ഭക്താനുഷ്‌ഠാനങ്ങളെ ധനാഗമമാര്‍ഗ്ഗങ്ങളും തീറ്റകുടിയുടെ അവസരവുമായി തരം താഴ്‌ത്തുന്ന പ്രവണത സുവിശേഷത്തിന്റെ അരൂപിക്ക് വിരുദ്ധമാണ്. സഭയിലെ അംഗീകൃതമായ ഭക്തകൃത്യങ്ങളില്‍ സംതൃപ്‌തരാകാതെ പുത്തന്‍ കര്‍മ്മങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ചില അജപാലകരെങ്കിലും അനാവശ്യമായ ഔത്സുക്യം പ്രകടിപ്പിക്കുന്നുണ്ടെന്നത് സത്യമാണ്. തുലാഭാരം, ചോറൂട്ട്, മക്കളുണ്ടാകാനായി ദേവാലയത്തില്‍ ഊഞ്ഞാലാടുക... തുടങ്ങിയ പല കര്‍മ്മങ്ങളും ക്രൈസ്‌തവരുടെയിടയില്‍ പുതുതായി രംഗപ്രവേശം ചെയ്‌തവയാണ്.
? ആത്മീയമായി നാം ഉയരണമെന്നും വളരണമെന്നും സഭ ആഗ്രഹിക്കുന്നു. എന്നാല്‍ നേരെതിരി ച്ച് സഭയുടെ ചില പരമ്പരാഗത ആഘോഷങ്ങള്‍ അ ന്ധവിശ്വാസത്തിലേക്കും അവിശ്വാസത്തിലേക്കുമല്ലേ വിശ്വാസികളെ നയിക്കുന്നത്. കേരളത്തിലെ ചില പുരാതന ദേവാലയങ്ങളില്‍ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന പല ചടങ്ങുകളും ആ ത്മീയതയെക്കാള്‍ ഉപരി ഭൗതികാകര്‍ഷണത്തിനും അനാചാരങ്ങള്‍ക്കുമല്ലേ മുന്‍തൂക്കം നല്‍കുന്നത്. ഉദാഹരണത്തിന് `കോഴിവെട്ട്' നടക്കുന്ന ഒരു പുരാതന ദേവാലയം നമുക്കുണ്ട്. കോഴിവെട്ടും മദ്യവും അക്രൈസ്‌തവര്‍ക്കിടയില്‍പ്പോലും സഭയെക്കുറിച്ചു ള്ള തെറ്റായ ധാരണയുണ്ടാക്കാനല്ലേ ഉപകരിക്കൂ. കഴുന്ന് (അമ്പ്) എഴുന്നള്ളിക്കല്‍, ശയനപ്രദക്ഷിണം, തുലാഭാരം, നിലവിളക്കു നേര്‍ച്ച ഇതൊക്കെയും സമൂഹത്തില്‍ എന്ത് ആത്മീയതയാണ് സൃഷ്‌ടിക്കുന്നത്. ഇത്തരം ചടങ്ങുകള്‍ അവസാനിപ്പിക്കാന്‍ കഴിയു മോ? അല്ലെങ്കില്‍ എങ്ങനെ ജനങ്ങളെ ഇത്തരം ഭൗ തികാകര്‍ഷണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ക ഴിയും?
