വെള്ളിത്തിരയ്‌ക്ക് തിരശ്ശീലയിട്ട് ആവൃതിയുടെ നിശ്ശബ്‌ദതയിലേക്ക് മടങ്ങാന്‍ ഡോളേഴ്‌സ് ഹാര്‍ട്ടിനെ പ്രേരിപ്പിച്ചതിന് പിന്നില്‍ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്റെ വാക്കുകള്‍ കൂടിയുണ്ടായിരുന്നു. അണഞ്ഞുകിടന്ന തീനാളത്തെ ഒരു കാറ്റ് ഊതിയുണര്‍ത്തും പോലെയായിരുന്നു ആ വാക്കുകള്‍ ഡോളേഴ്‌സ് ഹാര്‍ട്ടിന്റെ ജീവിതത്തിന് മേല്‍ വീശിയത്. നടി ഡോളേഴ്‌സ് ഹാര്‍ട്ടില്‍ നിന്ന് മദര്‍ ഡോളേഴ്‌സ് ഹാര്‍ട്ട് ഒഎസ്‌ബിയിലേക്കുള്ള ജീവിതപരിണാമത്തിന്റെ അത്ഭുതകരമായ കഥ
വര്‍ഷം 1961
ഹോളിവുഡ് ചിത്രമായ `ഫ്രാന്‍സീസ് ഓഫ് അസ്സീസി'യുടെ ഷൂട്ടിംങ് റോമില്‍ നടക്കുകയാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ക്ലാരയായി ഡോളേഴ്‌സ് ഹാര്‍ട്ട് ആണ് അഭിനയിക്കുന്നത്. ചിത്രീകരണവേളയില്‍ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമനുമായി കണ്ടുമുട്ടുവാനും പരിചയപ്പെടുവാനും ഡോളേഴ്‌സ് ഹാര്‍ട്ടിന് സാധിച്ചു.
``ഞാന്‍ ഡോളേഴ്‌സ് ഹാര്‍ട്ട്''. അവള്‍ അഭിമാനത്തോടെ പരിചയപ്പെടുത്തി. പക്ഷേ പിതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, `` അല്ല, നീ ക്ലാരയാണ്..'' പ്രശസ്‌തിക്കും പണത്തിനും പിന്നാലെ പായുകയും ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്‌ത ഡോളേഴ്‌സ് ഹാര്‍ട്ടിന്റെ, അസ്വസ്ഥപൂര്‍ണ്ണ മായ ഹൃദയത്തിന്മേലാണ് ആ ഉത്തരം വീണത്. പരിശുദ്ധപിതാവ് തെറ്റായിട്ടായിരിക്കാം കേട്ടതെന്ന് വിചാരിച്ച് ഡോളേഴ്‌സ് ഹാര്‍ട്ട് വീണ്ടും പറഞ്ഞു. ``ഞാന്‍ ഡോളേഴ്‌സ് ഹാര്‍ട്ട്.. സിനിമയില്‍ ക്ലാരയായി അഭിനയിക്കുന്നു.'' അപ്പോഴും പിതാവ് പറഞ്ഞു. ``അല്ല നീ ക്ലാരയാണ്.''. ആ വാക്കുകള്‍ തന്റെ കാതുകളില്‍ തങ്ങിനില്‌ക്കുകയും അനേകം തവണ ആവര്‍ത്തിക്കുകയും ചെയ്‌തു എന്നാണ് പിന്നീട് കന്യാസ്‌ത്രീയായപ്പോള്‍ ഡോളേഴ്‌സ് ഹാര്‍ട്ട് പറഞ്ഞത്.
