വഴിതെറ്റി നടന്നതിന് ശേഷം ക്രിസ്‌തുവിലേക്ക് വഴിമാറി സഞ്ചരിച്ചതിന്റെ യാത്രാദൂരം ഒരു പക്ഷേ ഏറ്റവും ആദ്യമായും ശ്രദ്ധേയമായും അടയാളപ്പെടുത്തിയത് പൗലോസ് എന്നായിരിക്കും. സാവൂളില്‍ നിന്ന് പൗലോസിലേക്കുള്ള ആ യാത്ര പലകാലങ്ങളിലും പല ദേശങ്ങളിലുമായി പല വ്യക്തികളിലും സംഭവിച്ചിട്ടുണ്ട്. അക്രൈസ്‌തവര്‍ മാത്രമല്ല നിരീശ്വരവാദികളും അന്യമതവിശ്വാസികളും വരെ ഇപ്രകാരം ക്രിസ്‌തുവിനെ ആശ്ലേഷിച്ചിട്ടുണ്ട്. ഹിറ്റ്‌ലറുടെ അനുയായികളും ചലച്ചിത്രപ്രതിഭകളും മുതല്‍ സാധാരണക്കാര്‍ വരെ ആ നിര നീളുന്നു. അവരെക്കുറിച്ചുള്ള പരമ്പര...
ആധുനിക യുഗത്തിലെ ദാവീദായിരുന്നു അയാള്‍. മാങ്‌തി അല്ലാം. കല്ലിനും കവണയ്‌ക്കും പകരം തൂലികയും പത്രവുമായിരുന്നു അഭിനവ ഗോലിയാത്തുമാര്‍ക്ക് നേരെയുള്ള അയാളുടെ ആയുധങ്ങള്‍. അതിലൂടെ അയാള്‍ ഇസ്ലാം സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. ജന്മദേശമായ ഈജിപ്‌റ്റ്, സൗദി അറേബ്യ പോലെ ആക്കിത്തീര്‍ക്കുന്നതിനെതിരെയുള്ള മാങ്‌തിയുടെ അഭിപ്രായപ്രകടനങ്ങള്‍ ഒറ്റപ്പെട്ടതായിരുന്നു. പക്ഷേ മതസമൂഹത്തെ പിടിച്ചുകുലുക്കാന്‍ തക്ക കരുത്ത് അതിനുണ്ടായിരുന്നു. സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമീകരണത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ മതമൗലികവാദികളുടെ രോഷം ഏറ്റുവാങ്ങുന്നതുമായിരുന്നു. ഇറ്റലിയില്‍ മോസ്‌ക്ക് നിര്‍മ്മിക്കാനുള്ള തീരുമാനത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ കലാപസ്വരം മുസ്ലീം സമുദായത്തെ തന്നെ ഞെട്ടിച്ചുകളഞ്ഞു. ഇസ്രായേല്‍- പാലസ്‌തീന്‍ പ്രശ്‌നത്തിലും അദ്ദേഹത്തിന്റെ സ്വരം വേറിട്ടതായിരുന്നു. അങ്ങനെയാണ് മതമൗലികവാദികള്‍ക്ക് മാങ്‌തി അല്ലാം നോട്ടപ്പുള്ളിയായിത്തീര്‍ന്നത്.
ചുറ്റും പ്രശ്‌നങ്ങളുടെ തീ എരിയുമ്പോള്‍ തന്നെയായിരുന്നു, എരിതീയില്‍ എണ്ണ ഒഴിക്കും പോലെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ച അദ്ദേഹത്തിന്റെ പരസ്യ മാമ്മോദീസാ. പ്രശസ്‌ത പത്രപ്രവര്‍ത്തകനായ അദ്ദേഹത്തിന് മാമ്മോദീസാ നല്‌കിയത് മറ്റാരുമായിരുന്നില്ല. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധപിതാവ് ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയായിരുന്നു. 2008 മാര്‍ച്ച് 23 ഈസ്റ്റര്‍ രാത്രിയായിരുന്നു സവിശേഷമായ ആ സുദിനം. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള, മുതിര്‍ന്നവര്‍ക്ക് മാര്‍പാപ്പ മാമ്മോദീസാ നല്‌കുന്ന ആ ചടങ്ങില്‍ ഏഴുപേരിലൊരാള്‍ മാങ്‌തി അല്ലാം ആയിരുന്നു. അന്നുമുതല്‍ മാങ്‌തി അല്ലാം മാങ്‌തി ക്രിസ്റ്റ്യാനോ അല്ലാം ആയി. ബി.ബി.സി ഉള്‍പ്പടെ ലോകത്തിലെ ഒട്ടുമിക്ക ചാനലുകളും ആ മഹനീയ ദൃശ്യം പുറംലോകത്തിനായി പകര്‍ത്തി നല്‌കി.