- നിമ്മി ജോണ്‍, പടിപ്പുരയ്‌ക്കല്‍, എറണാകുളം
ഭക്താഭ്യാസങ്ങളെക്കുറിച്ചാണ് ചോദ്യം എന്നതിനാല്‍ ചില പദങ്ങളുടെ അര്‍ത്ഥക്ലിപ്‌തത അനിവാര്യമാണ്. ഭക്തി എന്നത് ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ ക്കു മുന്നില്‍ ഒരു വ്യക്തി പുലര്‍ത്തുന്ന ആദരവിന്റെ മനോഭാവമാണ്. ഇത് തികച്ചും വ്യക്തിപരമാണ്, എ ന്നാല്‍ ഭക്തിപ്രകടിപ്പിക്കാന്‍ സമാനമനസ്‌കരായ ഭക്തര്‍ അനുഷ്‌ഠിക്കുന്ന കര്‍മ്മങ്ങളാണ് ഭക്താഭ്യാസങ്ങളായി കരുതപ്പെടുന്നത്. ഭക്താഭ്യാസങ്ങള്‍ പ്രാ ദേശികവും സാമൂഹികപരവുമാണ്. പ്രാദേശിക ഭ ക്താനുഷ്‌ഠാനങ്ങളെ സാര്‍വ്വത്രീകരിക്കാനുള്ള ശ്രമം സഭയില്‍ പലപ്പോഴും ദൃശ്യമായിട്ടുണ്ട്. ഉദാഹരണം വേളാങ്കണ്ണി മാതാവിനോടുള്ള ഭക്തി വേളാങ്കണ്ണിയില്‍ മാത്രമായി ഒതുങ്ങുന്നില്ല (ലൂര്‍ദ്ദുമാതാവിന്റെ യും ഫാത്തിമാ മാതാവിന്റെയും കാര്യവും ഇതു ത ന്നെ). പോളണ്ടുകാരുടെ പ്രാദേശിക ഭക്തിയായിരുന്ന `കരുണയുടെ ഈശോ'യോടുള്ള ഭക്തി സാര്‍വ്വത്രീകരിക്കപ്പെടുന്നതും കഴിഞ്ഞ ദശകങ്ങളില്‍ നാം ക ണ്ടു. സഭയുടെ കൂദാശകളും ആരാധനക്രമവും സാ ര്‍വ്വത്രിക സ്വഭാവമുള്ളതും രക്ഷയുടെ അനിവാര്യവ്യവസ്ഥയുമാണ്. എന്നാല്‍ ഭക്തകൃത്യങ്ങളെ കൂദാശകള്‍ക്കു തുല്യമായോ ഉപരിയായോ പ്രതിഷ്‌ഠിക്കു ന്ന പ്രവണത തികച്ചും ആശാസ്യകരമല്ല.
ആദിമസഭയില്‍ ആരാധനാക്രമവും ഭക്തകൃത്യങ്ങളും തമ്മിലുള്ള സംതുലനം സാധ്യമായിരുന്നു. ആദിമസഭയുടെ ഭക്താനുഷ്‌ഠാനങ്ങളില്‍ പലതും പില്‍ക്കാലസഭയുടെ ആരാധനാക്രമത്തിന്റെ ഭാഗമായിത്തീര്‍ന്നു എന്നതും അനിഷേധ്യമായ വസ്‌തുതയാണ്. ആരാധനാനുഷ്‌ഠാനങ്ങളിലെ പ്രാദേശിക വ്യത്യാസങ്ങളാണ് അഞ്ചാം നൂറ്റാണ്ടോടെ വ്യത്യ സ്‌ത റീത്തുകളായി പരിണമിച്ചത് എന്നും നമുക്കറിയാം. എന്നാല്‍ കാലാന്തരത്തില്‍ ഭക്താനുഷ്‌ഠാനങ്ങളും ആരാധനാക്രമവും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവന്നു. ഈ അന്തരത്തിന് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ആരാധനാക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അജ്ഞത, ആരാധനാക്രമം പൂര്‍ണ്ണമായും പുരോഹിത മേധാവിത്വത്തിലായതിനാല്‍ പുരോഹിതാധിപത്യത്തിനെതിരേ വളര്‍ന്ന ചിന്താഗതികള്‍, വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തില്‍ - വിശിഷ്യ വെളിപാടുസാഹിത്യത്തിലെ അടയാളങ്ങളും പ്രതീകങ്ങളും വ്യാഖ്യാനിക്കുന്നതില്‍ - വന്ന വീഴ്‌ചകള്‍ തുടങ്ങിയവയാണ് ആരാധനാക്രമവും ഭക്താഭ്യാസങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധമാനമാക്കിയത്. മധ്യകാലത്തും മതനവീകരണകാലത്തും ഉദയം ചെയ്‌ത പല സന്യാസസഭകളും ചില ഭക്താനുഷ്‌ഠാനങ്ങളുടെ പ്രചാരകരായി മാറിയതോടെ ഭക്താനുഷ്‌ഠാനങ്ങള്‍ ആരാധനാക്രമത്തിനൊപ്പമോ അതിനുപരിയായോ പ്രാധാന്യമുള്ളതായി പരക്കേ അംഗീകരിക്കപ്പെട്ടു.