`ജീവിതം യൗവനതീക്ഷ്‌ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന ആ അസുലഭമുഹൂര്‍ത്ത' ത്തില്‍ അന്നേ വരെ ജീവിച്ചുപോന്ന ജീവിതത്തിന് പൂര്‍ണ്ണവിരാമമിട്ടുകൊണ്ട്, ആവൃതിയുടെ നിശ്ശബ്‌ദതയിലേക്ക് മടങ്ങാന്‍ ഡോളേഴ്‌സ് ഹാര്‍ട്ട് എന്ന ഹോളിവുഡ് നടിയെ പ്രേരിപ്പിച്ചതിന്റെ പിന്നിലെ ശക്തമായ ഒരു സ്വാധീനം ഒരുപക്ഷേ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്റെ ഈ വാക്കുകള്‍ കൂടിയായിരിക്കണം. അണഞ്ഞുകിടന്ന തീനാളത്തെ ഒരു കാറ്റ് ഊതിയുണര്‍ത്തുംപോലെയായിരുന്നു പിതാവിന്റെ വാക്കുകള്‍ ഡോളേഴ്‌സ് ഹാര്‍ട്ടിന്റെ ജീവിതത്തെ പുതുക്കിപ്പണിയാന്‍ നിമിത്തമായി മാറിയത്. അവിശ്വസനീയമെന്ന് തോന്നിക്കാവുന്ന ഒരു സിനിമാക്കഥപോലെയാണ് നടി ഡോളേഴ്‌സ് ഹാര്‍ട്ടില്‍ നിന്ന് മദര്‍ ഡോളേഴ്‌സ് ഹാര്‍ട്ട് ഒഎസ്‌ബിയിലേക്കുള്ള ജീവിതപരിണാമം.
പ്രൊജക്ഷനിസ്‌റ്റായ വല്യപ്പച്ചന്റെ കൂടെ സഹായിയായി പോയ കുട്ടിക്കാലം മുതല്‌ക്കാണ് ഭാവിയില്‍ എന്തായിത്തീരണം എന്ന വ്യക്തമായ ലക്ഷ്യം ആ പെണ്‍കുട്ടിക്ക് - ഡോളേഴ്‌സ് ഹിക്ക്‌സിന്- ലഭിച്ചത്. ഓരോ പന്ത്രണ്ടു മിനിറ്റ് കൂടുമ്പോഴും റീലു മാറ്റുന്നതിന് ഉറക്കം തൂങ്ങുന്ന വല്യപ്പച്ചനെ വിളിച്ചെണീല്‌പിക്കേണ്ട ജോലി അവളുടേതായിരുന്നു. നിഴലും വെളിച്ചവും മാറിമാറിക്കളിക്കുന്ന ആ അത്ഭുതലോകം അവളുടെ ആശയും പ്രതീക്ഷയുമായി മാറിയത് അങ്ങനെയാണ്. ``ഒരു നടിയായിത്തീരണം.'' ഏഴു വയസിനുള്ളില്‍ തന്നെ ഭാവിജീവിതത്തെക്കുറിച്ച് വ്യക്തമായ തീരുമാനം താന്‍ എടുത്തിരുന്നതായി അവള്‍ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിലെ ഏക ലക്ഷ്യം ഒരു സിനിമാതാരമായി മാറണം എന്നതുമാത്രമായിരുന്നു അവള്‍ക്ക്.. അവള്‍ക്കതിനുള്ള ആകാരഭംഗിയുമുണ്ടായിരുന്നു. ചുവന്നുതുടുത്ത കവിളുകളും നീലക്കണ്ണുകളുമുള്ള സുന്ദരിയായിരുന്നു അവള്‍. പോരാഞ്ഞ് അഭിനയം അവളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുമുണ്ടായിരുന്നു.
മാതാപിതാക്കളായ ബെര്‍ട്ട് ഹിക്ക്‌സും ഹാരിയറ്റ് ഹിക്ക്‌സും മികച്ച അഭിനേതാക്കളായിരുന്നു. വിവാഹജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുകയും യോജിച്ച് പോകാന്‍ കഴിയില്ലെന്ന് ഉത്തമബോധ്യം വരുകയും ചെയ്‌തപ്പോഴാണ് അവര്‍ രണ്ടാളും പിരിയുകയും ഏകമകളായ ഡോളേഴ്‌സ് ഹിക്ക്‌സ് വല്യപ്പച്ചന്റെ സംരക്ഷണയിലാവുകയും ചെയ്‌തത്. അങ്ങനെയാണ് ചലച്ചിത്രവും സിനിമാഭിനയവും അവളുടെ മനസ്സിന്റെ ആഗ്രഹമായി മാറിയത്.