1952 ല്‍ ഈജിപ്‌റ്റിലെ ഒരു മുസ്ലീം ഭവനത്തിലായിരുന്നു മാങ്‌തിയുടെ ജനനം. അമ്മ സഫിയ അഞ്ചുനേരം നിസ്‌ക്കരിക്കുകയും വ്രതാനുഷ്‌ഠാനങ്ങള്‍ അണുവിട ചലിക്കാതെ ജീവിതത്തില്‍ നടപ്പില്‍ വരുത്തുകയും ചെയ്‌തിരുന്ന ഒരു യാഥാസ്ഥിതികയായിരുന്നു. പക്ഷേ പിതാവ് മുഹമ്മദാകട്ടെ അത്തരം കടുംപിടുത്തങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കാത്ത വ്യക്തിയായിരുന്നു. അമ്മയോടുളള സ്‌നേഹമോ അമ്മയുടെ നിര്‍ബന്ധമോ ആയിരിക്കണം 1991-ല്‍ മെക്കയിലേക്ക് ഒരു തീര്‍ത്ഥാടനം നടത്താന്‍ മാങ്‌തിയെ പ്രേരിപ്പിച്ചത്. പക്ഷേ നാലാം വയസ് മുതല്‍ ക്രിസ്‌ത്യന്‍ സമൂഹവുമായി മാങ്‌തി പരിചയത്തിലായിരുന്നുവെന്നതാണ് സത്യം. അതിന് നിമിത്തമായത് അമ്മ തന്നെയായിരുന്നു. കോംബോനി സന്യസ്‌തസമൂഹത്തിലെ സിസ്റ്റര്‍ ലവിനിയായെ ആണ് അമ്മ മകന്റെ വിദ്യാഭ്യാസകാര്യത്തിലുള്ള ഉപദേശകയായി സ്വീകരിച്ചത്. ഇതിന് അമ്മയോട് മാങ്‌തി ആത്മകഥയില്‍ പ്രത്യേകം നന്ദി പറയുന്നുമുണ്ട്.
പിന്നീട് ഈജിപ്‌റ്റിലെ ഡോണ്‍ബോസ്‌ക്കോ കാത്തലിക്ക് ബോര്‍ഡിംങ് സ്‌കൂളില്‍ നടത്തിയ വിദ്യാഭ്യാസവും മാങ്‌തിയെ ഒരു ക്രിസ്‌ത്യാനിയാക്കിയതിന് പിന്നില്‍ ഒരു സ്വാധീനഘടകമായി.`` കത്തോലിക്കസഭ എന്താണെന്ന് നന്നായി അറിയുവാനും ഓരോ പുരുഷനും സ്‌ത്രീയും സഭയുടെ ഗര്‍ഭഗൃഹത്തില്‍വച്ചുതന്നെ ദൈവത്തെ സേവിക്കുവാനും ദൈവത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുവാനും തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുമുള്ള ബോധ്യം എനിക്കിവിടെ നിന്ന് ലഭിച്ചു..'' ബൈബിള്‍ വായിക്കുവാന്‍ അവസരമുണ്ടായതും ഇക്കാലത്താണ്. ക്രിസ്‌തുവിന്റെ ദൈവികവും മാനുഷികവുമായ മുഖമാണ് അവനിലേക്ക് മാങ്‌തിയെ അടുപ്പിച്ചത്.
പതിനഞ്ചാം വയസില്‍ വ്യക്തിപരമായ ചില കാരണങ്ങളാല്‍ ഈജിപ്‌റ്റില്‍ നിന്ന് ഇറ്റലിയിലേക്ക് മാങ്‌തിയ്‌ക്ക് കുടിയേറേണ്ടതായി വന്നു. നഗരമെങ്ങും നക്ഷത്രവിളക്കുകളാല്‍ പ്രശോഭിക്കുന്ന ഒരു ക്രിസ്‌മസ് രാത്രിയിലായിരുന്നു മാങ്‌തിയുടെ ഇറ്റലിവാസത്തിന് തുടക്കമായത്. ഇറ്റലിവാസമാണ് തന്നെ ഒരു ക്രിസ്‌ത്യാനിയാകാന്‍ പ്രേരിപ്പിച്ച മറ്റൊരു ഘടകമെന്ന് `കോണ്‍ക്വയറിംങ് ഫിയര്‍' എന്ന ആത്മകഥയില്‍ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.
റോമിലെ ലാ സാപ്പിയെന്‍സ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദം സമ്പാദിച്ച അദ്ദേഹം 1986 ല്‍ ഇറ്റാലിയന്‍ പൗരത്വം നേടി. ഒരു ക്രിസ്‌ത്യന്‍ യുവതിയെയാണ് മാങ്‌തി വിവാഹം കഴിച്ചത്. 1978 ല്‍ ഇറ്റലിയിലെ പ്രശസ്‌തമായ ലാ റിപ്പബ്ലിക്ക എന്ന പത്രത്തില്‍ ജോലി ചെയ്‌തുകൊണ്ടാണ് അദ്ദേഹം ഔദ്യോഗികവൃത്തി ആരംഭിച്ചത്.
