മദര്‍ തെരേ സ എന്ന വിശുദ്ധരൂപം കുസുമത്തിന്റെ ഹൃ ദയത്തില്‍ പതിഞ്ഞു. `രണ്ടാമത്തെ അമ്മ'യായി മദറിനെ അപ്പോള്‍ത്തന്നെ കുസുമം സ്വീകരിക്കുകയും ചെയ്‌തു. ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു യുവതിയുടെ അനിശ്ചിതത്വം കലര്‍ന്ന ചിന്തകളും വ്യാകുലതകളും മദര്‍ തെരേസ സഹിഷ്‌ണുതയോടെ കേട്ടു. ഒടുവില്‍ മദര്‍ പറഞ്ഞു: എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് വിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക.. എല്ലാം നിന്നെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് വിശ്വസിച്ച് പ്രവര്‍ത്തിക്കുക...''
1958 ഏപ്രില്‍ അഞ്ചിനായിരുന്നു കുസുമത്തിന്റെ മാമ്മോദീസ. ഇരുപത്തിനാല് വയസായിരുന്നു അപ്പോള്‍ കുസുമത്തിന്. അതേ വര്‍ഷം മെയ് 24-ന് മിഷനറീസ് ഓഫ് ചാരിറ്റിയില്‍ നിര്‍മ്മല എന്ന പേരു സ്വീകരിച്ച് കുസുമം അംഗമായി. പതിനേഴാം വയസില്‍ തുടങ്ങിയ ജീവിതപരിണാമത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ പരിസമാപ്‌തി.
``ഞാന്‍ ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയതിന് ദൈവത്തിന് നന്ദി...'' കൃതഞ്‌ജതാഭരിതയായി സിസ്റ്റര്‍ നിര്‍മ്മല ജോഷി കൈകള്‍ കൂപ്പുന്നു. പക്ഷേ ഒരു ഹൈന്ദവവിശ്വാസിയില്‍ നിന്ന് ക്രിസ്‌തുവിശ്വാസിയായി മാറിയപ്പോള്‍ ഉള്ളില്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു. സ്വന്തം കുടുംബത്തെയും പ്രിയജനങ്ങളെയും വിട്ടുപേക്ഷിച്ചുപോന്നതുകൊണ്ടുള്ള വേദനയായിരുന്നു അതില്‍ പ്രധാനം. അപ്പോഴും മദര്‍ തെരേസയാണ് സിസ്റ്റര്‍ നിര്‍മ്മലയ്‌ക്ക് ആശ്വാസമായി മാറിയത്. ``മൊത്തം ജീവിതത്തെക്കുറിച്ചോര്‍ ത്ത് തലപുകയ്‌ക്കരുത്. ഒരോ ദിവസത്തി നും മാത്രം വേണ്ട ആകുലതയോടെ ജീവിക്കാന്‍ ശ്രമിക്കൂ..'' അതായിരുന്നു മദറിന്റെ വാക്കുകള്‍.
മദര്‍ തെരേസയെ കാണുമ്പോഴോ സഭയില്‍ അംഗമാകുമ്പോഴോ കുസുമം നിയമബിരുദത്തിന് പഠിക്കുകയാണെന്ന കാര്യം മദര്‍ അറിഞ്ഞിരുന്നില്ല എന്നതാണ് കൗതുകകരം. അത് മനസ്സിലാക്കിയപ്പോഴാവട്ടെ സഭാവസ്‌ത്രസ്വീകരണത്തിന് ശേഷം 1961-ല്‍ നിയമപഠനത്തിനായി സിസ്റ്റര്‍ നിര്‍ മ്മലയെ കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയിലേക്ക് അയ്‌ക്കാനും മദര്‍ മറന്നില്ല. ദരിദ്രര്‍ക്ക് സൗജന്യനിയമസഹായം നല്‌കുക എന്ന ലക്ഷ്യമാണ് മദര്‍ തെരേസ സിസ്റ്റര്‍ നിര്‍മ്മലയിലൂടെ ഇതുവഴി സാധിച്ചെടുത്തത്. 1997-ല്‍ മദര്‍ തെരേസയുടെ പിന്‍ഗാമിയായി സിസ്റ്റര്‍ നിര്‍മ്മല ജോഷി തിരഞ്ഞെടുക്കപ്പെട്ടു. 2009 ജനുവരി 26-ന് രാഷ്‌ട്രം പത്മവിഭൂഷണ്‍ അവാര്‍ഡ് നല്‌കി സിസ്റ്റര്‍ നിര്‍മ്മലയെ ആദരിച്ചു. ഹൈന്ദവ പശ്ചാത്തലം ശുശ്രൂഷാമേഖലകളില്‍ സഹായമായി മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സിസ്റ്റര്‍ നിര്‍മ്മലയുടെ മറുപടി ഇതായിരുന്നു: എന്റെ കുടുംബപശ്ചാത്തലം എന്നെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഒരു ക്രിസ്‌ത്യാനിയായിത്തീരാന്‍ അത് വഹിച്ച പങ്ക് നിസ്സാരവുമല്ല. മാതാപിതാക്കളുടെ ആത്മീയജീവിതവും പ്രാര്‍ത്ഥനകളും എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷേ അവയെല്ലാം ക്രിസ്‌തുവിനെ സ്വീകരിക്കുവാന്‍ വേണ്ടിയുള്ള മുന്നൊരുക്കങ്ങളായിരുന്നു. ശിവനാണ് ക്രിസ്‌തുവിനെ എനിക്ക് തന്നത്. എന്റെ ജീവിതത്തിന്റെ പൂര്‍ണ്ണത എന്നുപറയുന്നത് ക്രിസ്‌തീയതയാണ്.
അനുബന്ധം: കുസുമത്തിന്റെ മതം മാറ്റത്തെ കുടുംബത്തിന് ആദ്യമൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നത് സത്യം. എങ്കിലും രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ തീരുമാനത്തെ മാതാപിതാക്കള്‍ അംഗീകരിക്കുകയും അവളുടെ ദൈവവിളിയില്‍ സന്തോഷിക്കുകയും ചെയ്‌തു. മാത്രവുമല്ല ചേച്ചിയുടെ മാതൃകയില്‍ ആകൃഷ്‌ടയായി ഇളയ സഹോദരി, സിസ്റ്റര്‍ മേരി തെരേസ എന്ന പേര് സ്വീകരിച്ച് കാര്‍മ്മലൈറ്റ് സന്ന്യാസിനിയായി. സ്വന്തം രാജ്യമായ നേപ്പാളും സിസ്റ്റര്‍ നിര്‍മ്മലയെ സ്വീകരിച്ചു. 2006 മെയ് വരെ ഒരു ഹൈന്ദവരാഷ്‌ട്രമായിരുന്ന നേപ്പാള്‍ സെക്കുലര്‍ രാജ്യമായി മാറിക്കൊണ്ട്, മിഷനറീസ് ഓഫ് ചാരിറ്റിക്ക് മഠം പണിയാന്‍ അനുവാദവും നല്‌കി.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.