ആഗ്രഹിച്ചതുപോലെയും പ്രാര്‍ത്ഥിച്ചതുപോലെയും ഡോളേഴ്‌സ് ഹിക്കിന്റെ ജീവിതത്തില്‍ സംഭവിക്കുകയായിരുന്നു. മേരി മൗണ്ട് കോളജില്‍ പഠിക്കുന്ന വേളയില്‍ `വിശുദ്ധ ജോവാന്‍' എന്ന നാടകത്തില്‍ അവള്‍ അഭിനയിക്കാനിടയായത് ഒരു തുടക്കമായിരുന്നു. തെക്കന്‍ കാലിഫോര്‍ണിയായിലെ സ്റ്റുഡിയോ മാനേജര്‍ അവളുടെ അഭിനയം ശ്രദ്ധിക്കാനിടയായി. അദ്ദേഹമത് പാരാമൗണ്ട് സ്റ്റുഡിയോയിലെ അസോഷ്യേറ്റ് പ്രൊഡ്യൂസറോട് പറഞ്ഞു. അസോഷ്യേറ്റ് പ്രൊഡ്യൂസര്‍ ഹാല്‍ വാലീസിന്റെ വിളി വരുമ്പോള്‍ അവസാന വര്‍ഷപ്പരീക്ഷയുടെ തിരക്കിലായിരുന്നു ഡോളേഴ്‌സ് ഹിക്ക്. അതുകൊണ്ട് അധ്യാപിക ആ കോള്‍ അറ്റന്റ് ചെയ്യാന്‍ പോലും സമ്മതിച്ചില്ല. അതിലെന്തോ മറിമായം ഉണ്ടെന്നായിരുന്നു അവരുടെ പക്ഷം. പക്ഷേ ഗേള്‍സിന്റെ ഡീന്‍ മദര്‍ ഗബ്രിയേല്‍ അവളെ പ്രോത്സാഹിപ്പിച്ചു. ഉച്ചസമയത്തായിരുന്നു ഇന്റര്‍വ്യൂ. ജീവിതലക്ഷ്യം എന്താണ് എന്ന ഹാല്‍ വാലീസിന്റെ ചോദ്യത്തിന് ഡോളേഴ്‌സിന്റെ മറുപടി ഉറച്ചതായിരുന്നു. ``ഒരു നടിയായിത്തീരണം.'' എല്‍വിസ് പ്രിസ്‌ലിയെ നായകനാക്കിക്കൊണ്ടുള്ള ഒരു സിനിമയ്‌ക്കായിരുന്നു പാരാമൗണ്ട് പദ്ധതിയിട്ടിരുന്നത്. അദ്ദേഹം ആരാണെന്ന് പോലും അപ്പോള്‍ ഡോളേഴ്‌സിന് അറിയില്ലായിരുന്നു. ഹോളിവുഡിലേക്കുള്ള ഡോളേഴ്‌സ് ഹിക്ക്‌സിന്റെ പ്രവേശനത്തിന് വാതിലുകള്‍ തുറന്നുകിട്ടുകയായിരുന്നു. ഡോളേഴ്‌സ് ഹാര്‍ട്ട് എന്ന പില്‌ക്കാല അഭിനേത്രിയുടെ ഉദയമായിരുന്നു അത്. അമ്മയുടെ ആഗ്രഹമനുസരിച്ചാണ് ഡോളേഴ്‌സ് ഹിക്ക്‌സ്, ഡോളേഴ്‌സ് ഹാര്‍ട്ട് എന്ന പേര് സ്വീകരിച്ചത്.
ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവള്‍ക്ക് പതിനെട്ട് വയസായിരുന്നു പ്രായം. ചിത്രത്തിന്റെ പേര് ലവിംങ് യൂ. ഹോളിവുഡിലെ ഉയര്‍ന്നുവരുന്ന താരം എന്ന നിലയില്‍ ചലച്ചിത്ര നിരൂപകരും പ്രേക്ഷകരും ഡോളേഴ്‌സ് ഹാര്‍ട്ടിനെ വിശേഷിപ്പിച്ചു. എല്‍വിസ് പ്രീസ്‌ലിയുമൊത്ത് കിംങ് കരോള്‍, കൂടാതെ, വേര്‍ ദ ബോയ്‌സ് ആര്‍, ഫ്രാന്‍സീസ് ഓഫ് അസ്സീസി, ലിസ... അഭിനയത്തില്‍ സജീവമായ പത്തുവര്‍ഷങ്ങള്‍. അവാര്‍ഡ്, പണം, പ്രശസ്‌തി, ആരാധകര്‍.. ഡോളേഴ്‌സ് ഹാര്‍ട്ടിന്റെ ജീവിതം ഭൗതികതയുടെ ആഴങ്ങളില്‍ മുങ്ങിത്താഴുകയായിരുന്നു. എന്നിട്ടും പേരറിയാത്തവിധത്തിലുള്ള നൊമ്പരങ്ങളും അസ്വസ്ഥതകളും അവളുടെ ഉള്ളില്‍ കരിമേഘംപോലെ പരന്നുകിടന്നിരുന്നു. അതിനെ തൂത്തെറിയാന്‍ എന്താണ് മാര്‍ഗ്ഗം? അവളുടെ ആത്മാവ് മറ്റെന്തിനോ വേണ്ടി ദാഹിക്കുകയും അത് അന്വേഷിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.
കത്തോലിക്കാ വിശ്വാസവുമായി ഡോളേഴ്‌സ് ഹാര്‍ട്ട് ചാര്‍ച്ചപ്പെടുന്നത് പത്താം വയസ് മുതല്‌ക്കാണ്. മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ് വല്യപ്പന്റെയും വല്യമ്മയുടെയും സംരക്ഷണയില്‍ വളരുമ്പോഴായിരുന്നു അതിന്റെ തുടക്കം. ബെവര്‍ലി ഹില്‍സില്‍ താമസിച്ചുവരവെ വീടിനടുത്തതും വാഹനങ്ങള്‍ കുറവുള്ളതുമായ ഒരു സ്‌കൂള്‍ എന്ന നിലയ്‌ക്കായിരുന്നു സെന്റ് ജോര്‍ജ് കാത്തലിക്ക് സ്‌കൂളില്‍ അവളെ ചേര്‍ത്തത്. അവിടുത്തെ വിദ്യാഭ്യാസം കത്തോലിക്കാ വിശ്വാസത്തിലേക്ക് അവളെ ആകര്‍ ഷിച്ചു. പക്ഷേ മാറിയ സാഹചര്യത്തില്‍ അവളിലെ കത്തോലിക്കാ വിശ്വാസം ആറിത്തണുത്തുപോയി. ഈ വിശ്വാസത്തെയാണ് ഡോളേഴ്‌സ് ഹാര്‍ട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുപിടിച്ചത്. ഡോളേഴ്‌സ് ഹാര്‍ട്ടിനെ ഇത്തരമൊരു പരിണാമത്തിലേക്ക് നയിച്ചതിന്റെ പിന്നിലെ ഒരു ഘടകം മരിയ കൂപ്പര്‍ എന്ന സുഹൃത്തായിരുന്നു. അവരാണ് പലവിധ കാരണങ്ങളാല്‍ അസ്വസ്ഥയായിരുന്ന ഡോളേഴ്‌സിനെ ഒരു ധ്യാനത്തിന് കൊണ്ടുപോയത്. ധ്യാനം അവളെ കുറെയൊക്കെ ശമിപ്പിച്ചു. എങ്കിലും അവയ്‌ക്ക് ഏറെ ദൈര്‍ഘ്യം ഉണ്ടായിരുന്നില്ല.