എല്ലാ ഭക്താനുഷ്‌ഠാനങ്ങളും സഭയുടെ ആരാധനാക്രമത്തിനു കീഴിലാണെന്നു മാത്രമല്ല അവയുടെ പരമമായ ലക്ഷ്യവും ആരാധനാക്രമമായിരിക്കണമെന്ന് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നുണ്ട് (SC 42). അതായത് വിശുദ്ധ കുര്‍ബാനയേക്കാള്‍ അനുഗ്രഹദായകമായി ഒരു നൊവേനയോ, വിശുദ്ധ കുമ്പസാരത്തേക്കാള്‍ അനുഗ്രഹീതമായ വിടുതല്‍ ശുശ്രൂഷയോ ആരും പ്രഘോഷിക്കാന്‍ പാടില്ല. എന്നാല്‍ വിശ്വാസികളുടെയിടയിലെ ഭക്താനുഷ്‌ഠാനങ്ങള്‍ പരിശുദ്ധാത്മ പ്രചോദനത്താല്‍ രൂപം കൊണ്ടവയാണെന്നും ഈ പ്രമാണ രേഖ സൂചന നല്‍കുന്നു (SC 43). തന്മൂലം വിശ്വാസികളുടെയിടയില്‍ നിലനില്‍ക്കുന്ന ഭക്താനുഷ്‌ഠാനങ്ങളില്‍ പലതും സഭയുടെ വിശുദ്ധ പാരമ്പര്യത്തിന്റെ ഭാഗമാണെ ന്ന് ഈ പ്രമാണരേഖ വ്യക്തമാക്കുന്നു.
ആരാധനയ്‌ക്കും കൂദാശകള്‍ക്കുമായുള്ള വിശ്വാസതിരുസംഘം 2001 ഡിസംബര്‍ 17 ന് പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖയില്‍ (Directory on Popular Piety and the Liturgy : Principles and Guidelines) ഭക്താനുഷ്‌ഠാനങ്ങളില്‍ അവശ്യം ഉണ്ടായിരിക്കേണ്ട മനോഭാവങ്ങളെക്കുറിച്ച് നല്‍കിയ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താഴെപ്പറയുന്നവയാണ്.
1) എല്ലാ ഭക്താനുഷ്‌ഠാനങ്ങളും കൗദാശിക ജീവിതത്തിലേക്കു നയിക്കുന്നവയായിരിക്കണം. നൊവേനകളും തിരുനാളാഘോഷങ്ങളും കുമ്പസാരത്തിനും വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തത്തിനും സഹായിക്കുന്ന വിധത്തിലാണ് ക്രമീകരിക്കേണ്ടത്. വിശുദ്ധ കുര്‍ബാന മുടക്കുന്നതില്‍ മടികാണിക്കാതെ നൊ വേനകള്‍ക്ക് ഓടിയണയുന്നത് ആരോഗ്യകരമായ പ്രവണതയല്ല.
2) ആരാധനാക്രമവത്സരത്തിന്റെ അരൂപിക്കു ചേര്‍ന്നവിധത്തിലാണ് തിരുനാളുകള്‍ ആഘോഷിക്കേണ്ടത്. വലിയനോമ്പോ വിശുദ്ധവാരമോ പ്രമാണിച്ച് ഇടവകത്തിരുനാള്‍ മാറ്റിവയ്‌ക്കാനാവില്ല എന്നു നിര്‍ബന്ധം പിടിക്കുന്നത് തെറ്റാണ്. കാരണം ക്രി സ്‌തുവിന്റെ പെസഹാ രഹസ്യത്തിന്റെ പ്രാധാന്യം കുറയ്‌ക്കുന്ന ഭക്താനുഷ്‌ഠാനങ്ങള്‍ക്ക് സഭയില്‍ യാതൊരു പ്രസക്തിയുമില്ല.