തന്റെ മതപ്പരിവര്‍ത്തനത്തിന് പിന്നിലെ ഏറ്റവും സ്വാധീനഘടകം പരിശുദ്ധ പിതാവ് ബെനഡിക്‌ട് പതിനാറാമന്‍ ആയിരുന്നുവെന്ന് മാമ്മോദീസാ സ്വീകരണത്തിന് ശേഷം അദ്ദേഹം തുറന്നുപറഞ്ഞു. അലൗകികമായ ആനന്ദത്തിലും സന്തോഷത്തിലും നിറഞ്ഞുനിന്ന അദ്ദേഹം ഒരു ഇറ്റാലിയന്‍ ടിവിക്ക് നല്‌കിയ അഭിമുഖത്തില്‍ പറഞ്ഞത് മാനസാന്തരത്തിന് ശേഷം താന്‍ അത്യധികം ആനന്ദം ഉള്ളില്‍ അനുഭവിക്കുന്നു എന്നാണ്. `മിസ്റ്റിക്കല്‍ എക്‌സ്‌പീരിയന്‍സ്' എന്നാണ് മാമ്മോദീസാ സ്വീകരിച്ച നിമിഷത്തെ മാങ്‌തി വിശേഷിപ്പിച്ചത്. ``ക്രിസ്‌തുവിന്റെ ഉത്ഥാനം എന്ന അത്ഭുതം എന്റെ ആത്മാവില്‍ മാറ്റൊലികൊണ്ടു. അത് ഹൃദയത്തിലെ ഇരുള്‍ അകറ്റി. അസഹിഷ്‌ണുതയുടെയും വെറുപ്പിന്റെയും ഒരു ലോകത്തില്‍ വ്യത്യസ്‌തമായ ഒരു ചിന്താധാരയാണ് ക്രിസ്‌തു പകര്‍ന്നുനല്‌കിയത്. അത് അയല്‍ക്കാരനെ സ്‌നേഹിക്കാനും ആദരിക്കാനും പഠിപ്പിച്ചു...''
``ദൈവത്തിന് സ്വന്തമാവുക എന്നതായിരുന്നു എന്റെ ആവശ്യം..'' മാനസാന്തരാനുഭവത്തിന് തന്നെ പ്രേരിപ്പിച്ചതെന്ത് എന്നതിന് അദ്ദേഹം ഉത്തരം നല്‌കി. മാമ്മോദീസാ സ്വീകരണത്തിന് ശേഷം മുസ്ലീം മതമൗലികവാദികളുടെ ഭീഷണികള്‍ പലഭാഗത്തുനിന്നും അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. മാങ്‌തിയുടെ ശിരസിലൊഴിച്ച മാമ്മോദീസാ വെള്ളം പെട്രോളിന് തുല്യമാണ്. സംസ്‌കാരങ്ങളുടെ നാശത്തിന് തീ കൊളുത്തുകയാണ് അതിലൂടെ ചെയ്‌തത് എന്നായിരുന്നു ഒരു നിഷേധകാഭിപ്രായം.
``ഞാന്‍ മരിക്കാന്‍ തെല്ലും ഭയപ്പെടുന്നില്ല. കാരണം സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പാതയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്...ഞാന്‍ ശരിയാണെന്ന് എനിക്കറിയാം...'' വിമര്‍ശനങ്ങള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ ഒരു പത്രപ്രവര്‍ത്തകന്റെയും ക്രിസ്‌ത്യാനിയുടെയും ധീരതയോടെ മാങ്‌തി അറിയിച്ചു.
സത്യത്തോടും സ്വാതന്ത്ര്യത്തോടും ഉള്ള താല്‌പര്യമാണ് മാങ്‌തിയെ മതപ്പരിവര്‍ത്തനത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നതില്‍ തെറ്റില്ല. വളരെ പെട്ടെന്ന് എടുത്ത ഒരു തീരുമാനവുമായിരുന്നില്ല അദ്ദേഹത്തിന്റേത്. കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള മാങ്‌തിയുടെ യാത്രകള്‍ നീണ്ട അന്വേഷണങ്ങളുടെയും യാതനകളുടെയും പരിസമാപ്‌തിയായിരുന്നുവെന്ന് അനുമാനിക്കാവുന്നതേയുളളൂ. കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ അതിനെ സാധൂകരിക്കുന്നവയായിരുന്നു. താനുള്‍പ്പെടുന്ന മുസ്ലീം സമുദായത്തെ നിശിതമായി വിമര്‍ശിക്കുവാനും ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയെ സ്‌തുതിക്കുവാനും പരോക്ഷമായി ആ ലേഖനങ്ങളിലൂടെ മാങ്‌തി ശ്രമിച്ചിരുന്നുവെന്നത് ക്രിസ്‌തീയതയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയുടെ അടയാളമായിരുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു. ഇന്ന് ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപുരുഷനായ പത്രപ്രവര്‍ത്തകനാണ് മാങ്‌തി ക്രിസ്റ്റ്യാനോ അല്ലാം. രാഷ്‌ട്രീയനേതാവ് കൂടിയായ അദ്ദേഹം യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് 2009 ല്‍ തിരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷം നവംബറില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിക്കും അദ്ദേഹം രൂപം നല്‌കി.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.