മറ്റൊരിക്കല്‍ ഡോളേഴ്‌സ് ഹാര്‍ട്ടിനെ ഒരു സുഹൃത്ത് ഒരു യാത്രയ്‌ക്ക് ക്ഷണിച്ചു. ഒരു കന്യാമഠത്തിലേക്കായിരുന്നു അത്. ``എനിക്കീ കന്യാസ്‌ത്രീകളെ തീരെ ഇഷ്‌ടമില്ല..'' അതായിരുന്നു ഡോളേഴ്‌സിന്റെ ആദ്യ പ്രതികരണം. എന്നിട്ടും അവള്‍ അവിടേയ്‌ക്ക് പോയി. അവിടെയെത്തിയപ്പോള്‍ മനസ്സിലുണ്ടായിരുന്ന മുന്‍വിധികള്‍ മാറിമറിയുന്നത് ഡോ ളേഴ്‌സ് അറിഞ്ഞു. ശബ്‌ദമയമായ ഒരു ലോകത്ത് നിശ്ശബ്‌ദമായി ജീവിക്കുന്ന കന്യാസ്‌ത്രീകള്‍.. അവരുടെ പ്രാര്‍ത്ഥനകള്‍.. ജീവിതരീതികള്‍.. അശാന്തമായ മനസ്സിനെ തണുപ്പിക്കുന്ന ഏതൊക്കെയോ ചില ഘടകങ്ങള്‍ അവിടെയുണ്ടെന്ന് ഡോളേഴ്‌സ് അറിഞ്ഞു. പോരും നേരത്ത് ഡോളേഴ്‌സ് ആശ്രമാധിപയോട് ചോദിച്ചു: എനിക്ക് ദൈവവിളിയുണ്ടോ സിസ്റ്റര്‍? മദറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ``നിന ക്ക് സിനിമയില്‍ ഒരുപാട് ഇനിയും ചെയ്യാനുണ്ട്. നീ അഭിനയിക്കാന്‍ പോകൂ.. മാത്രവുമല്ല നീ വളരെ ചെറുപ്പമല്ലേ..'' എന്നിട്ടും സമയം കിട്ടിയപ്പോഴൊക്കെ ഡോ ളേഴ്‌സ് ഹാര്‍ട്ട് ആ ആശ്രമം സന്ദര്‍ശിച്ചുകൊണ്ടിരുന്നു. ഒരു തീര്‍ത്ഥാടനം പോലെയായിരുന്നുവത്.
പ്രണയവും വിവാഹവും മനസ്സിന്റെ അസ്വസ്ഥതകള്‍ ശമിപ്പിക്കുന്ന ഘടകമാണെന്ന് ഒരു വിശ്വാസമുണ്ട്. ആ വിശ്വാസമാണ് ഡോണ്‍ റോബിന്‍സണ്‍ എന്ന ബിസിനസുകാരനുമായി പ്രണയത്തിലാകാ നും പിന്നീട് വിവാഹം കഴിക്കാനും ഡോളേഴ്‌സിനെ പ്രേരിപ്പിച്ചത്. 1963 ഫെബ്രുവരി 23 ന് വിവാഹം എന്നാണ് നിശ്ചയിച്ചത്. എട്ടു തവണ വേഷവിതാനത്തിന് ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ എഡിത്ത് ഹെഡ് ആയിരുന്നു ഡോളേഴ്‌സിന്റെ വിവാഹവസ്‌ത്രം ഒരുക്കിയത്. വിവാഹത്തിന്റെ ചുറ്റുവട്ടങ്ങള്‍ നടക്കുമ്പോള്‍ ഡോളേഴ്‌സ് `കം ഫ്‌ളൈ വിത്ത് മീ' എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ആ അവസരത്തിലാണ് ഹോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് ഡോളേഴ്‌സ് ഹാര്‍ട്ട് പ്രഖ്യാപിച്ചത്. ``ഞാന്‍ അഭിനയം അവസാനിപ്പിച്ച് മഠത്തില്‍ചേരാന്‍ പോകുന്നു..'' വാര്‍ത്തകേട്ട് ഞടുങ്ങാത്തവരില്‍ ഒരാളുണ്ടായിരുന്നു. ഡോണ്‍ റോബിന്‍സണ്‍. അദ്ദേഹത്തിന് എന്നോ മനസ്സിലായിരുന്നു, ഡോളേഴ്‌സിന്റെ വഴി മറ്റൊന്നാണെന്ന്... ഡോളേഴ്‌സിന്റെ ദൈവവിളി ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയും അയാള്‍ ആയിരുന്നു. അത്താഴമേശയ്‌ക്കലിരിക്കുമ്പോഴാണ് താനണിയിച്ച മോതിരം ഡോളേഴ്‌സ് അണിഞ്ഞിട്ടില്ലെന്നത് അയാള്‍ ശ്രദ്ധിക്കുന്നത്. ``നീയെന്നെ സ്‌നേഹിക്കുന്നുവോ,'' സ്‌നേഹത്തിന്റെ പേരിലുള്ള എന്നത്തെയും സംശയം റോബിന്‍സണും ചോദിച്ചു. ``തീര്‍ച്ചയായും ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു,'' അവള്‍ മറുപടി നല്‌കി. പിന്നെ ഒരുമിച്ചുള്ള യാത്രയ്‌ക്കിടയില്‍ അവള്‍ അദ്ദേഹത്തോട് മനസ്സ് തുറന്നു. ``എന്റെ ദൈവാന്വേഷണം ക്രിസ്‌തുവുമായുള്ള വിവാഹ ഉടമ്പടിയിലേ അവസാനിക്കൂ...'' ഡോളേഴ്‌സിനെ സാന്ത്വനിപ്പിച്ചും അവള്‍ക്ക് പിന്തുണ നല്‌കിയും റോബിന്‍സണ്‍ പറഞ്ഞു: ``എനിക്കറിയാമായിരുന്നു നിന്റെ വഴി ഇതാണെന്ന്.. എല്ലാ സ്‌നേഹബന്ധങ്ങളും അള്‍ത്താരയ്‌ക്ക് മുമ്പില്‍ ഒന്നാകേണ്ടതല്ല..''
ഡോളേഴ്‌സ് ഹാര്‍ട്ട് ബെനഡിക്‌ടന്‍ കന്യാസ്‌ത്രീമഠത്തില്‍ ചേര്‍ന്നു. റോബിന്‍സണ്‍ പിന്നീട് വിവാഹം കഴിച്ചതുമില്ല. എന്നിട്ടും എല്ലാവര്‍ഷവും ക്രിസ്‌മസിനും ഈസ്റ്ററിനും സമ്മാനങ്ങളും സഹായങ്ങളുമായി സിസ്റ്റര്‍ ഡോളേഴ്‌സ് ഹാര്‍ട്ടിനെ കാണാന്‍ അദ്ദേഹം എത്തിക്കൊണ്ടിരുന്നു.
സിസ്റ്റര്‍ ഡോളേഴ്‌സിന്റെ നിത്യവ്രതവാഗ്‌ദാനം 1970-ല്‍ നടന്നു. 2001-ല്‍ ആശ്രമാധിപയായി റവ. മദര്‍ ഡോളേഴ്‌സ് ഹാര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു. നാല്‌പത്തിമൂന്ന് വര്‍ഷത്തെ ആശ്രമജീവിതത്തിന് ശേഷം 2006-ല്‍ മദര്‍ ഡോളേഴ്‌സ് ഹോളിവുഡ് സന്ദര്‍ശിച്ചത് വിശേഷപ്പെട്ട ഒരു വാര്‍ത്തയായി മാധ്യമങ്ങള്‍ ആഘോഷിച്ചു. ഓസ്‌ക്കാര്‍ വോട്ടിംങ് മെമ്പര്‍ ആയ ഏക കന്യാസ്‌ത്രീ എന്ന ബഹുമതിയും മദര്‍ ഡോളേഴ്‌സിനാണ്.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.