3) രക്ഷാകര രഹസ്യത്തിന്റെ സമഗ്രതയെ ഓരോ ഭക്താനുഷ്‌ഠാനവും പ്രതിഫലിപ്പിക്കണം. ഉദാഹരണമായി, ചില സ്ഥലങ്ങളിലെ ദുഃഖവെള്ളിയാഴ്‌ച ആചരണങ്ങള്‍ `ക്രിസ്‌തുവിന്റെ ഉത്ഥാനം' എന്ന പരമയാഥാര്‍ത്ഥ്യത്തെ വിസ്‌മരിക്കുംവിധം വൈകാരികവും ദുരന്തപര്യവസായിയുമായി പോകുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം.
4) പരിശുദ്ധ മറിയം, വിശുദ്ധര്‍, മരിച്ച വിശ്വാസികള്‍, തീര്‍ത്ഥാടന സ്ഥലങ്ങള്‍ എന്നിവയോടനുബന്ധിച്ച് സഭയില്‍ നിലനില്‍ക്കുന്ന വ്യത്യസ്‌തമായ ഭക്താനുഷ്‌ഠാനങ്ങള്‍ സുവിശേഷാരൂപിക്ക് അനുസൃതവും വിശ്വാസപോഷണത്തിനും സഭയുടെ കൂട്ടായ്‌മ (ആന്തരികമായ കൂട്ടായ്‌മയോടൊപ്പം ഇതര സഭാവിഭാഗങ്ങളോടും ഇതര മതസ്ഥരോടുമുള്ള കൂട്ടായ്‌മ) വളര്‍ത്തുന്നതിനും ഉപകരിക്കുന്ന രീതിയിലായിരിക്കണം.
ചോദ്യകര്‍ത്താവ് ഉന്നയിക്കുന്നതും കേരളസഭയില്‍ നിലനില്‍ക്കുന്നതുമായ ഭക്താഭ്യാസങ്ങളെ ഈ മാര്‍ ഗ്ഗരേഖയുടെ വെളിച്ചത്തില്‍ വിലയിരുത്തേണ്ടതാണ്. ഭക്താനുഷ്‌ഠാനങ്ങളെ ധനാഗമമാര്‍ഗ്ഗങ്ങളും തീറ്റകുടിയുടെ അവസരവുമായി തരം താഴ്‌ത്തുന്ന പ്രവണത സുവിശേഷത്തിന്റെ അരൂപിക്ക് വിരുദ്ധമാണ്. മദ്യപാനത്തിനോ കോഴിവെട്ടുന്നതിനോ നമ്മുടെ പരിശുദ്ധമായ ദേവാലയാങ്കണങ്ങള്‍ ഏതൊരു ആചാരത്തിന്റെ പേരിലാണെങ്കിലും ആരും ദുരുപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ അജപാലകര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
സഭയിലെ അംഗീകൃതമായ ഭക്തകൃത്യങ്ങളില്‍ സംതൃപ്‌തരാകാതെ പുത്തന്‍ കര്‍മ്മങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ചില അജപാലകരെങ്കിലും അനാവശ്യമായ ഔത്സുക്യം പ്രകടിപ്പിക്കുന്നുണ്ടെന്നത് സത്യമാണ്. തുലാഭാരം, ചോറൂട്ട്, മക്കളുണ്ടാകാനായി ദേവാലയത്തില്‍ ഊഞ്ഞാലാടുക... തുടങ്ങിയ പല കര്‍മ്മങ്ങളും ക്രൈസ്‌തവരുടെയിടയില്‍ പുതുതായി രംഗപ്രവേശം ചെയ്‌തവയാണ്. ഇവയില്‍ പലതിലും സാംസ്‌കാരികാനുരൂപണത്തിന്റെ അനുരണനങ്ങളുണ്ടെങ്കിലും അവ സുവിശേഷത്തിലൂടെ വെളിപ്പെടുന്ന സ്‌നേഹപിതാവായ ദൈ വത്തെ നിഷേധിക്കുന്നില്ലേ എന്ന സന്ദേഹം ഉദിക്കാം. വിശ്വാസപോഷണത്തിനു പകരം അന്ധവിശ്വാസങ്ങള്‍ വളര്‍ത്താതിരിക്കാന്‍ അജപാലകര്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്.
ഭക്താനുഷ്‌ഠാനങ്ങള്‍ സഭയുടെ കൂട്ടായ്‌മ വളര്‍ത്തു ന്നതായിരിക്കണം എന്ന നിര്‍ദ്ദേശവും ശ്രദ്ധാര്‍ഹമാണ്. ഇരുത്തന്മാര്‍ക്കും വരത്തന്മാര്‍ക്കും വ്യത്യസ്‌ത തിരുനാള്‍ ആഘോഷിക്കുന്നത് കൂട്ടായ്‌മയെ വളര്‍ ത്തുന്നതല്ല. തിരുനാളാഘോഷങ്ങളിലെ അമ്പെഴുന്നള്ളിപ്പിലെ മാത്സര്യ ബുദ്ധിയും തത്‌ഫലമായുള്ള കലഹങ്ങളും തിരുനാള്‍ ദിനങ്ങളിലെ ഗാനമേളകളിലും കലാപരിപാടികളിലും അനുഭവപ്പെടുന്ന അസ്വാരസ്യങ്ങളും കയ്യാങ്കളികളും എത്രയോ ഇടവകകളില്‍ ഒരിക്കലും മായാത്ത മുറിപ്പാടുകള്‍ സൃഷ്‌ടിച്ചിട്ടുണ്ട്! മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസ്സം സൃഷ്‌ടിക്കുന്ന പ്രദക്ഷിണങ്ങള്‍ സമൂഹത്തിന്റെ കൂട്ടായ്‌മ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ചെയ്യുന്നത്?
സുവിശേഷാരൂപി എന്നതിലൂടെ ലളിതവും അനാഡംബരപൂര്‍വ്വവും എന്ന അര്‍ത്ഥം കൂടിയുണ്ട് എന്ന് തിരുനാള്‍ ആചരണ കമ്മിറ്റികള്‍ ശ്രദ്ധിക്കണം എന്നുകൂടി മാര്‍ഗ്ഗരേഖ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ പാവപ്പെട്ടവരെ വിസ്‌മരിച്ച് അന്‍പതു ലക്ഷത്തിന്റെ വെടിക്കെട്ട് നടത്തുന്നത് തീര്‍ച്ചയായും സുവിശേഷാരൂപിക്ക് അനുസൃതമല്ല.
ഇതരമതസ്ഥരിലും അയല്‍ ഇടവകക്കാരിലും പോലും അസ്വസ്ഥത ജനിപ്പിക്കുന്ന ആഡംബരങ്ങള്‍ നമ്മുടെ തിരുനാളാഘോഷങ്ങളെ വിഴുങ്ങുന്നുണ്ട്. ഒപ്പമുള്ള പാവങ്ങളെ വിസ്‌മരിച്ചുകൊണ്ടു നടത്തുന്ന ധൂര്‍ത്തിന് ന്യായീകരണമില്ല. ചിലപ്പോഴെങ്കിലും നമ്മുടെ തിരുനാളുകള്‍ നാട്ടിലെ സമ്പന്നന്മാരുടെ പൊങ്ങച്ചത്തിനുള്ള മത്സരവേദിയായി മാറുന്നുണ്ട്. പ്രസുദേന്തിമാരായി രംഗപ്രവേശം ചെയ്യുന്ന പല പുത്തന്‍ മടിശ്ശീലക്കാരും മുന്‍പ്രസുദേന്തിമാരെ നിഷ്‌പ്രഭരാക്കാനുള്ള ചതുരുപായങ്ങള്‍ ആലോചിക്കുന്നവരാണ്.
ഇടവകതിരുനാളുകള്‍ ഇടവകജനത്തിന്റെ മുഴുവന്‍ കൂട്ടായ്‌മയുടെയും പങ്കുവയ്‌ക്കലിന്റെയും സഹകരണത്തിന്റെയും ആഘോഷമാണ്. അതിനെ സമ്പന്നര്‍ ഹൈജാക്ക് ചെയ്യാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തണം.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.